ആദിത്യനാഥ് ചെയ്യുന്നത് യോഗിക്ക് ചേരാത്തത്; ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വേങ്ങരയിൽ
വേങ്ങര: ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വേങ്ങരയിൽ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് രൂക്ഷ വിമർശനമാണ് പിണറായി ഉന്നയിച്ചത്.
കേരളത്തെ തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മാറ്റാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും അതിനായി വിചിത്രമായ തന്ത്രങ്ങളാണ് അവര്‍ പയറ്റുന്നതെന്നും പിണറായി വേങ്ങരയിൽ പറഞ്ഞു. ആര്‍എസ്എസ് അജന്‍ഡ കേരളത്തില്‍ ഒരിക്കലും നടപ്പാക്കാനാവില്ല. ബിജെപിയെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്നും പിണറായി വിജയൻ പറഞ്ഞു.

യോഗിക്ക് ചേരാത്തതാണ് ആദിത്യനാഥ് ചെയ്യുന്നത്. ഒരു മുഖ്യമന്ത്രി മറ്റൊരു സംസ്ഥാനത്തെ മൊത്തതില്‍ അടച്ചാക്ഷേപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസിനേയും ബിജെപിയേയും തടയാന്‍ സിപിഎമ്മിന് മാത്രമേ സാധിക്കൂ. പല സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേരുന്നതാണ് ഇപ്പോൾ കാണുന്നതും പിണറായി വിജയൻ വേങ്ങരയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.












Click it and Unblock the Notifications