സര്‍ക്കാര്‍ നേട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കും, മേഖലാ യോഗങ്ങള്‍ ചേരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അനുഭവഭേദ്യമാക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ സമയബന്ധിതമായി നിര്‍വഹിക്കല്‍, പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ എന്നിവയെല്ലാം സര്‍ക്കാര്‍ ഗൗരവമായി എടുക്കേണ്ടതുണ്ട്.അതിനായി ശ്രമിക്കുകയും വേണം.
ഇതിന്റെ ഭാഗമായി മേഖലാ യോഗങ്ങള്‍ നടത്തും. ഒക്ടോബര്‍ മൂന്നിന് എറണാകുളത്തും അഞ്ചിന് കോഴിക്കോടും മേഖലാ യോഗങ്ങള്‍ ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ അവലോകനമായിരിക്കും ഈ യോഗങ്ങളുടെ മുഖ്യ അജണ്ടയെന്നും മുഖ്യമന്ത്രി പറഞ്ഞു.യോഗത്തില്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനം, ദേശീയപാത ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യും. പുരോഗതി ഇല്ലാത്ത പദ്ധതികളെ കുറിച്ച് പ്രത്യേകം ചര്‍ച്ച ചെയ്യും.

ഭരണാനുമതി ലഭ്യമാക്കേണ്ട പദ്ധതികള്‍ക്ക് അത് ലഭ്യമാക്കുന്നതും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രശ്‌നപരിഹാരം വേഗത്തിലാക്കാനാണ് മേഖലാ യോഗങ്ങള്‍ ചേരുന്നത്. പതിനാല് ജില്ലകളില്‍ നിന്നായി 260 വിഷയങ്ങള്‍ അവലോകന യോഗത്തിലേക്ക് തിരഞ്ഞെടുത്തും. 241 വിഷയങ്ങള്‍ ജില്ലാ തലത്തില്‍ തന്നെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. കേരളീയം, നവകേരള സദസ്സ്, തുടങ്ങിയ പരിപാടികളില്‍ പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗര്‍ഭാഗ്യകരമായ നിലപാടാണ്. കേരളീയ രാഷ്ട്രീയ പരിപാടിയല്ല. സംസ്ഥാനത്തിന്റെ തനത് നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന പരിപാടിയായിരുന്നു. എന്നാല്‍ ഇതിനെ സങ്കുചിതമായിട്ടാണ് പ്രതിപക്ഷം കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്തിനെയും ധൂര്‍ത്ത് എന്ന് പറഞ്ഞ് പ്രതിപക്ഷം ആക്ഷേപിക്കുകയാണ്. നാടിന്റെ മുന്നോട്ട് പോക്കിന് കരുത്തേകുന്നവയാണ് കേരളീയ അടക്കമുള്ളവ. ഇതെല്ലാം സര്‍ക്കാര്‍ പരിപാടിയായിനടക്കും. സ്‌പോണ്‍സര്‍ഷിപ്പ് വന്നാല്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു കരുവന്നൂര്‍ വിഷയത്തില്‍ കേരളത്തിന്റെ സഹകരണ മേഖലയെ പരിഗണിച്ച് മാത്രമേ നിലപാടെടുക്കൂ. കേരളത്തിലെ സഹകരണ പ്രസ്ഥാനം നാടിന് വലിയ സംഭാവന നല്‍കുന്നതാണ്. തെറ്റായ വഴിയില്‍ സഞ്ചരിച്ചവര്‍ക്കെതിരെ നടപടി വേണം.
കേരളത്തിലെ സഹകരണ സംഘങ്ങളില്‍ 98 ശതമാനവും കുറ്റമറ്റ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഒന്നര ശതമാനത്തില്‍ ക്രമക്കേടുകളുണ്ട്. സഹകരണ മേഖല സാധാരണ ജനത്തിന്റെ നിത്യജീവിതത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം 2024ല്‍ അതിദാരിദ്ര്യ നിര്‍മാര്‍ജനം 93 ശതമാനവും പൂര്‍ത്തിയാക്കുമെന്നും, മാലിന്യ നിര്‍മാര്‍ജനത്തിന് അവബോധം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications