'നിങ്ങള്‍ക്ക് ഇന്ന് ദുര്‍ദിനമാണല്ലോ'; കോൺഗ്രസ് തോൽവിയിൽ ചെന്നിത്തലയെ ട്രോളി പിണറായി വിജയൻ
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങളിലും നാണംകെട്ട തിരിച്ചടി ഏറ്റുവാങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിക്കുള്ളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും അതൃപ്തിയുടെ സ്വരങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് കൊണ്ടുളള ട്രോളുകളും പ്രചരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി ഐസ്‌ക്രീം കഴിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്.
അതിനിടെ മുന്‍ പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎല്‍എയെ പൊതുപരിപാടിയില്‍ വേദിയിലിരുത്തി പരിഹസിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. 'നിങ്ങള്‍ക്ക് ഇന്ന് ദുര്‍ദിനമാണല്ലോ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്രോള്‍. കോണ്‍ഗ്രസിന്റെ തകര്‍ച്ച സൂചിപ്പിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

ആലപ്പുഴ ഹരിപ്പാട് മണ്ഡലത്തില്‍ വലിയഴീക്കല്‍ പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വാഗത പ്രസംഗം നടത്തിയ രമേശ് ചെന്നിത്തല എംഎല്‍എ വലിയഴീക്കല്‍ പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ് എന്ന് പറഞ്ഞിരുന്നു. പിന്നീട് പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സൂചിപ്പിച്ചാണ് പരിഹസിച്ചത്.
പാലം ഉദ്ഘാടനം ചെയ്യുമ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അദ്ദേഹത്തിനുണ്ടെന്ന് പറയുന്നത് നല്ല കാര്യമാണ്. എന്നാല്‍ എന്റെ കണക്കുകൂട്ടലില്‍ അദ്ദേഹത്തിന് ഇന്ന് ചെറിയ തോതിലൊരു ദുര്‍ദിനം കൂടിയാണ്.അത് വേറൊരു കാര്യമാണ്. അതിപ്പോള്‍ പരാമര്‍ശിക്കേണ്ടതില്ല. ആ ഒരു വിഷമഘട്ടത്തിലും അദ്ദേഹത്തിന് സന്തോഷിക്കാനുളള ഒരു കാര്യമുണ്ടായി എന്നത് നമുക്കും സന്തോഷമുളളതാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി മുന്‍ എംഎല്‍എ വിടി ബല്‍റാം രംഗത്ത് വന്നിട്ടുണ്ട്. '' ശരിയാണ് സെർ, ഞങ്ങൾക്കൊക്കെ ഇന്ന് ദുർദ്ദിനം തന്നെയാണ്. ഞങ്ങൾക്കതിന്റെ ദുഃഖവുമുണ്ട്. ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ, ആഘോഷിക്കാൻ തോന്നുന്നവർ ആഘോഷിച്ചാട്ടെ'' എന്നാണ് വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.












Click it and Unblock the Notifications