''പിണറായി വിജയൻ ഇനിയെങ്കിലും ആടിനെ പട്ടിയാക്കുന്നത് അവസാനിപ്പിക്കണം'', മറുപടിയുമായി കെ മുരളീധരൻ

ആശുപത്രികളിലെ ഡിവൈഎഫ്ഐയുടെ ഭക്ഷണ വിതരണം അടക്കമുളള വിഷയങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. പൊതിച്ചോറ് വിഷയത്തിലെ പ്രതിഷേധത്തിന് കാരണം ആശുപത്രികളുടെ ഭൂമി കൈയ്യേറുന്ന മാഫിയകൾക്ക് വേണ്ടിയാണെന്ന് കെ മുരളീധരൻ ആരോപിക്കുന്നു.

കെ മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ പിണറായി വിജയൻ ഇനിയെങ്കിലും ആടിനെ പട്ടിയാക്കുന്നത് അവസാനിപ്പിക്കണം. 10 വർഷം ഭരിച്ച് മറ്റെല്ലാ വകുപ്പുകളെയും പോലെ ആരോഗ്യവകുപ്പിന്റെയും നട്ടെല്ല് ഒടിച്ചവരാണ് രണ്ട് മാസം പിന്നിടുന്ന യു.ഡി.എഫ് സർക്കാരിനെതിരെ വ്യാജനിർമ്മിതികളുമായി ഇപ്പോൾ കളത്തിലിറങ്ങിയിരിക്കുന്നത്. പ്രതിപക്ഷനേതാവിന്റെ ഒരു ഗദ്ഗദം ഫേസ്ബുക്കിൽ കാണാനിടയായി. അതിന് മറുപടി പറയാതെ പോകുന്നത് യു.ഡി.എഫിനെ അധികാരത്തിലെത്തിച്ച പൊതുസമൂഹത്തോട് ചെയ്യുന്ന വലിയ തെറ്റാകും.

രണ്ട് വിഷയങ്ങളെ കൂട്ടികെട്ടിയാണ് ശ്രീ പിണറായി വിജയൻ ആടിനെ പട്ടിയാക്കുന്നത്. ആദ്യത്തേത് പൊതിച്ചോറ് നിരോധിക്കുന്നുവെന്നും രണ്ടാമത്തേത് പകർച്ചവ്യാധി പടർന്നു പിടിച്ച് ആരോഗ്യരംഗം പ്രതിസന്ധിയിലാണെന്നുമാണ്. ആദ്യത്തേതിന് ശ്രീ പിണറായി വിജയന് തന്നെ ബോദ്ധ്യമുള്ള വസ്തുകളാണ് മറുപടി. രണ്ടാമത്തെ ആക്ഷേപത്തിന് കണക്കുകൾ മറുപടി പറയും.

Pinarayi Vijayan

പൊതിച്ചോറ് നിരോധിക്കുന്നു, പാവങ്ങളുടെ അന്നത്തിൽ മണ്ണുവാരിയിടുന്നുവെന്ന നിങ്ങളുടെ കരച്ചിലിന് കാരണം ആശുപത്രികളുടെ ഭൂമി കൈയ്യേറുന്ന മാഫിയകൾക്ക് വേണ്ടിയാണെന്ന് വിനയപൂർവം ഓർമ്മിപ്പിക്കട്ടെ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും മുന്നോട്ട് പോകാൻ കഴിയാത്തതിന്റെ കാരണം അന്നത്തെ മുഖ്യമന്ത്രി ബോധപൂർവം മറന്നതാണോ അതോ അന്നത്തെ വകുപ്പ് മന്ത്രിയും പാർട്ടിക്കാരും അങ്ങയിൽ നിന്ന് മറച്ചുവച്ചതാണോ ?

ഭക്ഷണം കൊടുക്കുന്നതിന്റെ പേരിൽ സേവാഭാരതി കൈയ്യേറിയിരിക്കുന്ന സ്ഥലം ഒഴിപ്പിക്കാനും ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമ്മാണം ആരംഭിക്കാനും എന്തേ നിങ്ങൾക്ക് കഴിയാതെ പോയത്. ഒഴിപ്പിച്ചാൽ ബി.ജെ.പിക്കാരുടെ അപ്രീതിയുണ്ടാകുമെന്ന ഭയമാണോ അതോ മെഡിക്കൽ കോളേജിലെ ഫുഡ്പാത്ത് കൈയ്യേറി ലക്ഷങ്ങൾ മുടക്കി ഡി.വൈ.എഫ്.ഐ പണിത പന്തലും പൊളിക്കേണ്ടി വരുമെന്ന് കരുതിയാണോ?

നിങ്ങൾ രണ്ടു കൂട്ടരും കാട്ടികൊടുത്ത മാതൃക പിന്തുടരാൻ വേറെയും സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. അവർക്കും നിങ്ങൾക്ക് ഉള്ളതു പോലെ സ്ഥലം വേണം. ഈ ആവശ്യം അംഗീകരിക്കാൻ ഒരു ജനാധിപത്യ സർക്കാരിന് കഴിയുമോ? ഭക്ഷണ വിതരണം മഹത്തരമായ പ്രവർത്തനമാണ്. അത് ആര് ചെയ്താലും. എന്നാൽ അതിന്റെ മറവിൽ സർക്കാർ സ്ഥലം കൈയ്യേറാൻ തുടങ്ങിയാൽ അത് അംഗീകരിക്കാനാകില്ല. സ്ഥലം കൈയ്യേറാൻ അനുവദിച്ചാൽ മാത്രമേ ഭക്ഷണം വിതരണം ചെയ്യൂവെന്ന പിടിവാശി നിങ്ങൾക്ക് എന്തിനാണ്. അതുകൊണ്ടാണല്ലോ നിങ്ങൾക്ക് ഈ വിഷയത്തിൽ ഓരേ സ്വരം.

രണ്ടാമത്തെ വിഷയം പകർച്ചവ്യാധികളാണ്. അങ്ങയുടെ കാലത്ത് മരിച്ചവരുടെ എണ്ണം പറഞ്ഞ് ഈ വിഷയത്തിന് മറുപടി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കാരണം ഓരോ ജീവനും വിലപ്പെട്ടതാണ്. എന്നാൽ ഇല്ലാ കഥകൾ മെനയുമ്പോൾ ചില കണക്കുകൾ ചൂണ്ടിക്കാട്ടുന്നുവെന്ന് മാത്രം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എലിപ്പനി മൂലം മാത്രം കേരളത്തിൽ ഏകദേശം 1,500 പേർ മരണപ്പെട്ടു. ഇത്തരമൊരു സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടായത് എന്നത് സംബന്ധിച്ച കാര്യമായ പഠനങ്ങളൊന്നും അന്നിവിടെ ഉണ്ടായില്ല.

അതേസമയം, കഴിഞ്ഞ രണ്ട് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ, എലിപ്പനിയുടെയും ഡെങ്കിപ്പനിയുടെയും മരണനിരക്ക് മുൻവർഷത്തെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞതായി കാണാം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എലിപ്പനിയുടെ മരണനിരക്ക് 6.7 ശതമാനമായിരുന്നെങ്കിൽ, ഈ വർഷം അത് 5.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതുപോലെ, ഡെങ്കിപ്പനിയുടെ മരണനിരക്ക് കഴിഞ്ഞ വർഷം ആയിരം രോഗികളിൽ ആറായിരുന്നത് ഈ വർഷം രണ്ടായി കുറഞ്ഞിരിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം രോഗികളെ നേരത്തേ കണ്ടെത്തുന്നതിനും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിനും ആരോഗ്യവകുപ്പ് സ്വീകരിച്ച ഇടപെടലുകളുടെ കൂടി ഫലമാണിത്.

ഈ വർഷത്തെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടക്കേണ്ടിയിരുന്നത് കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലായിരുന്നു. ഇതിൽ കഴിഞ്ഞ സർക്കാർ എല്ലാ വർഷങ്ങളിലേയും പോലെ പരാജയപ്പെട്ടു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഏകോപ്പിക്കേണ്ട സർക്കാരിൻ്റെ ശ്രദ്ധ മുഴുവൻ തിരഞ്ഞെടുപ്പിലായിരുന്നു. ജനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ കൊടുക്കണ്ട ആരോഗ്യ വകുപ്പ് നാഥനില്ലാക്കളരിയായിരുന്നു.

സ്വയം പ്രവർത്തിച്ചിരുന്ന ആരോഗ്യവകുപ്പ് പി.ആർ വർക്കിന് വേണ്ടി മാത്രം ഉപയോഗിച്ച ആരോഗ്യമന്ത്രിയും ഉത്തരവാദിയാണ്. ഒരു കാര്യം യു.ഡി.എഫ് സർക്കാരിനു പറയാൻ കഴിയും. ആരോഗ്യ വകുപ്പ് ജീവനക്കാരും വിദഗ്‌ദ്ധരും ചെയ്യേണ്ട പണി അവർ ചെയ്യും. അവരെ രാഷ്ട്രീയത്തിനായി ഉപയോഗിക്കില്ല. ഹൈ പവർ കമ്മിറ്റിയെ നിയമിച്ചത് തന്നെ അതിന് ഉദാഹരണമാണ്. പിന്നിട്ട രണ്ട് മാസം ചിട്ടയായ പ്രവർത്തനങ്ങളണ് ആരോഗ്യവകുപ്പിൽ നടന്നത്. അത് കൂടുതൽ കരുത്തോടെ തുടരും. അതിന് വേണ്ടിയാണ് 102 സീറ്റുമായി ജനം യു.ഡി.എഫിനെ അധികാരത്തിലെത്തിച്ചത്''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+