ആർ എസ് എസ് അജണ്ട കേരളത്തിൽ നടക്കില്ല.. അമിത് ഷായോട് സഹതാപം.. പിണറായി ഫേസ്ബുക്കിൽ!
തിരുവനന്തപുരം: ബി ജെ പി ദേശീയ പ്രസിഡണ്ട് അമിത് ഷായ്ക്കെതിരെ കടുത്ത വാക് പ്രയോഗങ്ങളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അമിത് ഷായ്ക്കെതിരെ പിണറായി ശക്തമായ ഭാഷയിൽ രംഗത്ത് വന്നത്. കുളം കലക്കി മീൻ പിടിക്കാനുളള ബി ജെ പിയുടെ ശ്രമങ്ങൾ കേരളത്തിൽ വിലപ്പോകില്ല എന്ന മുന്നറിയിപ്പാണ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിൽ. പോസ്റ്റ് ഇങ്ങനെ -
അമിത് ഷായുടെ അമിതാവേശം അതിരുകടക്കുന്നു. ബിജെപി അധ്യക്ഷന്റെ മത-ജാതി-വിദ്വേഷ-ധനാധിപത്യ രാഷ്ട്രീയത്തിന് കേരളത്തിൽ ഇടമില്ല. അത് ബോധ്യപ്പെട്ടപ്പോഴാണ് പച്ചക്കള്ളങ്ങളും പ്രകോപനപ്പെരുമഴയുമായി അദ്ദേഹം ഇറങ്ങിയത്. ആ നൈരാശ്യവും ദയനീയാവസ്ഥയും മനസ്സിലാക്കാവുന്നതേയുള്ളു. കേന്ദ്ര ഭരണകക്ഷിയാണെന്നോ അതിന്റെ അധ്യക്ഷനാണെന്നോ ബോധമില്ലാതെ ആർ എസ് എസ് അജണ്ട കേരളത്തിന്റെ നെഞ്ചിൽ കുത്തിക്കയറ്റാനുള്ള അമിത് ഷായുടെ വിഫല മോഹത്തിൽ സഹതപിക്കുന്നു.

താങ്കൾ ഇന്ത്യ ഭരിക്കുന്ന കക്ഷിയുടെ അധ്യക്ഷനാണ്. രാജ്യത്ത് ജനാധിപത്യപരമായി പ്രവർത്തിക്കുന്ന മറ്റൊരു രാഷ്ട്രീയ കക്ഷിയായ സി പി ഐ എമ്മിന്റെ ഓഫീസിലേക്ക് അനുയായികളെ അണിനിരത്തി മാർച്ച് നയിച്ചത് ജനാധിപത്യ മര്യാദയുടെ ലംഘനമാണ്. താങ്കൾക്കുള്ള പ്രേരണ ആർ എസ് എസ് ആജ്ഞയോ അതിന്റെ ജനാധിപത്യ വിരുദ്ധ രാഷ്ട്രീയത്തോടുള്ള പ്രണയമോ? രണ്ടായാലും, ശ്രീ അമിത് ഷാ. ജനാധിപത്യത്തിന്റെ വിപരീത ദിശയിലാണ് താങ്കളുടെ സഞ്ചാരം. - പിണറായി വിജയൻ അവസാനിപ്പിക്കുന്നത് ഇങ്ങനെ.












Click it and Unblock the Notifications