Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തിരുന്നോ? എണ്ണിയെണ്ണി മറുപടി കൊടുത്ത് പിണറായി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത് എന്ന രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം അധിക പ്രസംഗമാണ് എന്ന് പിണറായി പറഞ്ഞു. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ക്രൈസ്തവര്‍ക്കെതിരെ നടന്ന അതിക്രമം ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ മറുപടി.

കന്യാസ്ത്രീകളെ ഉള്‍പ്പെടെ അന്യായമായി അറസ്റ്റുചെയ്യാന്‍ ബിജെപി സര്‍ക്കാരിന് എക്കാലവും ആയുധമായത് കോണ്‍ഗ്രസിന്റെ സംഭാവനകളാണ് എന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ ബിജെപിക്കെതിരെ ശക്തമായി തന്നെ ഞങ്ങള്‍ പ്രതികരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കേരളത്തിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോടാണ് മുഖ്യമന്ത്രിക്ക് ബന്ധമുള്ളത് എന്ന് രാഹുല്‍ പറഞ്ഞിരുന്നു.

Pinarayi Vijayan

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത് എന്ന രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം മിതമായ ഭാഷയില്‍ അജ്ഞതയും അധിക പ്രസംഗവും ആണ്. കന്യാസ്ത്രീകളെ ഉള്‍പ്പെടെ അന്യായമായി അറസ്റ്റുചെയ്യാന്‍ ബിജെപി സര്‍ക്കാരിന് എക്കാലവും ആയുധമായത് കോണ്‍ഗ്രസിന്റെ സംഭാവനകളാണ് എന്നത് രാഹുല്‍ ഗാന്ധി മറന്നുപോയോ?

2022-23 ലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ നിന്ന് ആയിരക്കണക്കിന് ഗോത്ര വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവരെ സംഘപരിവാര്‍ പ്രേരണയാല്‍ ആട്ടിയോടിച്ചപ്പോള്‍ കോണ്‍ഗ്രസ് ഭരണമായിരുന്നില്ലേ അവിടെ? അന്ന് രാഹുല്‍ ഗാന്ധി പാര്‍ടി നേതൃത്വത്തില്‍ നിന്ന് അവധിയെടുത്തിരുന്നുവോ? ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമത്തിലെ നാലാം വകുപ്പു പ്രകാരമാണ് കന്യാസ്ത്രീകളെ ബിജെപി സര്‍ക്കാര്‍ അറസ്റ്റു ചെയ്തത്.

2000 ല്‍ മധ്യപ്രദേശിനെ വിഭജിച്ച് ഛത്തീസ്ഗഡ് രൂപീകരിക്കപ്പെട്ടപ്പോള്‍ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാരാണ് മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം ഛത്തീസ്ഗഡിലും അതേപടി നിലനിര്‍ത്തിയത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട ഈ നിയമം റദ്ദാക്കാന്‍ പലഘട്ടങ്ങളില്‍ വര്‍ഷങ്ങളോളം സംസ്ഥാനത്തു ഭരണത്തിലിരുന്ന കോണ്‍ഗ്രസ്സ് തയ്യാറായില്ല.

ഭരണഘടനാവിരുദ്ധവും മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവരെ അടിച്ചമര്‍ത്താനുപയോഗിച്ചു വരുന്നതുമായ ഈ നിയമം റദ്ദുചെയ്യണമെന്നാണ് ഇടതുപക്ഷത്തിന്റെ സുവ്യക്തമായ നിലപാട്. ഏറ്റവുമൊടുവില്‍ 2024 ലോകസഭാ തെരഞ്ഞെടുപ്പിനായി സിപിഐഎം പുറത്തിറക്കിയ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടെ അതുണ്ട്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ ബിജെപിക്കെതിരെ ശക്തമായി തന്നെ ഞങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്.

സിപിഐഎമ്മിന്റെ അഖിലേന്ത്യാ നേതാക്കള്‍ അവിടെ ചെന്ന് ഇടപെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ ഇടപെടലുകള്‍ ആത്മാര്‍ത്ഥതയില്ലാത്തതായിരുന്നു. കേരളത്തിലെ ചില നേതാക്കള്‍ രംഗത്തുവന്നു. എന്നാല്‍ ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതൃത്വം വിട്ടുനിന്നു. എന്തേ ഈ വിഷയത്തില്‍ രണ്ടു നീതിയാണോ കോണ്‍ഗ്രസിന് ?

ഇനി രാഹുല്‍ ഗാന്ധിയോട് ഒരു ചോദ്യം: കോണ്‍ഗ്രസ് ഭരണത്തിലുള്ള ഹിമാചല്‍ പ്രദേശിലെങ്കിലും ഇതേ നിയമം റദ്ദുചെയ്യാന്‍ തയ്യാറുണ്ടോ?

എന്തായാലും കോണ്‍ഗ്രസിന്റെ സ്വഭാവം വെച്ച് സിപിഐഎമ്മിനെ അളന്നു നോക്കാനും മാര്‍ക്കിടാനും അദ്ദേഹം വരേണ്ടതില്ല.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+