ഓരോ മലയാളിയും പിണറായി വിജയനോട് കടപ്പെട്ടിരിക്കുന്നു: പിറന്നാള്‍ ദിനത്തില്‍ വാനോളം പുകഴ്ത്തി ഇപി ജയരാജന്‍
മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള ഇപി ജയരാജന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇന്ത്യൻ വിപ്ലവ ബഹുജന പ്രസ്ഥാനത്തിൻ്റെ സമുന്നതമായ നേതൃപദവിയിലുള്ള സർവാദരണീയനായ നേതാവാണ് സഖാവ് പിണറായി വിജയനെന്നാണ് മുഖ്യമന്ത്രിയുടെ 80-ാം പിറന്നാളിനോട് അനുബന്ധിച്ച് എഴുതിയ കുറിപ്പില്‍ ഇപി ജയരാജന്‍ വിശേഷിപ്പിക്കുന്നത്.
ഓരോ മലയാളിയും പിണറായി വിജയനോട് കടപ്പെട്ടിരിക്കുന്നു എന്ന് നിസ്സംശയം പറയാം. ഞങ്ങൾ പരിചയപ്പെട്ട കാലം മുതൽ ഒരു നിഴലായി അദ്ദേഹം അറിഞ്ഞും അറിയാതെയും ഞാൻ കൂടെ നിന്നിട്ടുണ്ട്. ഇനിയുള്ള കാലവും അതങ്ങനെ തുടരുമെന്നും ഇപി ജയരാജന്‍ കുറിക്കുന്നു. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്ത്യൻ വിപ്ലവ ബഹുജന പ്രസ്ഥാനത്തിൻ്റെ സമുന്നതമായ നേതൃപദവിയിലുള്ള സർവാദരണീയനായ നേതാവാണ് സഖാവ് പിണറായി വിജയൻ. കനൽ നിറഞ്ഞ വഴികളിലൂടെ പൊരുതി മുന്നേറിയ പ്രിയ സഖാവ് എൺപതാം ജന്മദിനത്തിലെത്തി നിൽക്കുമ്പോൾ ഓരോ മലയാളിയും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് നിസ്സംശയം പറയാം.
അദ്ദേഹം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പത്താം വർഷത്തിലേക്ക് കടന്ന ഘട്ടം കൂടിയാണല്ലൊ ഇത്. നവകേരള സൃഷ്ടിയുടെ പുത്തൻ പന്ഥാവ് രചിച്ച് ചരിത്രമായി മാറിയ 9 വർഷമാണ് കടന്ന് പോയത്. പ്രകൃതിക്ഷോഭം, മഹാമാരികൾ ഉൾപ്പെടെയുള്ള പ്രതികൂലാന്തരീക്ഷം തുടങ്ങിയവ ഒരു വശത്ത്. കേന്ദ്ര സർക്കാറിൻ്റെ സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ള രാഷ്ട്രീയ കടന്നാക്രമണങ്ങൾ മറുവശം.
ഇതെല്ലാം വകഞ്ഞു മാറ്റി, മഹാപ്രതിസന്ധികളുടെ പത്മവ്യൂഹങ്ങൾ ഓരോന്നായി ഭേദിച്ച് പ്രോജ്വല വിജയത്തിൻ്റെ പെരുമ്പറകൾ മുഴക്കിയ വിജയ ഗാഥയാണ് നാം കണ്ടത്. ഒരു പുരുഷായുസ് മുഴുവൻ പ്രസ്ഥാനത്തിൻ്റെ നെടുംതൂണായി നിന്ന സഖാവ് എനിക്ക് സഖാവ്, സുഹൃത്ത്, ജ്യേഷ്ഠ ഹോദരൻ എന്നെല്ലാമുള്ള വിശേഷണങ്ങൾക്കുമപ്പുറത്ത് എന്നെ ഞാനാക്കിയ മഹത് വ്യക്തിത്വമാണ്.
വിദ്യാർഥി യുവജന സംഘടനാ പ്രവർത്തന കാലഘട്ടത്തിലാണ് സഖാവുമായി അടുക്കുന്നത്. ചെറുകുന്ന് സ്റ്റുഡൻ്റ് ഫെഡറേഷൻ്റെ പൊതുയോഗത്തിൽ പ്രസംഗിക്കാൻ വന്നപ്പോഴാണ് ആദ്യമായി കണ്ടത്. അന്ന് ഞാൻ യൂണിറ്റ് സെക്രട്ടറിയായിരുന്നു. അന്ന് നടത്തിയ ആ പ്രസംഗം ആവേശം കൊള്ളിക്കുന്നതായിരുന്നു. പിന്നീട് നേരിൽ കാണുന്നത് 1964ൽ പാർടി പിളർപ്പിന്റെ കാലത്ത്. തലശ്ശേരി ടൗൺഹാളിൽ വിദ്യാർഥി കൺവെൻഷനിൽ. കൺവെൻഷൻ ഹാളിലാകെ പിരിമുറുക്കം. നവംബർ 14നായിരുന്നു കൺവെൻഷൻ.
റിവിഷനിസ്‌റ്റ് ചായ്‌വുള്ള വിഭാഗം ജവഹർ ലാലിനെ പുകഴ്‌ത്തി പ്രമേയം അവതരിപ്പിച്ചു. ഇതിൻമേൽ നടന്ന ചർച്ചയിൽ ആദ്യം സംസാരിച്ച പിണറായി ശക്തമായി പ്രമേയത്തെ എതിർത്തു. അതോടെ പിന്നീട് സംസാരിച്ചവർ രണ്ടായി തിരിഞ്ഞു. റിവിഷനലിസ്‌റ്റ് ചിന്താഗതിക്കാർക്ക് പിന്തുണ കുറഞ്ഞു. അതോടെ അവർ ഇറങ്ങിപ്പോയി. അവിടെ പുതിയ കമ്മിറ്റി രൂപീകരിച്ചു. കെ ഇ ഗംഗാധരൻ, പാട്യം രാജൻ, പിണറായി വിജയൻ തുടങ്ങിയവർ അടങ്ങുന്നതായിരുന്നു ആ കമ്മിറ്റി.
പിന്നീട് തളിപ്പറമ്പിൽ വിദ്യാർഥി സമ്മേളനം കഴിഞ്ഞ് തിരിച്ച് വരവെ പാപ്പിനിശ്ശേരി റെയിൽവെ ഗേറ്റിനടുത്ത് വെച്ച് എന്നെ പോലീസ് മർദ്ദിച്ചു. തലശ്ശേരി ആർഡിഒയ്‌ക്ക് പരാതി കൊടുക്കാൻ അന്ന് പിണറായി നിർേദ്ദശിച്ചു. തെളിവെടുപ്പിന് എന്റെ കൂടെ വന്നതും പിണറായി സഖാവ് ആയിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിൽ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. പിന്നീട് ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തു. പാർടി ക്യാമ്പുകളിലും മറ്റ് പരിപാടികളിലുമെല്ലാം ദീർഘനാൾ ഒന്നിച്ച് ചെലവഴിച്ചു. ഈ അടുപ്പം പിന്നീട് കുടുംബ ബന്ധത്തിലേക്കും വഴിമാറി. പിണറായിലെ വീട്ടിലും സ്ഥിരമായി പോകാൻ തുടങ്ങി. അമ്മയുമായും സഹോദരനുമായും വലിയ സൗഹൃദത്തിലായി. പിന്നിട് അദ്ദേഹത്തിൻ്റെ വിവാഹ ശേഷം കമല ടീച്ചറുമായും നല്ല ബന്ധം തുടർന്നു. വിവാഹ ശേഷം പിണറായിയും ടീച്ചറും കന്യാകുമാരിയിൽ പോയപ്പോൾ ഞാനും ഒപ്പം പോയി. എന്റെ വിവാഹ ശേഷം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഗാഢബന്ധമായി ഇതെല്ലാം മാറി.
രണ്ട് വീടുകളിലും നടക്കുന്ന ചെറിയ ചടങ്ങുകളിൽ പോലും പരസ്‌പരം പങ്കെടുത്തു. തുടർന്നിങ്ങോട്ടും അത് തുടരുന്നു. ഏതാണ്ട് 50 വർഷത്തോളം നീണ്ട ബന്ധം.
ബദൽ രേഖ കാലത്ത് കണ്ണൂർ ജില്ലയിൽ പാർടിയെ കരുത്തോടെ പിടിച്ചു നിർത്തിയത് പിണറായി വിജയന്റെ നേതൃത്വത്തിലായിരുന്നു. ആ പ്രവർത്തനങ്ങളിലും കൂടെ ഉറച്ച് നിന്നു. ഒന്നാം പിണറായി മന്ത്രിസഭയിൽ ഒന്നിച്ച് പ്രവർത്തിച്ചപ്പോൾ ക്രാന്തദർശിയായ ഭരണാധികാരിയെയാണ് അടുത്തറിയാനും മനസ്സിലാക്കാനുമായത്. ജനകീയ വിഷയങ്ങളിലും നാടിൻ്റെ വികസന കാര്യങ്ങളിലും അണുകിട വ്യതിചലിക്കാതെയുള്ള ഇടപെടലുകൾ.
അനാവശ്യവും അന്യായവും ജനവിരുദ്ധവും വികസന വിരുദ്ധവുമായ പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും മാറ്റി ലക്ഷ്യം കൈവരിക്കാനുള്ള അനാദൃശ്യമായ ഉൾക്കരുത്തും നിശ്ചയദാർഢ്യവും. വിഴിഞ്ഞം, ഗെയിൽ പദ്ധതി, ദേശീയപാതാ വികസനം ,കണ്ണൂർ വിമാനത്താവളം തുടങ്ങി ഓരോന്നിലും ഈ നവകേരളശിൽപിയുടെ കയ്യൊപ്പ് കാണാൻ കഴിയും.ഇത്തരം ഘട്ടങ്ങളിലെല്ലാം സഖാവിനെതിരെ വ്യക്തിപരമായും കുടുംബപരമായും എതിരാളികൾ നുണപ്രചാരണങ്ങളുടെ മലവെള്ളപ്പാച്ചിലാണ് സൃഷ്ടിച്ചത്.
അവയെയെല്ലാം തികഞ്ഞ നിസ്സംഗതയാടെ തള്ളിക്കളഞ്ഞു. മടിയിൽ കനമുള്ളവനേ ഭയക്കേണ്ടതുള്ളൂ എന്ന സഖാവിൻ്റെ നിലപാട് എത്രത്തോളം ആത്മവിശ്വാസത്തോടെയുള്ളതാണെന്ന് കാലം തെളിയിക്കുകയാണ്. ശത്രുക്കൾ കഴുകൻമാരെ പോലെ റാഞ്ചാൻ നോക്കുമ്പോഴും ശിരസ്സുയർത്തി നിന്നു.
ഭരണാധികാരിയാകും മുമ്പ് സംഘടനാ പ്രവർത്തനത്തിലും അനിതര സാധാരണമായ നേതൃപാടവം നമുക്ക് കാട്ടിത്തന്നു. ബദൽ രേഖാ കാലത്ത് കണ്ണൂർ ജില്ലയിലെ പാർടിയെ ആണെങ്കിൽ വിഭാഗീയത പിടിച്ചുകുലുക്കിയ കാലത്ത് കേരള പാർടിയെ തെല്ലും പോറലേൽക്കാതെ നയിച്ചു. വിഭാഗീയതയുടെ വേരറുത്തു. അക്കാലത്തും വ്യക്തിപരമായ ഒട്ടേറെ കടന്നാക്രമണങ്ങൾക്കിരയായി. സഖാവ് തന്നെ ഒരിക്കൽ പറഞ്ഞ പോലെ മഞ്ഞ പത്രക്കാർ തൊട്ട് മഹാരഥൻമാർ വരെയുള്ളവരുടെ വളഞ്ഞിട്ടുള്ള അക്രമം.
അതിനെയെല്ലാം അതിജീവിച്ചാണ് ഊതിക്കാച്ചിയ പത്തര മാറ്റിൻ്റെ പ്രൗഢിയുമായി ഇന്ന് കേരളത്തെ നയിക്കുന്നത്. ഞങ്ങൾ പരിചയപ്പെട്ട കാലം മുതൽ ഒരു നിഴലായി അദ്ദേഹം അറിഞ്ഞും അറിയാതെയും ഞാൻ കൂടെ നിന്നിട്ടുണ്ട്. ഇനിയുള്ള കാലവും അതങ്ങനെ തുടരും. എൻ്റെ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സാമൂഹ്യ-സംഘടനാ പ്രവർത്തനങ്ങളിലുമെല്ലാം കരുത്തും പ്രചോദനവും വഴികാട്ടിയുമായിരുന്ന എൻ്റെ ജ്യേഷ്ഠ സഹോദരന് വിപ്ലവാഭിവാദ്യങ്ങളോടെ ജന്മദിനാശംസകൾ നേരുന്നു.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി










Click it and Unblock the Notifications