Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണം കൊടുത്ത് ബിജെപിയുമായി ബന്ധം സ്ഥാപിക്കുന്നു; പിണറായിക്കെതിരെ വിഡി സതീശന്‍

കൊച്ചി: ബിജെപിയുമായുള്ള ബാന്ധവം തിരഞ്ഞെടുപ്പിന് മുന്‍പ് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ബ്രേക്ക് ഫാസ്റ്റ് നല്‍കിയത്. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഡിന്നര്‍ പരിപാടി പ്ലാന്‍ ചെയ്തതെന്നും അദ്ദേഹം പറവൂരില്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

മെയ് ആദ്യവാരം ഡല്‍ഹിയില്‍ ഉച്ചയൂണ് കൂടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ബ്രേക്ക് ഫാസ്റ്റ്- ലഞ്ച്- ഡിന്നര്‍ പരിപാടികള്‍ സംഘടിപ്പിച്ച് ബിജെപിയുമായുള്ള ബാന്ധവം ശക്തമാക്കാനുള്ള ശ്രമമാണ് പിണറായി വിജയന്‍ നടത്തുന്നത്. ഡിന്നറില്‍ നിന്നും ഗവര്‍ണര്‍മാര്‍ പിന്‍മാറിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സതീശന്‍ പറഞ്ഞു.

vd satheesan-panarayi vijayan

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. അദ്ദേഹം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് തെളിവുണ്ടെന്ന ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കാന്‍ ശ്രമിച്ചെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. അതുകൊണ്ടാണ് സിബിഐയോട് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചത്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ഗുരുതര ആരോപണം നേരിടുന്ന കെഎം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഇപ്പോഴും തുടരുന്നത് സംസ്ഥാനത്തിന് അപമാനമാണ്. ചീഫ് സെക്രട്ടറി പദവി ഉള്‍പ്പെടെ വഹിച്ചിട്ടുള്ള കെഎം എബ്രഹാം രാജിവച്ച് പുറത്തു പോകാന്‍ തയാറാകണം. അതിന് തയാറായില്ലെങ്കില്‍ അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണം. ലാവ്‌വിന്‍ കേസില്‍ സാക്ഷി ആയതു കൊണ്ടാണോ കെഎം എബ്രഹാമിനെ മുഖ്യമന്ത്രി ഭയപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പ്രധാനപ്പെട്ട ആളുകളുടെ പതിനായിരം സെക്കന്‍ഡ് കോള്‍ ഡാറ്റാ റെക്കോര്‍ഡ് കൈവശമുണ്ടെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ കെഎം എബ്രഹാം പറഞ്ഞത്. നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയെന്നാണ് അദ്ദേഹം സമ്മതിച്ചിരിക്കുന്നത്. ഫോണ്‍ ചോര്‍ത്തലാണോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ജോലി. ഫോണ്‍ ചോര്‍ത്തലിന്റെ പേരിലാണ് രാമകൃഷ്ണ ഹെഗ്ഡേ രാജിവച്ചത്.

ഫോണ്‍ ചോര്‍ത്തലിന് എതിരെ നിയമ നിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെടുന്ന സിപിഎമ്മിന്റെ പിബി അംഗം കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫോണ്‍ ചോര്‍ത്തിയത്. ഇതൊക്കെയാണ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം. പാചക തൊഴിലാളികള്‍ ഉള്‍പ്പെടെ ആര്‍ക്കും പണം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്നിട്ടാണ് നൂറു കോടിയില്‍ അധികം തുക മുടക്കി വാര്‍ഷികം ആഘോഷിക്കുന്നതെന്നും വിഡി സതീശന്‍ പരിഹസിച്ചു.

കടം കൂടിവരുന്നു, ആര്‍ഭാടം സര്‍ക്കാര്‍ നിര്‍ത്തണം

സംസ്ഥാനം കടക്കെണിയിലാണെന്നു പറയുന്നത് വികസന വിരോധികളാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 2016-ല്‍ 1.67 ലക്ഷം കോടി രൂപയായിരുന്ന കടം പത്ത് വര്‍ഷം കഴിയുമ്പോള്‍ ആറ് ലക്ഷം കോടി രൂപയായി വര്‍ധിച്ചു. ആശുപത്രികളില്‍ മരുന്നില്ല, സപ്ലൈകോയില്‍ സാധനങ്ങളില്ല, നെല്ല് സംഭരണത്തിന് പണം നല്‍കുന്നില്ല, സാമൂഹിക സുരക്ഷാ പെന്‍ഷനുകളും മുടങ്ങി. അഞ്ച് നയാപൈസ കയ്യില്‍ ഇല്ലാത്ത സര്‍ക്കാരാണ് വാര്‍ഷികം ആഘോഷിച്ച് ആര്‍ഭാടം നടത്തുന്നത്.

ഈ ആര്‍ഭാടം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. ആശാ വര്‍ക്കര്‍മാര്‍ സമരത്തിലാണ്. ഒരു കാലത്തും നടന്നിട്ടില്ലാത്ത തരത്തിലുള്ള പിന്‍വാതില്‍ നിയമനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഒഴിവുകള്‍ ഉണ്ടായിട്ടും പിഎസ്‌സി റാങ്ക് ലിസ്റ്റില് നിന്നും നിയമനം നടക്കുന്നില്ല. ഈ സാഹചര്യത്തില്‍ ആര്‍ഭാടം നിര്‍ത്താന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സേവനം നല്‍കാതെയാണ് പണം കൈപ്പറ്റിയതെന്ന് എസ്എഫ്‌ഐഒയോട് പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ മകള്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ വീണ വിജയന്‍ ഒരു സേവനവും നല്‍കാതെയാണ് പണം കൈപ്പറ്റിയതെന്ന് സിഎംആര്‍എല്‍ കമ്പനിയുമായി ബന്ധപ്പെട്ടവര്‍ മൊഴി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമല്ല. ഇന്‍കം ടാക്സില്‍ വന്ന ഒരു കേസുമായി ബന്ധപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ നാഷണല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പ്രേരിതമാണ്. അതുമായി മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ നടക്കുന്ന അന്വേഷണത്തെ കൂട്ടിക്കുഴയ്ക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ സ്ഥാനാര്‍ഥി?

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന അന്നു തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. മാധ്യമങ്ങള്‍ കോണ്‍ഗ്രസിനോട് മാത്രമെ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ചോദിക്കുന്നുള്ളൂ. എന്തുകൊണ്ടാണ് പിണറായി വിജയനോടും എംവി ഗോവിന്ദനോടും സിപിഎം സ്ഥാനാര്‍ത്ഥികളെ കുറിച്ച് ചോദിക്കാത്തത്? കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന അന്നു തന്നെ യുഡിഎഫിനുണ്ടാകും. അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ഉണ്ടോയെന്ന് സിപിഎം നേതാക്കളോട് മാധ്യമങ്ങള്‍ ചോദിക്കണം. അവരോട് ചോദിക്കാനുള്ള ചോദ്യങ്ങളൊന്നും മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നില്ല. കോണ്‍ഗ്രസിനോട് മാത്രമാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്.

എല്ലാ മേഖലകളിലും ലഹരി വ്യാപനമുണ്ട്. സിനിമരംഗത്തെ കുറിച്ച് നേരത്തെ തന്നെ ആരോപണമുണ്ട്. ലഹരി മരുന്ന് ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവരെ സിനിമയുമായി സഹകരിപ്പിക്കില്ലെന്ന് ഫെഫ്ക്കയും അമ്മയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ തീരുമാനിക്കണം. ചെറുപ്പക്കാരെ സ്വാധീനിക്കുന്ന റോള്‍ മോഡലുകളായ താരങ്ങള്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നവരാകരുത്. എവിടെ ലഹരി ഉപയോഗിച്ചാലും അവിടെയൊക്കെ പരിശോധന നടത്തണം. എന്‍ഫോഴ്സ്മെന്റില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നതാണ് പ്രശ്നം. വലിക്കുന്നവരെ പിടിച്ച് ജാമ്യത്തില്‍ വിട്ടിട്ട് കാര്യമില്ല. ലഹരി എത്തിക്കുന്നവരെ കണ്ടെത്തുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

ബിജെപി അധ്യക്ഷന്‍ മുണ്ട് തലയില്‍ കെട്ടിയാലും കുഴപ്പമില്ല

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുണ്ട് ഉടുത്താലും മുണ്ട് മടക്കിക്കുത്തിയാലും അത് അഴിച്ച് തലയില്‍ കെട്ടിയാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല. എന്നാല്‍ അദ്ദേഹത്തിന് സിനിമ ഡയലോഗ് പറഞ്ഞു കൊടുത്ത പിആര്‍ ഏജന്‍സികള്‍ പൊട്ടിക്കരഞ്ഞു കാണും. കാരണം അവര്‍ പറഞ്ഞു കൊടുത്തത് അദ്ദേഹം എങ്ങനെയാണ് പറഞ്ഞതെന്ന് എല്ലാവരും കണ്ടതാണ്. ലൂസിഫര്‍ സിനിമയില്‍ കണ്ടതിന് നേരെ എതിരായ കാര്യമാണ് ബിജെപി അധ്യക്ഷന്‍ അതേ ഡയലോഗ് പറഞ്ഞപ്പോള്‍ കണ്ടത്.

ഇത്രയും കഷ്ടപ്പെട്ട് പഠിപ്പിച്ചിട്ടും ആ ഡയലോഗ് അദ്ദേഹം എങ്ങനെയാണ് പറഞ്ഞതെന്ന് നിങ്ങളും കണ്ടതല്ലേ. അദ്ദേഹം എങ്ങനെ കുത്തിയാലും ഞങ്ങള്‍ക്ക് പ്രശ്നമില്ല. അദ്ദേഹം തെറി പറയുകയാണെങ്കില്‍ പറയട്ടെ. അദ്ദേഹത്തെ പഴയ ബിജെപിക്കാര്‍ തെറി പറയുന്നുണ്ട്. അതിന് അദ്ദേഹം തിരിച്ച് തെറി പറഞ്ഞോട്ടെ. ഞങ്ങളെ വിരട്ടാന്‍ വരേണ്ട.

കേരളത്തെ കുറിച്ചോ കേരള രാഷ്ട്രീയത്തെ കുറിച്ചോ പാരമ്പര്യത്തെ കുറിച്ചോ സാമൂഹിക ചുറ്റുപാടുകളെ കുറിച്ചോ കേരളത്തിലെ വഴികളെ കുറിച്ചോ അദ്ദേഹത്തിന് അറിയില്ല. 2006-ലും 2012 ലും പിന്‍വാതിലിലൂടെയാണ് അദ്ദേഹം രാജ്യസഭാ അംഗമായത്. 2018-ല്‍ വീണ്ടും രാജ്യസഭാ അംഗമാകുന്നതിന് മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ചേര്‍ന്ന് അഞ്ചാറ് കൊല്ലമെ ആയിട്ടുള്ളൂ. മലയാളത്തില്‍ തെറി പറയാന്‍ അറിയാമെന്നു പറയുന്ന ആള്‍ കേന്ദ്രമന്ത്രി ആയിരുന്നപ്പോള്‍ സംസ്ഥാനത്തിന് വേണ്ടി എന്താണ് ചെയ്തത്? അങ്ങനെയുള്ള ആളാണ് കേരളത്തെ കുറിച്ച് ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളെ പഠിപ്പിക്കാന്‍ വരുന്നത്. അദ്ദേഹം ഇങ്ങനെ തന്നെ പോയാല്‍ മതി എന്നും വിഡി സതീശന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+