Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് അമേരിക്കൻ വിധേയത്വത്തിന്റെ പ്രകടനം', കേന്ദ്ര സർക്കാർ നിലപാടിനെ വിമർശിച്ച് പിണറായി വിജയൻ

രാജ്യത്ത് നടന്ന സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങവേ ഇറാനിയൻ കപ്പൽ ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാർ നടത്തിയ പ്രതികരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ അതിഥിയല്ല എന്നുളള കേന്ദ്ര പ്രതികരണം അമേരിക്കൻ വിധേയത്വത്തിന്റെ പ്രകടനം അല്ലാതെ മറ്റൊന്നല്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിലെ പ്രവാസി സമൂഹത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ശ്രദ്ധ ചെലുത്തണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനത്തിനായി രാജ്യം സജീവമായ നയതന്ത്ര ഇടപെടലുകൾ നടത്തണം എന്നും പിണറായി വിജയൻ വ്യക്തമാക്കി.

മുഖ്യമന്ത്രി പങ്കുവെച്ച കുറിപ്പ് വായിക്കാം: '' പശ്ചിമേഷ്യയിൽ രൂപപ്പെട്ടിരിക്കുന്ന സംഘർഷസ്ഥിതി അതീവ ആശങ്കാജനകമാണ്. അമേരിക്ക-ഇസ്രായേൽ അച്ചുതണ്ടിന്റെ തുടർച്ചയായ സൈനിക നടപടികളും അതിന് മറുപടിയായി ഉയരുന്ന ഇറാന്റെ പ്രത്യാക്രമണ ശ്രമങ്ങളും മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാക്കുകയാണ്. ഇത് ലോകസമാധാനത്തിനും അന്താരാഷ്ട്ര സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ്.

Pinarayi Vijayan

ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ സംഭവം അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭാ ചട്ടങ്ങളെയും വെല്ലുവിളിക്കുന്നതാണ്. രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ ഇത്തരം നടപടികളിലേക്ക് നീങ്ങുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും.

ഫെബ്രുവരി 25-ന് നമ്മുടെ രാജ്യത്ത് നടന്ന സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം മടങ്ങിക്കൊണ്ടിരുന്ന ഇറാനിയൻ യുദ്ധക്കപ്പൽ മാർച്ച് 4-ന് ആക്രമിക്കപ്പെടുകയും നിരവധി നാവികർ കൊല്ലപ്പെടുകയും ചെയ്ത സംഭവം അതീവ ഗൗരവകരമാണ്. നമ്മുടെ അതിഥികളായി എത്തി സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുത്ത കപ്പൽ ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ പോലും 'രാജ്യത്തിന്റെ അതിഥിയല്ല' എന്ന നിലപാട് സ്വീകരിച്ച കേന്ദ്ര സർക്കാരിന്റെ പ്രതികരണം പ്രതിഷേധാർഹമാണ്. അത് അമേരിക്കൻ വിധേയത്വത്തിന്റെ പ്രകടനം അല്ലാതെ മറ്റൊന്നല്ല.

നമ്മുടെ സമുദ്രമേഖലയ്ക്ക് സമീപം നടന്ന ഈ സംഭവം അന്താരാഷ്ട്ര മര്യാദകളുടെ ഗുരുതരമായ ലംഘനമാണ്. ഇന്ത്യൻ മഹാസമുദ്രത്തെ യുദ്ധക്കളമാക്കി മാറ്റുന്ന ഇത്തരം നടപടികൾ മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്നു. ഇത്രയും ഗൗരവമുള്ള വിഷയങ്ങളിൽ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ അദ്ദേഹം നയിക്കുന്ന കേന്ദ്ര സർക്കാരോ ഇതുവരെ വ്യക്തമായ പ്രതികരണം നടത്താത്തത് ശരിയായ സമീപനമല്ല.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഗൾഫ് മേഖലയിലാകെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. അവിടെ ഉപജീവനം കണ്ടെത്തുന്ന ലക്ഷക്കണക്കിന് കേരളീയ പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഇതിലൂടെ ബാധിക്കപ്പെടാം. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്ന പ്രവാസി സമൂഹത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ശ്രദ്ധ ചെലുത്തണം.

ഈ സാഹചര്യം കേരള സർക്കാർ ഗൗരവത്തോടെ വീക്ഷിക്കുകയാണ്. പ്രവാസി മലയാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നോർക്കയുടെ നേതൃത്വത്തിൽ ആവശ്യമായ ഏകോപനവും സഹായ സംവിധാനങ്ങളും സജ്ജമാക്കി വരുന്നു. ലോക കേരള സഭാംഗങ്ങൾ, വിവിധ പ്രവാസി സംഘടനകൾ, പ്രമുഖ വ്യക്തികൾ, വളണ്ടിയർമാർ എന്നിവർ അതാത് രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് സഹായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു.

ഗൾഫ് രാജ്യങ്ങളിൽ ലോക കേരള സഭ പ്രതിനിധികളുടെ നേതൃത്വത്തിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്കുകൾക്ക് എല്ലാ പ്രവാസി മലയാളി സംഘടനകളും യോജിച്ച സഹകരണമാണ് നൽകുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതികരണങ്ങൾ ഉയർന്നുവരുന്നുണ്ട്. സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഉൾപ്പെടെയുള്ള നേതാക്കൾ പശ്ചിമേഷ്യയിലെ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ അത്ഭുതകരമായ നിഷ്ക്രിയത്വമാണ് ഐക്യരാഷ്ട്രസഭയിൽ നിന്ന് കാണപ്പെടുന്നത്. ലോകത്ത് ഇത്തരം വിഷയങ്ങൾ ഉയരുമ്പോൾ സമാധാനം ഉറപ്പുവരുത്താൻ ഉത്തരവാദപ്പെട്ട ഐക്യരാഷ്ട്രസഭ തന്നെ അതിന്റെ അടിസ്ഥാന ലക്ഷ്യം മറക്കുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കുന്നത്.

സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ സമാധാനത്തിനും ചേരിചേരാ നയത്തിനും പ്രാധാന്യം നൽകിയ പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളത്. നിലവിലെ സംഘർഷം കൂടുതൽ വഷളാകാതെ തടയുന്നതിനും സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുമായി നമ്മുടെ രാജ്യം സജീവമായ നയതന്ത്ര ഇടപെടലുകൾ നടത്തണം എന്നാണ് യുദ്ധവെറി ഇല്ലാത്ത എല്ലാവരും ആഗ്രഹിക്കുന്നത്.

ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഭീതിജനകമായ വാർത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിക്കുന്നത് അനാവശ്യമായ ആശങ്കകൾ സൃഷ്ടിക്കാനിടയാക്കും. അതിനാൽ വിശ്വാസ്യതയില്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുകയും ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങൾ മാത്രം ആശ്രയിക്കുകയും ചെയ്യണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം അടിയന്തര ഇടപെടൽ നടത്തണം. അതിനായി നമ്മുടെ രാജ്യം സജീവമായ പങ്ക് വഹിക്കണമെന്നും ആവശ്യപ്പെടുന്നു''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+