പട്ടി എന്നാല്‍ എല്ലായിടത്തും പട്ടി എന്ന് തന്നെയാണ് കേട്ടോ? സുധാകരന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ ചങ്ങല പൊട്ടിയ പട്ടി പ്രയോഗത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടിയെ എല്ലാ സ്ഥലത്തും പട്ടി എന്ന് തന്നെയാണ് വിളിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്ന സാഹചര്യത്തിലായിരുന്നു സുധാകരന്റെ പരാമര്‍ശം.
എന്നാല്‍ അതെല്ലാം ഓരോരുത്തരുടേയും സംസ്‌കാരമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സുധാകരനെതിരായ കേസിന് സര്‍ക്കാരിന് താല്‍പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധാകരന്റെ പരാമര്‍ശം സമൂഹം വിലയിരുത്തട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയാണ്... മലബാറും തിരുവിതാംകൂറും തമ്മില്‍ പട്ടിയില്‍ ഒന്നും വ്യത്യാസമില്ല കേട്ടോ. എല്ലായിടത്തും പട്ടി പട്ടി തന്നെയാ.. ചങ്ങല ചങ്ങല തന്നെയുമാണ്. അതൊക്കെ വേറെ കാര്യം.

അതിലേക്കൊന്നും നമ്മളിപ്പോള്‍ പോകണ്ട. അതിന്റെ ഒന്നും പിന്നാലെ കേസിന് പോകാനുള്ള താല്‍പര്യത്തോടെ അല്ല ഞങ്ങളിപ്പോള്‍ നില്‍ക്കുന്നത്. സര്‍ക്കാരിന് അത്തരം കാര്യങ്ങളില്‍ കേസുമായിട്ട് പോകുക എന്നുള്ളതൊന്നും വലിയ താല്‍പര്യമില്ല. അത് ഓരോരുത്തരുടേയും സംസ്‌കാരം കാണിക്കുന്ന കാര്യമാണ്. അതിനെ ആ അര്‍ത്ഥത്തില്‍ എടുത്താല്‍ മതി. അത് സമൂഹം വിലയിരുത്തട്ടെ. പട്ടി എന്നുള്ളത് അവിടേയും ഇവിടേയും എല്ലാം ഒന്ന് തന്നെയാണ്. അതില്‍ വേറെ വ്യത്യാസമൊന്നുമില്ല. അവിടത്തെ ഭാഷ ഇവിടത്തെ ഭാഷയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് വെച്ചാല്‍ അയാള്‍, ഇയാള്‍ എന്നൊക്കെ വിളിച്ചാല്‍ ഇവിടെ പറയും ബഹുമാനമില്ലാത്തത് കൊണ്ടാണെന്ന് തോന്നും.

എന്നാല്‍ മലബാറില്‍ അതൊരു ബഹുമാന കുറവുമില്ല. അത് ബഹുമാനത്തോടെ തന്നെയാണ് പറയുന്നത്. ആ വ്യത്യാസമല്ലാതെ ഇതിലൊന്നും ഒരു വ്യത്യാസവുമില്ല. കേസിന്റെ കാര്യത്തില്‍ സര്‍ക്കാരിന് താല്‍പര്യമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിട്ടുണ്ട് ഈ ഘട്ടത്തില്‍ ഇത്തരത്തില്‍ എന്തെങ്കിലും വന്നാല്‍ നടപടി എടുക്കണമെന്ന്. ആ സാഹചര്യത്തില്‍ കേസ് എടുത്തതായിരിക്കും. സര്‍ക്കാരിന് കേസുമായിട്ട് മുന്നോട്ടുപോകാന്‍ താല്‍പര്യമില്ല എന്നായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഓര്‍മ്മ വേണം, ഒരു നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് അദ്ദേഹം വരുന്നത് എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.

ചങ്ങല പൊട്ടിയാല്‍ പട്ടി എങ്ങനെയാ പോകുക. അതുപോലെയല്ലേ അദ്ദേഹം വരുന്നത് എന്നും നിയന്ത്രിക്കാന്‍ ആരെങ്കിലുമുണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. അയാളെ പറഞ്ഞ് മനസിലാക്കാന്‍ ആരെങ്കിലുമുണ്ടോ? ഞങ്ങള്‍ക്ക് ഹാലിളകിയിട്ടില്ല. ഞങ്ങള്‍ അര്‍ഹതപ്പെട്ടതേ ചോദിക്കുന്നുള്ളൂ. അര്‍ഹതയില്ലാത്തത് ചോദിക്കുന്നത് അവരാണ് എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ സുധാകരനെതിരെ കേസെടുത്തിരുന്നു. ഐ പി സി 153 വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസെടുത്തത്. പ്രാദേശിക ഡി വൈ എഫ് ഐ നേതാവിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

എന്നാല്‍ പരാമര്‍ശം വിവാദമായതോടെ മുഖ്യമന്ത്രിയെ താന്‍ നായയെന്ന് വിളിച്ചിട്ടില്ലെന്ന് സുധാകരന്‍ വ്യക്തമാക്കിയിരുന്നു. തന്റേത് നാടന്‍ പ്രയോഗമാണെന്നാണ് സുധാകരന്‍ പറഞ്ഞത്. ചങ്ങല പൊട്ടിയ പട്ടിയെ പോലെ ഓടുകയാണെന്നത് മലബാറിലെ ഒരു ഉപമയാണ് എന്നും മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തില്‍ ഒരു വാക്കും പറഞ്ഞിട്ടില്ല എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പട്ടിയെന്ന് വിളിച്ചെന്ന് തോന്നുന്നുവെങ്കില്‍ അത് പിന്‍വലിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു. നേരത്തേയും കെ സുധാകരന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. ചെത്തുകാരന്റെ വീട്ടില്‍ നിന്ന് ഉയര്‍ന്ന് വന്ന മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications