' അതൊന്നും ശൈലജയുടെ അടുത്ത് പോലും ചെലവാകില്ല, ആ കളി വേണ്ട'; വിവാദത്തില്‍ പിണറായി
കോഴിക്കോട്: മട്ടന്നൂരിലെ നവകേരള സദസിനിടെ മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശൈലജയെ താന്‍ എന്തോ പറഞ്ഞുവെന്ന് വരുത്തി തീര്‍ക്കാനാണ് ചിലരുടെ ശ്രമം എന്ന് പിണറായി പറഞ്ഞു. നവകേരള സദസിന്റെ വടകരയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത് ശൈലജയുടെ അടുത്തു തന്നെ ചെലവാകില്ല. ആ കളി അധികം വേണ്ട. ഞാന്‍ എന്റെ ശൈലി വെച്ച് കാര്യങ്ങള്‍ പറയും,' മുഖ്യമന്ത്രി പറഞ്ഞു. മട്ടന്നൂര്‍ വലിയ തോതില്‍ ആളുകള്‍ ഒരുമിച്ച് കൂടുന്ന സ്ഥലമാണ് എന്നും എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഒരുപാട് ഒഴുകിയെത്തി എന്നും അദ്ദേഹം പറഞ്ഞു. അത് കണ്ടപ്പോള്‍ ഹരം തോന്നി എങ്ങനെയുണ്ട് പരിപാടി എന്ന് തന്നോട് ചോദിച്ചപ്പോഴാണ് ഏതാണ് വലുത് എന്ന് പറയാന്‍ കഴിയില്ലെന്ന് താന്‍ പറഞ്ഞത് എന്നും പിണറായി പറഞ്ഞു.

നിങ്ങള്‍ക്ക് ഒരുതരം വല്ലാത്ത ബുദ്ധിയാണ് എന്നും നിങ്ങളുടെ ചോദ്യം ചില നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും, ആ കളി വേണ്ട എന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു. മട്ടന്നൂരില്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതാണ്. നേരത്തെ മട്ടന്നൂരിലെ നവകേരള സദസില്‍ ശൈലജ കൂടുതല്‍ സമയം എടുത്തു പ്രസംഗിച്ചുവെന്ന പിണറായി വിജയന്റെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
മട്ടന്നൂര്‍ എം എല്‍ എയാണ് കെ കെ ശൈലജ. എന്നാല്‍ താന്‍ പ്രസംഗം നീട്ടിയിട്ടില്ല എന്നും 15 മിനിറ്റ് മാത്രമാണ് പ്രസംഗിച്ചത് എന്നും ശൈലജ വിശദീകരിച്ചു. തന്റെ പ്രസംഗം കാരണം പരിപാടി വൈകയിട്ടില്ല എന്നാണ് ശൈലജ വിശദീകരിച്ചത്. അതേസമയം പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളാണ് സംഭവത്തില്‍ വെളിവായത് എന്നാണ് സൂചന. ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിലെ ഏറ്റവും ജനകീയ മന്ത്രിയായിരുന്നു ശൈലജ.
നിപ, കൊവിഡ് പ്രവര്‍ത്തനങ്ങളും അതിന് മാറ്റേകി. എന്നാല്‍ ശൈലജയുടെ ജനപ്രീതിയില്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ല എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2021 ലെ തിരഞ്ഞെടുപ്പില്‍ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന തരത്തിലുള്ള ചര്‍ച്ചയും നടന്നിരുന്നു. ഇതിലെല്ലാം സി പി എമ്മില്‍ അതൃപ്തിയുള്ളതായാണ് വിവരം. അതേസമയം വിവാദം രൂക്ഷമാകുമ്പോഴും മുഖ്യമന്ത്രി കാര്യമായൊന്നും തനിക്കെതിരെ പറഞ്ഞിട്ടില്ല എന്നാണ് ശൈലജയുടെ പ്രതികരണം.












Click it and Unblock the Notifications