പറയാത്ത കാര്യങ്ങള്‍ പിണറായിയുടെ വായില്‍ തിരുകുന്നോ... മനോരമ ഓണ്‍ലൈനിലെ വാര്‍ത്ത വിവാദമാകുന്നു
തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയാണ്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോള്‍ പ്രതികരിച്ചിരുന്നതുപോലെ ഇനി പ്രതികരിയ്ക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ മനോരമ ഓണ്‍ലൈനില്‍ പിണറായി വിജയന്റേതായി വന്ന പ്രസ്താവന കണ്ടപ്പോള്‍ ചിലര്‍ അത്ഭുതപ്പെട്ടു. മറ്റ് ചിലര്‍ ആവേശഭരിതരായി.
'കേരളത്തിന്റെ കാര്യത്തില്‍ സൂക്ഷിച്ച് ഇടപെട്ടാല്‍ മതി: ബിജെപിയ്ക്ക് മുന്നറിയിപ്പുമായി പിണറായി' എന്നതാണ് വാര്‍ത്ത. പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന് സൃഷ്ടിച്ചെടുത്ത വാര്‍ത്തയാണിത്. എന്നാല്‍ വാര്‍ത്തയില്‍ ഒരിടത്ത് പോലും പിണറായി വിജയന്‍ അങ്ങനെയൊന്നും പറയുന്നില്ലതാനും.

കേരളത്തില്‍ സംഘര്‍ഷം സൃഷ്ടിയ്ക്കുന്ന തരത്തിലാകരുത് ബിജെപിയുടെ കേന്ദ്ര നേതാക്കളുടെ പ്രസ്താവനകള്‍ എന്ന് പറഞ്ഞാണ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. കേന്ദ്ര ഭരണകക്ഷി എന്ന ഉത്തരവാദിത്തം ബിജെപി കാണിയ്ക്കണം എന്നും പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നുണ്ട്.
കേരളത്തിലെ ജനങ്ങളെ അവഹേളിയ്ക്കുന്ന വിധത്തില്‍ വ്യാജ പ്രചാരണം നടത്തി സ്വന്തം അക്രമം മൂടിവയ്ക്കാനുള്ള അപഹാസ്യമായ ശ്രമത്തില്‍ നിന്ന് പിന്‍മാറാനും ജനാധിപത്യവിരുദ്ധമാര്‍ഗ്ഗങ്ങള്‍ വെടിയാനും ബിജെപി നേതൃത്വം തയ്യാറാകണം എന്നും പിണറായി വിജയന്‍ പറയുന്നുണ്ട്.
പക്ഷേ കേരളത്തിന്റെ കാര്യത്തില്‍ സൂക്ഷിച്ച് ഇടപെട്ടാല്‍ മതി എന്ന രീതിയില്‍ ഒരു പ്രയോഗമോ സൂചനയോ എവിടേയും കാണുന്നില്ല. പിണറായി സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു എന്ന് പറഞ്ഞാണ് വാര്‍ത്തയിലെ ഓരോ വരിയേയും മനോരമ സാധൂകരിയ്ക്കുന്നത്. എന്നാല്‍ തലക്കെട്ടിനെ കുറിച്ച് വാര്‍ത്തയില്‍ ഒരിടത്ത് പോലും പറഞ്ഞിട്ടും ഇല്ല. എന്തായാലും സോഷ്യല്‍ മീഡിയയിലെ മനോരമ വിരുദ്ധര്‍ ഇപ്പോള്‍ തന്നെ പൊങ്കാല തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications