പ്രചരണം താന്‍ തന്നെ നയിക്കുമെന്ന് പിണറായി, മത്സരിക്കില്ല? 'ആരും സ്വയം സ്ഥാനാര്‍ത്ഥികളാകേണ്ട'
പത്തനംതിട്ട: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പ്രചരണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കും. പത്തനംതിട്ട സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോ എന്ന് പിണറായി വ്യക്തമാക്കിയിട്ടില്ല.
'കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിയ്ക്കും പാര്‍ട്ടിക്കും തിരിച്ചടി ഉണ്ടായി. എന്നാലും ഇടതുപക്ഷത്തിന് ശക്തമായി തിരിച്ചുവരാനാകും. ഇപ്പോള്‍ നടക്കുന്ന ഭവന സന്ദര്‍ശനം തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മാറ്റും. തുടര്‍ഭരണം ഉറപ്പാണ്,' പിണറായി പറഞ്ഞു. അതേസമയം സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി തീരുമാനിക്കും എന്നും ആരും സ്വയം സ്ഥാനാര്‍ത്ഥികളാകേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥികളെ സമയം ആകുമ്പോള്‍ പാര്‍ട്ടി തീരുമാനിക്കും, സിറ്റിംഗ് എം എല്‍ എമാര്‍ മണ്ഡലം ശ്രദ്ധിച്ച് പ്രവര്‍ത്തനം തുടരണം. ചിലപ്പോള്‍ നിങ്ങള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും എന്നും അല്ലെങ്കില്‍ ചിലപ്പോള്‍ മാറേണ്ടി വരുമെന്നും പിണറായി പറഞ്ഞു. ഒന്നര മണിക്കൂറിലധികം സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് പിണറായി വിജയന്‍ മടങ്ങിയത്.
മുഖ്യമന്ത്രി തന്നെ പ്രചാരണത്തെ നയിക്കുമെന്ന് നേരത്തെ സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. ടീമിന്റെ നായകനും മുഖ്യമന്ത്രിയായിരിക്കും. എന്നാല്‍ ഭരണ തുടര്‍ച്ച ലഭിച്ചാല്‍ ഭരണകര്‍ത്താക്കളെ സംബന്ധിച്ച് അപ്പോള്‍ തീരുമാനിക്കും എന്നുമാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. അതിനിടെ ഫെബ്രുവരി ആദ്യ വാരം സി പി എം സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കും എന്നാണ് വിവരം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വിയാണ് സി പി എമ്മിനും എല്‍ ഡി എഫിനും നേരിടേണ്ടി വന്നത്. എന്നാല്‍ അടിത്തറ ശക്തമാണ് എന്നും ഭരണ വിരുദ്ധ വികാരമില്ല എന്നുമാണ് സി പി എം വിലയിരുത്തല്‍. സര്‍ക്കാരിന്റെ വികസന - ജനക്ഷേമ പദ്ധതികള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് എല്‍ ഡി എഫിന്റെ തീരുമാനം.
രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ ബജറ്റ് കൂടുതല്‍ ജനകീയമാക്കി തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ഇറങ്ങാനാണ് പാര്‍ട്ടി തീരുമാനം. അതിനാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായേക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് 2000 രൂപയാക്കി വര്‍ധിപ്പിച്ച പെന്‍ഷന്‍ ബജറ്റില്‍ 2500 രൂപയാക്കിയേക്കും. എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനാമായിരുന്നു 2500 രൂപ പെന്‍ഷന്‍.












Click it and Unblock the Notifications