പിണറായി വിജയന്‍ വീട്ടുമുറ്റങ്ങളിലേക്കും... പ്രചാരണത്തില്‍ പ്രതാപം നിലനിര്‍ത്താന്‍ സിപിഎമ്മിന്റെ നീക്കം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൃത്യമായ പ്രവര്‍ത്തനങ്ങള്‍ ഒരു പാര്‍ട്ടി എന്ന നിലയില്‍ ആദ്യം മുതലേ തുടങ്ങിയത് സിപിഎം ആയിരുന്നു. മറ്റ് പാര്‍ട്ടികളില്‍ സ്ഥാനാര്‍ത്ഥി പട്ടിക വരും മുമ്പേ തന്നെ ചിലര്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു എന്നത് വേറെ കാര്യം.
എന്തായാലും സ്ഥാനാര്‍ത്ഥി പട്ടികയുടെ കാര്യത്തിലും സിപിഎം തന്നെ ആയിരുന്നു ആദ്യം സ്‌കോര്‍ ചെയ്തത്. അതിന് ശേഷം ചിട്ടയായ പ്രവര്‍ത്തനങ്ങളുമായി സിപിഎം മുന്നോട്ട് പോവുകയാണ്. പ്രചാരണ രംഗത്തുള്ള പ്രതാപം നിലനിര്‍ത്താന്‍ പുതിയ സാധ്യതകള്‍ കൂടി തേടുകയാണ് സിപിഎം ഇപ്പോള്‍. പരിശോധിക്കാം...

വീട്ടുമുറ്റത്ത് പിണറായി
പിണറായി വിജയന്‍ അടക്കമുള്ള മുന്‍ നിര നേതാക്കള്‍ വീടുകള്‍ കയറിയുളള പ്രചാരണ പരിപാടികളിലേക്ക് കടക്കും എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ പാര്‍ട്ടി പൊതുയോഗങ്ങളും റാലികളും ഒക്കെ സജീവമായി നടക്കുകയാണ്. അതിന് ശേഷം ആയിരിക്കും നേതാക്കളുടെ ഗൃഹസമ്പര്‍ക്കം.

ഏപ്രില്‍ ഒന്ന് മുതല്‍
ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 1 മുതല്‍ സിപിഎം നേതാക്കളുടെ ഗൃഹ സമ്പര്‍ക്ക പരിപാടികള്‍ തുടങ്ങും. പിണറായി വിജയനെ കൂടാതെ മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങളും മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും എല്ലാം ഇതില്‍ പങ്കാളികളാകും.

ഉറപ്പാണ് എല്‍ഡിഎഫ്
'എല്‍ഡിഎഫ് വരും എല്ലാം ശരിയാകും' എന്നതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പ്രചാരണ മുദ്രാവാക്യം. ഇത്തവണ 'ഉറപ്പാണ് എല്‍ഡിഎഫ്' എന്നതാണ് പ്രചാരണ മുദ്രാവാക്യം. പ്രചാരണ മുദ്രാവാക്യവും ആദ്യം പുറത്തിറക്കിയത് എല്‍ഡിഎഫ് തന്നെ ആയിരുന്നു.

സാമൂഹ്യ മാധ്യമങ്ങളില്‍
സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ഇത്തവണ കൊടുമ്പിരിക്കൊള്ളുന്ന പ്രചാരണങ്ങള്‍. ഇതിന് വേണ്ടി അസംഖ്യം ചെറു വീഡിയോകളും പോസ്റ്ററുകളും ആണ് തയ്യാറാക്കപ്പെടുന്നത്. ഓരോ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്കും പ്രത്യേകം പ്രത്യേകം വീഡിയോകളും പുറത്തിറക്കുന്നുണ്ട്. ഇക്കാര്യത്തിലും എല്‍ഡിഎഫ് ഏറെ മുന്നിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഡിഎഫും എന്‍ഡിഎയും
കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിനും ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കും പ്രചാരണ മുദ്രാവാക്യങ്ങളുണ്ട്. 'നാട് നന്നാകാന്‍ യുഡിഎഫ്' എന്നതാണ് യുഡിഎഫിന്റേത്. 'പുതിയ കേരളം മോദിയ്‌ക്കൊപ്പം' എന്നതാണ് എന്‍ഡിഎയുടെ മുദ്രാവാക്യം.

പ്രീ പോള്‍ സര്‍വ്വേകള്‍
പതിനഞ്ചോളം പ്രീ പോള്‍ സര്‍വ്വേ ഫലങ്ങളാണ് ഇക്കാലയളവില്‍ പുറത്ത് വന്നിട്ടുള്ളത്. എല്ലാ സര്‍വ്വേകളും പ്രവചിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ്. ചില സര്‍വ്വേകളില്‍ ഇഞ്ചോടിഞ്ച് മത്സരം ആണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

എല്‍ഡിഎഫിന്റെ പ്രതീക്ഷ
ഇത്തവണ ഭരണത്തുടര്‍ച്ചയുണ്ടാകും എന്ന പ്രതീക്ഷയില്‍ തന്നെയാണ് എല്‍ഡിഎഫും ഉള്ളത്. 2011 ല്‍ ഭരണത്തുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടായിരുന്നെങ്കിലും നേരിയ വ്യത്യാസത്തിലാണ് യുഡിഎഫ് അധികാരത്തില്‍ എത്തിയത്. രണ്ട് എല്‍ഡിഎഫ് 68 സീറ്റ് നേടിയപ്പോള്‍ യുഡിഎഫ് അന്ന് നേടിയത് 72 സീറ്റുകള്‍ മാത്രമായിരുന്നു.












Click it and Unblock the Notifications