പഴയ 'ഇന്നോവ വർമന്‍' ആളാകെ മാറി: പിണറായിയ വിനായകന്റെ വർമനോട് ഉപമിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജയിലർ സിനിമയിലെ വിനായകന്റെ കഥാപാത്രമായ വർമനോട് ഉപമിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അബിന്‍ വർക്കി. തനിക്കെതിരെ സംസാരിക്കുന്ന കൂട്ടത്തിലെ ക്രിമിനലുകളെ, പഴയ പോലെ കണ്ടം തുണ്ടം വെട്ടുന്ന പരിപാടി ഇപ്പോഴില്ല. ഭരണം കിട്ടിയപ്പോൾ വർമൻ ആളാകെ മാറിയെന്നാണ് അബിന്‍ വർക്കി ഫേസ്ബുക്കില്‍ കുറിക്കുന്നത്.
വർമ്മന്റെ ഗുണ്ടകൾ ചെയ്ത നെറികേടുകൾക്കെതിരെ മാത്രമല്ല നന്മയുടെ വക്താക്കൾ പ്രതികരിക്കേണ്ടത് ,ഈ ഗുണ്ടകളെ എല്ലാം നിയന്ത്രിച്ചു നിർത്തി നേരിനെയും നന്മയെയും വേട്ടയാടിയ വർമനെതിരെയുമാണെന്നും അബിന്‍ വർക്കി ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

വർമൻ, ജയ്ലർ സിനിമയിലെ സൈക്കോ ക്രിമിനൽ കഥാപാത്രമാണ്.കൂടെയുള്ള ഗുണ്ടാ സംഘത്തിലെ ഏതെങ്കിലും ഒരാൾ തനിക്കെതിരെ പ്രവർത്തിച്ചു എന്ന് സംശയം തോന്നിയാൽ, അയാളെ ഏറ്റവും ക്രൂരമായി ഉപദ്രവിച്ച ശേഷം, ആസിഡിൽ മുക്കി കൊല്ലുകയാണ് വർമന്റെ രീതി.
പിണറായി നാട്ടിലെ 'ഇന്നോവ വർമന്റെയും' പഴയ കാല രീതി അതായിരുന്നു. എന്നാൽ, 'നെറികേടിന്റെ മനുഷ്യരൂപത്തെ' തന്റെ ക്രിമിനൽ സംഘത്തിലേക്ക് എടുത്ത് അധികാരമേറിയതിൽ പിന്നെ പിണറായി വർമൻ ആളാകെ മാറി. തനിക്കെതിരെ സംസാരിക്കുന്ന കൂട്ടത്തിലെ ക്രിമിനലുകളെ, പഴയ പോലെ കണ്ടം തുണ്ടം വെട്ടുന്ന പരിപാടി ഇപ്പോഴില്ല.
ഭരണം കിട്ടിയപ്പോൾ വർമൻ ആളാകെ മാറി! ഇതുവരെയും തനിക്ക് വേണ്ടി ചെയ്ത 'നെറികേടുകൾ' ഓരോന്നായി പബ്ലിക് ഡോമൈനിലേക്ക് എടുത്തിട്ട ശേഷം, കയ്യിലുള്ള നിയമസംവിധാനങ്ങൾ ഉപയോഗിച്ച് ആ ഗുണ്ടകളെ വരിഞ്ഞു മുറുക്കുകയാണ് വർമന്റെ ഇപ്പോഴത്തെ ഹോബി.
ചെയ്ത നെറികേടുകളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു വെട്ടിയും കുത്തിയുമാണ് മിക്കവാറും എല്ലാ ഗുണ്ടസംഘങ്ങളും തീരുക. കേരളത്തിന്റെ കഷ്ടകാലത്തിന് ഈ ക്രിമിനൽ സംഘങ്ങൾ ഒരു പ്രത്യേക പാർട്ടിയുടെ പേരിലാണ് പ്രവർത്തിക്കാറുള്ളത്. തെറ്റിദ്ധരിപ്പിക്കപ്പെട്ട മലയാളി, രണ്ടാമതും ഈ ക്രിമിനൽ സംഘത്തെ തിരഞ്ഞെടുത്തു.
എത്രയൊക്കെ ഒരുമയുണ്ടെന്ന് പറഞ്ഞാലും ചില സമയങ്ങളിൽ ഗുണ്ടകൾക്ക് കടിപിടി കൂടാതിരിക്കൻ പറ്റില്ലാലോ! അതുകൊണ്ട് പല കാര്യങ്ങളും ഇപ്പോൾ വെളിച്ചത്ത് വന്നു. പിണറായി വർമനും, വർമന് വേണ്ടി അഹോരാത്രം പണിയെടുത്ത 'നെറികെട്ട രാഷ്ട്രീയക്കാരനും', ചെയ്ത പാപങ്ങൾക്കുള്ള ശമ്പളം വാങ്ങിയിട്ടേ പോവുകയുള്ളൂ. അത് ഈ നാട് മുഴുവൻ കാണുകയും ചെയ്യും.
കാരണം, കേരളത്തിന്റെ മുകളിൽ ജ്വലിച്ചു നിന്ന സത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രതിരൂപത്തെയാണ് ഏറ്റവും നികൃഷ്ടമായ രീതിയിൽ നിങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ചത്. വർമ്മന്റെ ഗുണ്ടകൾ ചെയ്ത നെറികേടുകൾക്കെതിരെ മാത്രമല്ല നന്മയുടെ വക്താക്കൾ പ്രതികരിക്കേണ്ടത് ,ഈ ഗുണ്ടകളെ എല്ലാം നിയന്ത്രിച്ചു നിർത്തി നേരിനെയും നന്മയെയും വേട്ടയാടിയ വർമനെതിരെയുമാണ്.
'വെറുപ്പ് ': പരസ്പരം മുറിവേല്പിച്ച് ഒരുകാലത്ത് സമ്പൂർണമായി ഇല്ലാതാകും. എന്നാൽ 'സ്നേഹം' എല്ലാകാലത്തും മനുഷ്യരുടെ മനസിൽ ജീവിക്കും. ഉമ്മൻ ചാണ്ടി സാർ ജീവിക്കുന്ന പോലെ...












Click it and Unblock the Notifications