'ഏത് വലിയ പ്രതിസന്ധിയെയും അതിജീവിച്ചവരാണ് നമ്മൾ, പ്രവാസികൾക്ക് ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം'
ഇറാൻ- ഇസ്രായേൽ, അമേരിക്ക യുദ്ധത്തിൽപ്പെട്ട് പ്രതിസന്ധിയിലായ ഗൾഫ് മലയാളികളെ പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം കേന്ദ്രവുമായി ചേർന്ന് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
പ്രവാസികൾ തങ്ങൾ താമസിക്കുന്ന രാജ്യത്തെ ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും അനാവശ്യ ഭീതി പടർത്തുന്ന കാര്യങ്ങൾ പങ്കുവെയ്ക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
''ഗൾഫ് നാടുകളിൽ ഉടലെടുത്ത പ്രതിസന്ധി വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും വിയർപ്പും അലിഞ്ഞുചേർന്ന നമ്മുടെ രണ്ടാമത്തെ വീടാണ് ഗൾഫ് നാടുകൾ. അവിടുത്തെ ഓരോ ചലനവും ഇവിടെ ഓരോ കുടുംബത്തിലും മലയാളികളുടെയാകെ മനസ്സിലും പ്രതിദ്ധ്വനി ഉണ്ടാക്കുന്നതാണ്. കേരളത്തിലെ ഓരോ വീട്ടിലും ഗൾഫ് നാടുകളുമായി ബന്ധപ്പെട്ട ഒരാളെങ്കിലും ഉണ്ടാകും എന്നത് അതിശയോക്തിയല്ല.

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിന്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം അറിയിക്കുകയാണ്. ആ നാടുകളിൽ സമാധാനവും സുസ്ഥിരതയും എക്കാലത്തും നിലനിൽക്കണമെന്നാണ് നമ്മളാഗ്രഹിക്കുന്നത്. മനുഷ്യത്വത്തിലും പരസ്പര ധാരണയിലും ഊന്നിയ വിവേകപൂർണ്ണമായ തീരുമാനങ്ങളിലൂടെ ഈ പ്രതിസന്ധികളെ മറികടക്കാൻ അവിടുത്തെ ഭരണാധികാരികൾക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
പ്രവാസി സഹോദരങ്ങളെ പ്രത്യേകമായി ചില കാര്യങ്ങൾ ഓർമ്മിപ്പിക്കട്ടെ. ജീവിക്കുന്ന രാജ്യത്തെ ഭരണാധികാരികളും പ്രാദേശിക ഭരണസംവിധാനങ്ങളും നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കാൻ എല്ലാവരും തയ്യാറാകണം. ഇന്ത്യൻ എംബസികളുമായും കോൺസുലേറ്റുകളുമായും നിരന്തരം ബന്ധപ്പെടാനും അവർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം സ്വീകരിക്കാനും ശ്രദ്ധിക്കണം. അടിസ്ഥാനരഹിതമായ വാർത്തകളും കിംവദന്തികളും വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. അനാവശ്യ ഭീതി പരത്തുന്നതൊന്നും സമൂഹമാധ്യമങ്ങൾ വഴിയോ അല്ലാതെയോ മറ്റുള്ളവരിലേക്ക് എത്തിക്കരുത്.
ഏത് വലിയ പ്രതിസന്ധിയെയും പരസ്പര സ്നേഹത്തോടെയും കരുതലോടെയും ഒന്നിച്ച് നിന്ന് അതിജീവിച്ചവരാണ് നമ്മൾ. ഈ സന്ദർഭത്തിലും ആ ഐക്യമാണ് വേണ്ടത്. പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട്. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് സാധ്യമായ എല്ലാ തലങ്ങളിലും സർക്കാർ ജാഗ്രതയോടെ ഇടപെടുന്നുണ്ട്. അത്യാവശ്യ സഹായങ്ങൾ ലഭ്യമാക്കാൻ നോർക്കയുടെ ഇടപെടൽ ഉണ്ട്. ഗൾഫ് നാടുകളിലെ ലോക കേരള സഭാംഗങ്ങൾ ഈ പ്രവർത്തനങ്ങളിൽ തുടർച്ചയായ ഇടപെടൽ നടത്തണമെന്നും അഭ്യർത്ഥിക്കുന്നു''.












Click it and Unblock the Notifications