'ഗാന്ധിവധമടക്കം വെട്ടിത്തിരുത്തിയ പാഠങ്ങൾ കുട്ടികൾ പഠിക്കും', സംഘപരിവാർ അജണ്ട ചെറുക്കുമെന്ന് പിണറായി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി അഡീഷണല്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.. ഗാന്ധി വധം അടക്കം എന്‍സിഇആര്‍ടി വെട്ടിമാറ്റിയ പാഠഭാഗങ്ങള്‍ ഇതോടെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കും. വെട്ടിത്തിരുത്തലുകൾക്ക് പിന്നിൽ വർഗീയതയും അശാസ്ത്രീയതയും തെറ്റായ ചരിത്രബോധവും കുട്ടികളിൽ സൃഷ്ടിക്കുക എന്നുളള സംഘപരിവാർ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.
പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്: ഭരണഘടനാ മൂല്യങ്ങള്‍ക്കും ശാസ്ത്രബോധത്തിനും ഊന്നൽ നൽകുന്ന വിദ്യാഭ്യാസ നയത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരളം ശക്തമായ പ്രതിരോധമാണുയർത്തുന്നത്. 2023-24 അധ്യയന വര്‍ഷത്തേക്കായി എന്‍സിഇആര്‍ടി തയ്യാറാക്കിയ പാഠപുസ്തകങ്ങളിലെ വെട്ടിമാറ്റിയ ഭാഗങ്ങളുൾപ്പെടുത്തി അഡീഷണൽ പാഠപുസ്തകങ്ങൾ തയ്യാറാക്കിയത് ആ പരിശ്രമത്തിന്റെ ഭാഗമായാണ്.

ശാസ്ത്രീയതയും മതനിരപേക്ഷതയും കൈവെടിഞ്ഞ് വർഗീയതയും അശാസ്ത്രീയതയും തെറ്റായ ചരിത്രബോധവും കുട്ടികളിൽ സൃഷ്ടിക്കുക എന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമായാണ് പാഠപുസ്തകങ്ങളിൽ വെട്ടിത്തിരുത്തലുകൾ ഉണ്ടായത്. അതുകൊണ്ട് ഹിസ്റ്ററി, പൊളിറ്റിക്കൽ സയന്‍സ്, ഇക്കണോമിക്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഒഴിവാക്കപ്പെട്ട ആ കാതലായ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അഡീഷണൽ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വധത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ഇന്നു വെട്ടി മാറ്റിയവർ നാളെ ഗാന്ധിഘാതകനായ ഗോഡ്സേയെ മഹദ് വ്യക്തിത്വമായി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്ന അവസ്ഥ എന്തു വിലകൊടുത്തും തടഞ്ഞേ തീരൂ. ഫെഡറൽ സംവിധാനത്തിന്റെ പരിമിതികളിൽ നിന്നുകൊണ്ട് അത്തരം വർഗീയ അജണ്ടകളെ എൽഡിഎഫ് സർക്കാർ നിർഭയത്വവും നിശ്ചയദാർഢ്യവും ഉയർത്തിപ്പിടിച്ച് ചെറുത്തിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഏക സിവിൽ കോഡിനെതിരെയും കർഷക ദ്രോഹ നിയമങ്ങൾക്കെതിരെയും കേരളം ശക്തമായ നിലപാടാണ് എടുത്തത്. നമ്മുടെ രാജ്യത്തിന്റെ സംസ്കാരിക വൈവിധ്യത്തെ നിരാകരിച്ച് വർഗീയതയും വിദ്വേഷചിന്തയും കുത്തിവയ്ക്കാനും സംഘപരിവാർ സംഘടനകളുടെ വിഷലിപ്തമായ ചരിത്രത്തെ വെള്ളപൂശാനുമുള്ള ശ്രമങ്ങളെ നമ്മൾ ചെറുക്കേണ്ടതുണ്ട്.
ജനാധിപത്യ വിശ്വാസികളെല്ലാം അതിനായി കൈകോർക്കണം. ഇന്നലെ പ്രകാശനം ചെയ്ത പുതിയ പാഠപുസ്തകൾ ആ ദിശയിലുള്ള ഉജ്ജ്വലമായ ചുവടു വയ്പാണ്. നാടിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാൻ കരുത്തോടെ നമുക്കൊറ്റക്കെട്ടായി മുന്നോട്ടു പോകാം.












Click it and Unblock the Notifications