Get Updates
Get notified of breaking news, exclusive insights, and must-see stories!

'നാട്ടിലെ നല്ല കാര്യങ്ങളും കാണാന്‍ കഴിയണം'; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം പ്രതിപക്ഷം ബഹിഷ്‌കരിച്ചതിനെതിരെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ നല്ല കാര്യങ്ങള്‍ നടക്കുന്നത് ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിന്റെ സമഗ്ര വികസനത്തിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ഇവയെയെല്ലാം തടസപ്പെടുത്തുന്ന സമീപനമാണ് ചിലര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാട്ടിലെ നല്ല കാര്യങ്ങളും കാണാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മറൈന്‍ ഡ്രൈവില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നാട്ടിലെ നല്ല കാര്യങ്ങളില്‍ സന്തോഷിക്കാത്തവരുണ്ട്. വികസനകാര്യങ്ങളിലെ വീഴ്ചകള്‍ വിമര്‍ശിക്കാം. വേഗതയില്ലായ്മയും പോരായ്മകളും വിമര്‍ശിക്കാം. അത് സര്‍ക്കാരിന്റെ കാര്യക്ഷമത ഉയര്‍ത്തും.

pinarayi

നിരവധി പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് കേരളം വലിയ രീതിയില്‍ മുന്നേറുകയാണ്. ജനങ്ങളുടെ ഐക്യം കൊണ്ടാണ് ഈ പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിഞ്ഞത്. 2016 മുതല്‍ 2021 വരെയുള്ള കാലം നിരവധി പ്രശ്നങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വന്നു. ജനങ്ങളെ വിഷമത്തില്‍ നിന്ന് കരകയറ്റുന്നതില്‍ നാട് വിജയിച്ചു.

അതിന് ജനങ്ങള്‍ നല്‍കിയ സാക്ഷ്യമാണ് തുടര്‍ഭരണം. ജനങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. സര്‍ക്കാര്‍ പൊതുവായ സര്‍ക്കാരാണ്. കക്ഷിരാഷ്ട്രീയം നോക്കിയല്ല വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മതനിരപേക്ഷതയുടെ കേളീനിലമാണ് കേരളം. വര്‍ഗീയ ശക്തികളോട് വീട്ടുവീഴ്ചയില്ലായ്മ നിലനിര്‍ത്തണമെന്നാണ് എല്ലാ ജനാധിപത്യവിശ്വാസികളുടെയും ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

25 വര്‍ഷത്തിനകം കേരളത്തെ ലോകത്തെ വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കാന്‍ കഴിയുക എന്ന ലക്ഷ്യത്തിനുതകുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നവകേരളം സാധ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി സമസ്ത മേഖലകളിലും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നു.

കാര്‍ബണ്‍ ന്യൂട്രലിന്റെ ഭാഗമായി കൊച്ചിയിലും തിരുവനന്തപുരത്തും 200 കോടി രൂപ ചെലവില്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കും. ആരോഗ്യരംഗത്ത് അവയവ മാറ്റ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. മെഡിക്കല്‍ ഉപകരണങ്ങളുടെ ഉത്പാദനം, മെഡിക്കല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണം എന്നിവയുടെ കേന്ദ്രമായി കേരളത്തെ മാറ്റും. ഇതിനായി കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം രൂപീകരിക്കും.

ബേക്കല്‍ മുതല്‍ കോവളം വരെയുളള ജലപാത ടൂറിസം രംഗത്തും വലിയ സാധ്യതകള്‍ നല്‍കും. ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് ഭൂമി ഏറ്റെടുക്കാന്‍ 300 കോടി രൂപ നീക്കിവച്ചു. ഇടുക്കി, വയനാട് , കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കും. ഓരോ എയര്‍ സ്ട്രിപ്പിനും 125 കോടി ചെലവ് പ്രതീക്ഷിക്കുന്നു. കോവളം, ആലപ്പുഴ, കുമരകം, കുട്ടനാട്, ബേപ്പൂര്‍, ബേക്കല്‍, കൊച്ചി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളെ ലോകോത്തര ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും. മൂന്നു വര്‍ഷത്തിനകം ഇത് യാഥാര്‍ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയും വായ്പയെടുക്കുന്നതിന് വലിയ തോതില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്യുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ക്കുളള പണം സമാഹരിക്കാന്‍ രൂപീകരിച്ച കിഫ്ബിയെയും തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കേരളത്തില്‍ 2016 മുതല്‍ 21 വരെ 62000 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. കിഫ്ബി വഴിയാണ് ഇതിനുളള തുക കണ്ടെത്തിയത്. 2021 മുതലുള്ള കാലഘട്ടത്തില്‍ 60000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതില്‍ 18000 കോടി രൂപയുടെ പദ്ധതികള്‍ ആരംഭിച്ചു. എന്നാല്‍ കിഫ്ബിയെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്.

കേരളത്തിലെ ദേശീയപാതാ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ 5500 കോടി രൂപ നല്‍കിയിട്ടുണ്ട്. ദേശീയ പാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം തുക 25% സംസ്ഥാന സര്‍ക്കാര്‍ നല്‍കി. കിഫ്ബി പണം ഉപയോഗിച്ചാണ് ഈ തുക നല്‍കിയത്. 6500 കോടി രൂപ ചെലവില്‍ തീരദേശ ഹൈവേ പദ്ധതി കിഫ്ബി വഴി നടന്നു വരുന്നു. 3500 കോടി രൂപ ചെലവില്‍ മലയോര ഹൈവേ പദ്ധതിയും പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+