ഫയല്‍ പരിശോധന പൂര്‍ത്തിയാക്കാതെ കസേര വിടരുത്.. എല്ലാം ശരിയാക്കാനുറച്ച് പിണറായി
തിരുവനന്തപുരം: നിയമപ്രശ്‌നങ്ങളില്ലാത്ത സാധാരണ ഫയലുകളൊന്നും 24 മണിക്കൂറില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ കയ്യില്‍ വയ്ക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ദിവസവും ലഭിക്കുന്ന ഫയലുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പരിശോധിച്ച് നടപടിയെടുക്കണം. ഇത് ഉറപ്പു വരുത്താതെ ഒരു ഉദ്യോഗസ്ഥനും കസേര വിടരുതെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് എല്ലാം ശരിയാകാന്‍ ഉദ്യോഗസ്ഥര്‍ അവരവരുടെ ജോലി കൃത്യമായി ചെയ്യണമെന്ന് പിണറായി ഓര്‍മിപ്പിച്ചത്.
സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ വരവും പോക്കുമെല്ലാം തോന്നിയപടിയാണ്. ട്രയിന്‍ സമയം കണക്കാക്കി നേരത്തെ സ്ഥലം വിടുന്ന ഉദ്യോഗസ്ഥന്മാരുണ്ട് സെക്രട്ടറിയേറ്റില്‍. ജോലി സമയം കഴിയാതെ സെക്രട്ടറിയേറ്റ് വിടരുതെന്ന് അധികാരത്തിലറിയ അന്ന് തന്നെ മുഖ്യമന്ത്രി കര്‍ശനം നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം.

താഴേ തട്ടില്‍ തീര്‍പ്പാക്കേണ്ട മിക്ക ഫയലുകളും സെക്രട്ടറിയേറ്റിലെത്തി കെട്ടികിടക്കുകയാണ്. സെക്രട്ടറിയേറ്റിലെ ചുവപ്പു നാട അഴിയാന്‍ നീണ്ട സമയമെടുക്കുന്നു. താഴെ തട്ടില്‍ എടുക്കേണ്ട തീരുമാനങ്ങളൊന്നും സെക്രട്ടറിയേറ്റിലോ വകുപ്പ് മേധാവികളുടെയോ മുന്നില്‍ കൊണ്ടുവരേണ്ടെന്നും മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്തൊക്കെ താഴെ തട്ടില്‍ തീരുമാനിക്കണം എന്തൊക്കെ കാര്യങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ മുന്നിലെത്തണം എന്നത് സംബന്ധിച്ച ഒരു പട്ടിക തയ്യാറാക്കാനാണ് പദ്ധതി. ഈ മാസം 18ന് മുമ്പായി ലിസ്റ്റ് തയ്യാറാക്കണമെന്നാണ് നിര്‍ദ്ദേശം. മിക്ക ഫയലുകളും അഞ്ചില്‍കൂടുതല്‍ ഉദ്യോഗസ്ഥര്‍ കണ്ടിട്ടാണ് ഇപ്പോള്‍ തീരുമാനമെടുക്കുന്നത്. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് പോലും കാല താമസമുണ്ടാവുകയാണ്. ഇത് പരിമിതപ്പെടുത്തി അധികാര വികേന്ദ്രീകരണം നടത്താനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം.
നിര്‍ദ്ദേശങ്ങളെല്ലാം 18ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. അന്ന് സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നാണ് വിവരം. സെക്രട്ടറിയേറ്റില്‍ എത്തുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഇനി കാല താമസം നേരിടേണ്ടി വരരുത്. താഴേതട്ടില്‍ തീരുമാനമെടുക്കേണ്ട കാര്യങ്ങള്‍ക്ക് സാധാരണക്കാരനെ ഇട്ട് ഓടിക്കരുതെന്നുമാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. എല്ലാം ശരിയാക്കാന്‍ സെക്രട്ടറിയേറ്റില്‍ നിന്ന് തന്നെ ശുദ്ധികലശം തുടങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍.












Click it and Unblock the Notifications