Get Updates
Get notified of breaking news, exclusive insights, and must-see stories!

'എല്ലാ ഗവര്‍ണര്‍മാര്‍ക്കുമുള്ള താക്കീത്'; കേരളത്തിന്റെ പോരാട്ടത്തിന് പ്രസക്തിയേറിയെന്ന് പിണറായി

തിരുവനന്തപുരം: തമിഴ്നാട് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണ് സുപ്രീം കോടതിയുടെ വിധി എന്നും പിണറായി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരള നിയമസഭ പാസാക്കിയ ബില്ലുകള്‍ 23 മാസം വരെ തടഞ്ഞുവെക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥയുണ്ട് എന്നും അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ് എന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. കേരളം ഉയര്‍ത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തി ഉയര്‍ത്തി പിടിക്കുന്ന വിധിയാണ് ഇന്ന് കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan

നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവര്‍ണര്‍മാരുടെ നടപടി ഭരണഘടനാ വിരുദ്ധമാണ് എന്നായിരുന്നു സുപ്രീം കോടതി ഇന്ന് പറഞ്ഞത്. നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തീരുമാനമെടുക്കാതെ കാലങ്ങളായി പിടിച്ചുവെച്ച ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി വിധി.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനന്തമായി പിടിച്ചുവെക്കാന്‍ രാജ്യത്തെ ഒരു സംസ്ഥാനത്തെയും ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ല എന്ന് കോടതി വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് വിവേചനാധികാരം പ്രയോഗിക്കാന്‍ കഴിയുന്ന അപൂര്‍വ കേസുകള്‍ ഉണ്ടെന്ന കാര്യം അംഗീകരിക്കുമ്പോള്‍ തന്നെ ആര്‍ട്ടിക്കിള്‍ 200 അത്തരം വിവേചനാധികാരത്തെ പരിമിതപ്പെടുത്തുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഈ ആര്‍ട്ടിക്കിളില്‍ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കാതെ ബില്ലുകള്‍ വെറും കടലാസായി തുടരുകയാണ് എന്നും കോടതി അഭിപ്രായപ്പെട്ടു. ഒരു ബില്‍ നിയമസഭയിലേക്ക് തിരിച്ചയച്ച് വീണ്ടും പാസാക്കുകയാണെങ്കില്‍ ബില്‍ സാരമായി വ്യത്യാസമില്ലെങ്കില്‍ ഗവര്‍ണര്‍ അതിന് അംഗീകാരം നല്‍കണം എന്നും ഒരു ബില്‍ തിരികെ നല്‍കി വീണ്ടും അവതരിപ്പിച്ചുകഴിഞ്ഞാല്‍ ഗവര്‍ണര്‍ക്ക് വീറ്റോ അധികാരം അവശേഷിക്കില്ല എന്നും കോടതി വ്യക്തമാക്കി.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തമിഴ്‌നാട് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറല്‍ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നതാണ്. ഗവര്‍ണര്‍മാര്‍ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്.

അതിലുമുപരിയായി ഈ വിധിയില്‍ ബില്ലുകള്‍ പാസാക്കുന്നതിന് കൃത്യമായ സമയപരിധിയടക്കം നിശ്ചയിച്ചു കാണുന്നു. നിയമനിര്‍മ്മാണ സഭയുടെ അധികാരങ്ങള്‍ ഗവര്‍ണര്‍മാര്‍ കയ്യടക്കുന്ന പ്രവണതയ്‌ക്കെതിരായ താക്കീത് കൂടിയാണ് ഈ വിധി. അത് ജനാധിപത്യപത്യത്തിന്റെ വിജയമാണ്.

നിയമസഭ പാസാക്കിയ ബില്ലുകള്‍ 23 മാസം വരെ തടഞ്ഞുവെക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ്. കേരളം ഉയര്‍ത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് ഈ വിധി അടിവരയിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+