മുദ്രാവാക്യം, മൈക്കില്‍ അപശബ്ദം, ഓഫാകുന്നു: ക്ഷണിച്ച് വരുത്തി അപമാനിക്കലെന്ന് പികെ ശ്രീമതി
കണ്ണൂർ: ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നുവെന്ന് പികെ ശ്രീമതി. അനുശോചനയോഗത്തിൽ കേരളത്തിൽ ഇന്നേവരെ യുണ്ടായ കീഴ് വഴക്കം തെറ്റിച്ച് അനുശോചനയോഗം രാഷ്ട്രീയവൽക്കരിച്ച കോൺഗ്രസ് നേതൃത്വത്തിൽ ചിലർ കാണിച്ച മാന്യതയും മര്യാദയില്ലായ്മയേക്കുറിച്ച് ചർച്ച ചെയ്യുന്നതിനു പകരം മൈക്ക് പണിമുടക്കിയ സംഭവങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയാണ് പല മാദ്ധ്യമങ്ങളുമെന്നും സിപിഎം നേതാവ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു.
പികെ ശ്രീമതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
അനുശോചനയോഗത്തിൽ ക്ഷണിച്ച് വരുത്തിയവർക്ക് നേരെ കുത്തു വാക്കുകൾ കൊണ്ട് അഭിഷേകം നടത്തുക. ; ഉദ്ഘാടകനായി കോൺഗ്രസ് നേതൃത്വം തന്നെ നിശ്ചയിച്ച് ക്ഷണിച്ചെത്തിയ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ അതു വരെ നിശബ്ദരായിരുന്ന സദസ്യരിൽ കുറേപേർ ഉറക്കെ യുറക്കെ മുദ്രാവാക്യം വിളിക്കുക , സ്റ്റേജിലുള്ള നേതാക്കളിൽ ചിലർ എഴുനേറ്റ് മുഖ്യമന്ത്രി സംസാരിക്കുന്ന മൈക്ക് തിരിച്ച് പിടിച്ച് അണികളോട് ശാന്തരായിരിക്കാൻ പറയുന്നു.

കഴിഞ്ഞില്ല, മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങി. മൈക്ക് അപശബ്ദമുണ്ടാക്കുന്നു, ഓഫാകുന്നു. എല്ലാം കൂടി നോക്കുമ്പോൾ ആകപ്പാടെ പന്തികേട്. അതാണ് - അഡ്വ ജയശങ്കർ ചാനൽ ഭാഷണത്തിലൂടെ ഇടക്കിടെ പറയുന്ന തുപോലെ അരിയാഹാരം കഴിക്കുന്നവർക്കെല്ലാം കാര്യമെന്താണെന്ന് കൃത്യമായിമനസിലായി. ക്ഷണിച്ച് വരുത്തുക; അപമാനിക്കുക. ഒരു പ്രകോപനത്തിനും വിധേയമാകാതെ നമ്മുടെ മുഖ്യമന്ത്രി അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ നന്മകളും ഭരണപാടവത്തെക്കുറിച്ചും സംസാരിച്ചു. ഏവർക്കും മനസിൽ തട്ടുന്ന ഒരു അനുസ്മരണം.
മൈക്ക് യന്ത്രമാണല്ലോ. വിവേകം പ്രതീക്ഷിച്ചിട്ട് കാര്യമില്ല. എന്നാൽ വിവേകവും ഔചിത്യബോധവും പ്രതീക്ഷിക്കുന്നത് മനുഷ്യരിൽ നിന്നാണല്ലൊ പ്രത്യേകിച്ചും അത് ഏറ്റവും അധികം കാണിക്കേണ്ടുന്ന ഒരു വേദിയാണല്ലോ വ്യത്യസ്ത വീക്ഷണമുള്ളവർ ഒന്നിച്ചണിനിരക്കേണ്ടുന്ന അനുശോചന വേദി. അതും വിശാലമനസ്ക്കനും സഹൃദയനും എല്ലാവരേയും ഉൾക്കൊള്ളാനുള്ള മനസ്സുമുള്ള സമാദരണീയനായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗം.
ആ ചടങ്ങിനോടു തന്നെയുള്ള നിന്ദയും അനൗചിത്യവും ആണ് അദ്ദേഹത്തിന്റെ പാർട്ടിയിലെ നേതൃത്വത്തിൽ ചിലരും ഒരു വിഭാഗം അണികളും പ്രകടിപ്പിച്ചത് . അനുശോചനയോഗത്തിൽ കേരളത്തിൽ ഇന്നേവരെ യുണ്ടായ കീഴ് വഴക്കം തെറ്റിച്ച് അനുശോചനയോഗം രാഷ്ട്രീയവൽക്കരിച്ച കോൺഗ്രസ് നേതൃത്വത്തിൽ ചിലർ കാണിച്ച മാന്യതയും മര്യാദയില്ലായ്മയേക്കുറിച്ച് ചർച്ച ചെയ്യുന്നതിനു പകരം മൈക്ക് പണിമുടക്കിയ സംഭവങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയാണ് പല മാദ്ധ്യമങ്ങളും. ദീപസ്തംഭം മഹാശ്ചര്യം; എനിക്കും കിട്ടണം പണം .












Click it and Unblock the Notifications