സജി ചെറിയാന്റെ ക്രൈസ്തവ അവഹേളനത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ക്രൈസ്തവ അവഹേളനത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വീഞ്ഞും കേക്കും പരാമർശം മാത്രമാണ് സജി ചെറിയാൻ പിൻവലിച്ചത്. തന്റെ നിലാപാടിൽ മാറ്റമില്ലെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ക്രൈസ്തവ നേതൃത്വത്തിനോടും വിശ്വാസികളോടും സിഎമ്മിനുള്ള പുച്ഛമാണ് മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തെത്തിയതെന്നും കെ സുരേന്ദ്രന്‍ പറയുന്നു.
സഭാ നേതൃത്വം പ്രധാനമന്ത്രിയോട് എന്ത് പറയണമെന്ന് തീരുമാനിക്കേണ്ടത് മന്ത്രിയല്ലെന്ന് സജി ചെറിയാൻ മനസിലാക്കണം. മന്ത്രിക്ക് അത് മനസിലായില്ലെങ്കിൽ മുഖ്യമന്ത്രി പറഞ്ഞുകൊടുക്കണം. നേരത്തെ ഭരണഘടനയെ അവഹേളിച്ചതിന് രാജിവെക്കേണ്ടി വന്ന വ്യക്തിയാണ് സജി ചെറിയാൻ. ഇത്തരം വിദ്വേഷ പ്രചരണങ്ങൾ പതിവാക്കിയ മന്ത്രിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

ക്രൈസ്തവർ തങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയ നിലപാട് മാത്രമേ സ്വീകരിക്കാവൂ എന്നാണ് മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും നിലപാട്. പാലാ ബിഷപ്പിനെതിരെയും തലശ്ശേരി ആർച്ച് ബിഷപ്പിനെതിരെയും നേരത്തെയും സിപിഎം നേതാക്കൾ ഇത്തരം അവഹേളനം നടത്തിയിരുന്നു. കേരളത്തിൽ ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന ലൗജിഹാദിനെതിരെയും ലാൻഡ് ജിഹാദിനെതിരെയും ക്രൈസ്തവ പുരോഹിതൻമാർ ശബ്ദിക്കരുതെന്നാണ് സിപിഎമ്മിന്റെ തിട്ടൂരം.
പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തവർക്കെതിരെ പോലും ഇങ്ങനെ വിഷം തുപ്പണമെങ്കിൽ സിപിഎമ്മിന്റെ ക്രൈസ്തവ വിരുദ്ധതയുടെ ആഴം ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ ഇത്രയും വലിയ അധിക്ഷേപം നടന്നിട്ടും മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് മിണ്ടാതിരിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. മുസ്ലിം മതമൗലികവാദികളുടെ താത്പര്യങ്ങൾ മാത്രമാണ് കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ കോൺഗ്രസ് നേതാക്കളും സംരക്ഷിച്ചു പോരുന്നത്.
ന്യൂനപക്ഷ ആനുകൂല്ല്യങ്ങളിൽ 80:20 അനുപാതം തിരുത്തണമെന്നും ക്രിസ്ത്യാനികൾക്ക് ജനസംഖ്യാടിസ്ഥാനത്തിൽ അർഹമായ ആനുകൂല്ല്യങ്ങൾ നൽകണമെന്നും ബിജെപി ആവശ്യപ്പെടുമ്പോൾ കോൺഗ്രസും സിപിഎമ്മും അതിനെ എതിർക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications