നികുതി ബഹിഷ്‌കരിക്കാന്‍ പിണറായി; സിപിഎമ്മിനെ ബഹിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: മദ്യത്തിന്റെയും പുകയില ഉത്പന്നങ്ങളുടെയും നികുതിക്കൊപ്പം വെള്ളക്കരവും ഭൂനികുതിയും വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ബഹിഷ്‌കരണ ആഹ്വാനം. സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച നികുതി ജനങ്ങള്‍ ഒടുക്കരുതെന്ന് പിണറായി ആഹ്വാനം ചെയ്തു.
നിയമസഭയെ അഭിമുഖീകരിക്കാതെ നികുതി വര്‍ദ്ധിപ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭീമമായ നികുതി വര്‍ദ്ധന ജനങ്ങള്‍ക്ക് താങ്ങാനാവുന്നതിലും അധികമാണ്. യുദ്ധസമയത്തോ ക്ഷാമകാലത്തോ മാത്രം ചെയ്തുവരുന്ന അടിയന്തിര നികുതി വര്‍ദ്ധനയാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

മദ്യനയത്തെ തുടര്‍ന്നാണ് നികുതി വര്‍ദ്ധനയെന്നത് തെറ്റായ കണക്കാണ്. കഴിഞ്ഞവര്‍ഷം ആദ്യ നാലുമാസം 600 കോടി രൂപയാണ് മദ്യത്തില്‍ നിന്നും ലഭിച്ചതെങ്കില്‍ ഈ വര്‍ഷം അത് 660 കോടി രൂപയായി വര്‍ദ്ധിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് വരുത്തിയ നികുതി വര്‍ദ്ധനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും പിണറായി മുന്നറിയിപ്പു നല്‍കി.
അതേസമയം, നിയമസഭ വിളിച്ചുകൂട്ടാതെ നേരത്തെയും നികുതി വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നികുതി നിഷേധിക്കാന്‍ ആഹ്വാനം ചെയ്ത സിപിഎമ്മിനെയാണ് ബഹിഷ്‌കരിക്കേണ്ടതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സിപിഎമ്മിന്റെ നികുതി ബഹിഷ്‌കരണം രാജ്യദ്രോഹമാണെന്നാണ് ധനമന്ത്രി കെഎം മാണി പ്രതികരിച്ചത്. പ്രതിപക്ഷം ആവശ്യപ്പെടുമ്പോള്‍ നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications