നന്ദിയുണ്ട്... പക്ഷേ, അയിത്തമുണ്ടായിരുന്നില്ലെന്ന് പറയരുത്..കട്ജുവിനോട് പിണറായി
തിരുവനന്തപുരം: എല്ലാ അര്‍ത്ഥത്തിലും മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു വിന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജ്. കേരളത്തെ കുറിച്ച് താങ്കള്‍ ഫേസ്ബുക്കിലെഴുതിയ നല്ല വാക്കുകള്‍ക്ക് നന്ദി എന്നുപറഞ്ഞാണ് പിണറായി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
മലയാളിയെന്ന നിലയിലും കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും താങ്കളുടെ നല്ല വാക്കുകള്‍ക്ക് അഭിമാനമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. വ്യത്യസ്ത ദേശങ്ങളില്‍ നിന്നും വ്യത്യസ്ത മത വിഭാഗങ്ങളില്‍ നിന്നും ഉള്ളവരെ സ്വീകരിക്കാനുള്ള ജനാധിപത്യ മനസ് എന്നും കേരലം പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ദളിത് വിഭാഗങ്ങള്‍ കേരളത്തില്‍ വിവേചനം അനുഭവിച്ചിട്ടില്ലെന്ന ഒരു വാചകം താങ്കളുടെ പോസ്റ്റില്‍ കാണുകയുണ്ടായി. ചത്രപരമായി അത് തെറ്റാണ്.

തൊട്ടുകൂടായ്മയുടെയും, തീണ്ടിക്കൂടായ്മയുടേതുമായ ഒരു കാലഘട്ടം കേരളത്തിലുണ്ടായിരുന്നു. ജാതിവിവേചനങ്ങള്‍ക്കെതിരെയും, ജാതീയതയെ ഉദ്ദീപിപ്പിച്ച ജന്മിത്വവ്യവസ്ഥയ്‌ക്കെതിരെയും നടന്ന ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് ഇന്നുകാണുന്ന ഒരു കേരളം കെട്ടിപ്പടുക്കാന്‍ സാധിച്ചത്. അതുകൊണ്ടു തന്നെ കേരളത്തിന്റെ ചരിത്രം സമരങ്ങളുടെ ചരിത്രം കൂടിയാണെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ജാത് വിവേചനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന ഒരു മനസ്സ് രൂപപ്പെട്ട് വരുന്നതില്‍ ശ്രാനാരായണ ഗുരു, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ അനേകം നവോത്ഥാന നായകരുടേയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടേയും ഇടപെടലുകള്‍ നമ്മള്‍ കാണാതിരുന്നുകൂട. അധസ്ഥിതരുടെ ആരാധനാ സ്വാതന്ത്ര്യത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനുമായി നടത്തപ്പെട്ട വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവും പാലിയം സമരവുമൊക്കെ കേരളത്തിന്റെ ഉജ്ജ്വല അധ്യായങ്ങളാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സ്വാതന്ത്ര്യത്തിന്റെ എഴുപതാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ അവസരത്തില്‍ വ്യത്യസ്ത വിഭാഗങ്ങളുടെ ശബ്ദം ഒരേപോലെ കേള്‍ക്കാനുള്ള അവസരം ഉണ്ടാകുന്നുവെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികളും, ദളിതരും, ആദിവാസികളും, സ്ത്രീകളും, കുട്ടികളും, ലൈഗിംക ന്യൂനപക്ഷങ്ങളും, മുസ്ലീങ്ങളും, ക്രിസ്ത്യാനികളുമെല്ലാം ഉള്‍പ്പെടുന്ന സമൂഹത്തിലെ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ ഈ രാജ്യം തങ്ങളുടേത് കൂടിയാണ് എന്ന തോന്നല്‍ അവര്‍ക്കുണ്ടാവുകയുള്ളൂ. അപ്പോള്‍ മാത്രമാണ് ശരിയായ ഇന്ത്യ രൂപപ്പെടുക. കേരളം കൈവരിച്ച നേട്ടങ്ങള്‍ ഭാരതമൊന്നാകെ പടര്‍ത്താന്‍ സാധിക്കുമ്പോള്‍ മാത്രമെ ഭരണഘടനാശില്പികള്‍ വിഭാവനം ചെയ്ത ഒരു ഇന്ത്യ സാധ്യമാകുകയുള്ളൂ. അത് എത്രയും പെട്ടെന്ന് സാധ്യമാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും വീണ്ടും നന്ദി രേഖപ്പെടുത്തുന്നുവെന്നും പറഞ്ഞാണ് മുക്യമന്ത്രി പിണറായി വിജയന്‍ തന്റെ എഫ്ബി പോസ്റ്റ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications