'പിണറായി ആഭ്യന്തര കുഴവാള, രാഹുലിനെതിരെ നെറികെട്ട ആയുധങ്ങളുമായി ചാവേറുകൾ', വിമർശിച്ച് സംവിധായകൻ
മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. പിണറായി ആഭ്യന്തര കുളവാഴ ആണെന്ന് സനൽകുമാർ ശശിധരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ നടക്കുന്ന പ്രചാരണത്തിലാണ് സംവിധായകന്റെ പ്രതികരണം.
പിണറായി വിജയന് എതിരെ ദാക്ഷിണ്യമില്ലാത്ത വിമർശനം ഉയർത്തുന്നത് കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ നെറികെട്ട ആയുധങ്ങൾ പിണറായിയുടെ ചാവേറുകൾ പ്രയോഗിച്ച് കൊണ്ടിരിക്കുന്നതെന്ന് സനൽ കുമാർ ശശിധരൻ ആരോപിക്കുന്നു. ഇതിനെ ബംഗാൾ സിൻഡ്രോം എന്ന് വിളിക്കാമെന്നും സനൽ പരിഹസിക്കുന്നു.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തെളിവ് എവിടെയെന്ന് ചോദിക്കണമെന്നും ഇത്തരം മനോരോഗികളെ തൂത്തെറിയണം എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സനൽ കുമാർ ശശിധരൻ പറയുന്നു.

സനൽ കുമാർ ശശിധരന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം: '' പിണറായി വിജയനെതിരെ ദാക്ഷിണ്യമില്ലാത്ത വിമർശനം ഉയർത്തുന്ന യുവനേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. പ്രതിപക്ഷത്തുനിന്നും അയാളുടെ അത്ര പ്രഹരശേഷിയോടെ മറ്റൊരാളും ഈ ജനവഞ്ചകനെതിരെ സംസാരിക്കുന്നത് കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അയാൾക്കെതിരെ പ്രയോഗിക്കാവുന്ന എല്ലാ നെറികെട്ട ആയുധങ്ങളും പിണറായിവിജയന്റെ ചാവേറുകൾ പ്രയോഗിച്ചുകൊണ്ടേയിരിക്കുന്നു.
വീടുവളഞ്ഞ് അയാളെ അറസ്റ്റ് ചെയ്തതും നീലപ്പെട്ടിതപ്പി ഹോട്ടൽ മുറി റെയ്ഡ് ചെയ്തതും ഒക്കെ കേരളം കണ്ടതാണ്. ദുഷിച്ച പാലുപോലെ നാറുന്ന അവസ്ഥയിൽ സിപിഎമ്മിനെ എത്തിച്ചു പിണറായി വിജയൻ. അതിന്റെ അണികൾക്കിപ്പോൾ നാറ്റം എന്താണെന്നറിയാത്ത വിധത്തിൽ എല്ലാ സെൻസും നഷ്ടപ്പെട്ട അവസ്ഥയിലായതുകൊണ്ട് ഏത് ചീഞ്ഞ ആയുധങ്ങളും എതിരാളികൾക്കെതിരെ പ്രയോഗിക്കും. ഇതിനെ ബംഗാൾ സിൻഡ്രോം എന്ന് വിളിക്കാം. ഏതാനും മാസങ്ങൾ കൂടി കഴിയുമ്പോൾ ഈ അസുഖം ബാധിച്ചവർ തെരുവുകളിൽ ചൂലടിയേറ്റ് ഓടുന്ന അവസ്ഥയും കാണാം.
കേരളത്തെ, അതിന്റെ മതനിരപേക്ഷവും നീതിബോധവുമുള്ള സാമൂഹ്യജീവിതത്തെ തിരികെപ്പിടിക്കണമെങ്കിൽ ജനങ്ങൾ ജാഗരൂഗരാകേണ്ടതുണ്ട്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നവരെ തെളിവുകൾ എവിടെയെന്ന ചോദ്യം കൊണ്ട് മുൾമുനയിൽ നിർത്തുക. ഉത്തരമില്ല എങ്കിൽ ചൂലുകൾ പ്രത്യേകം കരുതുക. ചീഞ്ഞുപോയ ഈ മനോരോഗികളെ തൂത്തെറിയുക. അതല്ലാതെ മറ്റു വഴികളൊന്നുമില്ല. വ്യാജവാർത്തകൾക്കും അപകീർത്തി പ്രചാരണങ്ങൾക്കും എതിരെ പിണറായി വിജയന്റെ പോലീസിന് പരാതികൊടുക്കാൻ പോയിട്ട് ഒരു കാര്യവുമില്ല.
രാഹുൽ മാങ്കൂട്ടത്തിൽ പിണറായി വിജയനെ വിശേഷിപ്പിക്കുന്നത് ആഭ്യന്തരവാഴ എന്നാണ്. ഇയാൾ സത്യത്തിൽ ആഭ്യന്തര കുളവാഴയാണ്. വാഴക്ക് പോലും വേരുകളുണ്ട്. കൊടുങ്കാറ്റിൽ മറിഞ്ഞുവീഴും വരെ അത് നിലപാടുതറകളിൽ ഉറച്ചു നിൽക്കും. കുളവാഴ അങ്ങനെയല്ല. അത് കാറ്റിനൊത്ത് ഒഴുകിമാറിക്കൊണ്ടിരിക്കും. ഇന്നലെ പറഞ്ഞത് ഇന്ന് വിഴുങ്ങും. ഇന്ന് വിഴുങ്ങിയത് നാളെ ച്ഛർദ്ദിക്കും. സമയത്തിന് പറിച്ചുമാറ്റാത്തതുകൊണ്ട് അത് കുളത്തെ തന്നെ വിഴുങ്ങിയിരിക്കുന്നു''.












Click it and Unblock the Notifications