ജലീല്‍ കത്തയച്ച നടപടി ശരിയായില്ല; ബഷീറിന്‍റെ കേസില്‍ ഒരു വിട്ടുവീഴ്ച ഇല്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമം പത്രത്തിനെതിരായി യു എ ഇ കോണ്‍സുലേറ്റ് ജനറലിന് കത്തയച്ച മുന്‍ മന്ത്രി കെടി ജലീലിന്റെ നടപടിയെ പൂർണ്ണമായും തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്രത്തിനെതിരെ കെടി ജലീല്‍ അത്തരമൊരു കത്ത് അയക്കാന്‍ പാടില്ലായിരുന്നു. ഇപ്പോഴാണ് വിവരം അറിഞ്ഞത്. ഈ വിഷയത്തില്‍ ജലീലിനോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും എം എല്‍ എ നേരിട്ട് കണ്ട് വിഷയം സംസാരിക്കുമെന്നും അതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ സി പി എമ്മും നേരത്തെ കെടി ജലീലിനെ തള്ളിയിരുന്നു.
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെ സംബന്ധിച്ച ചോദ്യങ്ങളോടും മുഖ്യമന്ത്രി പ്രതികരിച്ചു. ബഷീര്‍ നമ്മുടെയെല്ലാം സുഹൃത്താണ്. ഇനിയും അത് തുടരും. കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. എന്നാല്‍, സര്‍ക്കാര്‍ സര്‍വ്വീസിന്‍റെ ഭാഗമായി ഇരിക്കുന്ന ഒരാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരും. അതിന്‍റെ ഭാഗമായി ചുമതല നല്‍കിയിരിക്കുകയാണ്. മറ്റ് കാര്യങ്ങളില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ എന്തെങ്കിലും വീഴ്ച വരുന്നുണ്ടോ എന്നാണ് നോക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓണത്തിന് 14 ഇനങ്ങളടങ്ങിയ കിറ്റ് നല്‍കുമെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി ജി എസ് ടി, കിഫ്ബി തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ രൂക്ഷമായ വിമർശനവും ഉയർത്തി. കേരളത്തില്‍ ഒട്ടാകെ മികച്ച ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി ഒരുക്കുന്നതിനും ദരിദ്ര കുടുംബങ്ങളില്‍ ഇന്‍റര്‍നെറ്റ് സൗജന്യമായി എത്തിക്കുന്നതിനും ലക്ഷ്യമിടുന്ന പദ്ധതിയാണ് കെ ഫോണ്‍ പദ്ധതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെഫോണ്‍) ഔദ്യോഗികമായി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) ലൈസന്‍സ് ലഭിച്ചിട്ടുള്ളത്. ഇതോടെ സ്വന്തമായി ഐഎസ്പി ലൈസന്‍സും ഇന്‍റര്‍നെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.
സര്‍ക്കാര്‍ സേവങ്ങള്‍ മിക്കവയും ഓണ്‍ലൈന്‍ സംവിധാനം വഴി ഇപ്പോൾ ലഭ്യമാണ്. ശക്തമായ കണക്റ്റിവിറ്റി സംവിധാനം ഉണ്ടെങ്കില്‍ മാത്രമേ ഇന്‍റര്‍നെറ്റ് സേവനം സുഗമമാകുകയുള്ളൂ . ഇവിടെയാണ് കെഫോണിന്‍റെ പ്രസക്തി വർധിക്കുന്നത്. ഇതുവഴി അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും ഓഫിസുകളിലും എത്തിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ പദ്ധതി സഹായകമാകും.
140 നിയോജക മണ്ഡലങ്ങളിലേയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 100 വീതം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് നല്‍കുന്നതിന് വേണ്ടിയുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ പേപ്പര്‍ രഹിതമാകുന്നത് ത്വരിതപ്പെടും. കൂടുതല്‍ വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഒരു ജനസൗഹൃദാന്തരീക്ഷം സര്‍ക്കാര്‍ ഓഫീസുകളിലുണ്ടാകാന്‍ ഇതുപകരിക്കും.
2022 ല്‍ യാത്ര ചെയ്യാവുന്ന ലോകത്തെ 50 സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും ഇടം നേടിയത് നമ്മുടെ സംസ്ഥാനതിന്‍റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. ടൈം മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് കേരളത്തെകുറിച്ച് പ്രത്യേകപരാമര്‍ശമുള്ളത്. ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലമാണ് കേരളമെന്നും ബീച്ചുകളും കായലും മലനിരകളും കേരളത്തിന്‍റെ ആകര്‍ഷണമാണെന്നും ടൈം മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കിയ കാരവന്‍ ടൂറിസവും വാഗമണ്ണിലെ കാരവന്‍ പാര്‍ക്കും പ്രത്യേകം മതിപ്പു പ്രകടിപ്പിച്ചുകൊണ്ട് പരാമര്‍ശിച്ചിട്ടുണ്ട്.
ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കോവിഡ് പ്രതിസന്ധികള്‍ കാരണം തകര്‍ന്നു കിടക്കുകയായിരുന്നു വിനോദ സഞ്ചാര മേഖല. കേരളത്തിന്‍റെ സമ്പദ്ഘടനയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വിനോദ സഞ്ചാര മേഖലയെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. 2022 ലെ ആദ്യപാദ കണക്കുകള്‍ അനുസരിച്ച് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications