സഹകരണ ബാങ്കില്‍ കാശ് നിക്ഷേപിച്ചവര്‍ പേടിക്കേണ്ട; ഒന്നും നഷ്ടമാവില്ല
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകള്‍ അനുഭവിക്കുന്ന പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി
തിരുവനന്തപുരം: കള്ളപ്പണത്തിന്റെ പേരില്‍ സഹകരണ ബാങ്കുകളെ തകര്‍ക്കാനുളള കേന്ദ്രത്തിന്റെ നീക്കം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ല. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച ഒരു ചില്ലിക്കാശ് പോലും ആര്‍ക്കും നഷ്ടമാകില്ല.രാജ്യത്തെ സാമ്പത്തിക അടിമത്തത്തിലേക്ക് നയിക്കാനുളള ഗൂഢനീക്കം നോട്ട് അസാധുവാക്കിയ നടപടിക്ക് പിന്നിലുണ്ടോ എന്ന് സംശയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകള്‍ അനുഭവിക്കുന്ന പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുകയും ചെയ്തു. പ്രമേയത്തില്‍ ഭേദഗതി വേണമെന്ന ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. സഹകരണമേഖലയെ തകര്‍ക്കുന്ന നയങ്ങളില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നും അസാധുവാക്കിയ നോട്ടുകള്‍ വിനിമയം ചെയ്യാന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ആഭ്യന്തര കലാപം
കള്ളപ്പണക്കാര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ നടപടി മൂലം കള്ളപ്പണക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. രാജ്യത്ത് ആഭ്യന്തര കലാപമുണ്ടാകുന്ന സാഹചര്യമാണെന്ന് സുപ്രീംകോടതിയും അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.

ബാങ്കിങ് സംവിധാനം
900 കള്ളപ്പണക്കാരുടെ പട്ടിക തലയിണക്കടിയില്‍ വെച്ചുറങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ 30 ശതമാനം ആളുകള്‍ക്ക് മാത്രമാണ് ബാങ്കിങ് സംവിധാനവുമായി ബന്ധമുളളതെന്ന കാര്യംപോലും മനസിലാക്കാതെയാണ് കേന്ദ്രത്തിന്റെ നോട്ട് നിരോധനം.

സര്‍വ്വകക്ഷി സംഘം
നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും ജനജീവിതത്തെ ദുസഹമാക്കുകയും ചെയ്തു. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി 24ന് സര്‍വകക്ഷി സംഘത്തെ ദില്ലിയിലേക്ക് അയക്കും.

വിഹരിക്കുന്നു
ജെയ്റ്റിലി മുതല്‍ കുമ്മനം വരെയുളളവര്‍ നോട്ട് നിരോധനത്തിലൂടെ കള്ളപ്പണക്കാരെ ഓടിക്കാന്‍ കഴിയുമെന്ന സ്വപ്‌നലോകത്ത് വിഹരിക്കുകയായിരുന്നെന്ന് വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു.

ചോരയും പ്രാണവേദനയും
ഒത്തിരി ചോരയും പ്രാണവേദനയുമാണ് സഹകരണ പ്രസ്ഥാനം. അതിനെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ കേരളത്തില്‍ നിന്നും ജനം ചവിട്ടിപ്പുറത്താക്കുമെന്ന് വിഎസ് പ്രസംഗത്തില്‍ പറഞ്ഞു.












Click it and Unblock the Notifications