'അഴിമതിയുടെ അഴുക്കുചാലിൽ പതിച്ച ഭരണാധികാരി, പിണറായിയുടെ പ്രസ്താവന കേരളീയരെ മണ്ടന്മാരാക്കുന്നത്'; മുല്ലപ്പള്ളി
തിരുവനന്തപുരം: ആർത്തിയാണ് അഴിമതിക്ക് ഇടയാക്കുന്നതെന്ന മുഖ്യമന്ത്രിയുടെ ആത്മാലാപം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിലാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ.അഴിമതിയുടെ അഴുക്കുചാലിൽ നിപതിച്ച ഒരു ഭരണാധികാരി ആർത്തിയാണ് അഴിമതിക്ക് ഇടയാക്കുന്നത് എന്നാണ് പറയുന്നത്.കഴിഞ്ഞ ഏഴുവർഷക്കാലമായി നടന്ന എല്ലാ പ്രമാദമായ അഴിമതിയുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണെന്നത് അറിയാത്തവരായി ആരുമില്ല.മാസപ്പടി വിവാദത്തിൽ കറങ്ങുന്ന ഒരു മുഖ്യമന്ത്രി ഈ നാട്ടിൽ കമ്മീഷനില്ലെന്ന് പറഞ്ഞാൽ ആരിത് വിശ്വസിക്കുമെന്നും മുല്ലപ്പള്ളി ചോദിച്ചു.
'ആർത്തിയാണ് അഴിമതിക്ക് ഇടയാക്കുന്നതെന്ന മുഖ്യമന്ത്രിയുടെ ആത്മാലാപം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിലാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ഒരു തരത്തിലുമുള്ള കമ്മീഷൻ ഏർപ്പാടും കേരളത്തിലില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളീയരെ ഒന്നാകെ മണ്ടന്മാരാക്കുന്നതാണ്. അഴിമതിയുടെ അഴുക്കുചാലിൽ നിപതിച്ച ഒരു ഭരണാധികാരി ആർത്തിയാണ് അഴിമതിക്ക് ഇടയാക്കുന്നത് എന്നാണ് പറയുന്നത്. കഴിഞ്ഞ ഏഴുവർഷക്കാലമായി നടന്ന എല്ലാ പ്രമാദമായ അഴിമതിയുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണെന്നത് അറിയാത്തവരായി ആരുമില്ല.

മാസപ്പടി വിവാദത്തിൽ കറങ്ങുന്ന ഒരു മുഖ്യമന്ത്രി ഈ നാട്ടിൽ കമ്മീഷനില്ലെന്ന് പറഞ്ഞാൽ ആരിത് വിശ്വസിക്കും.കോവിഡ് മഹാമാരിക്കാലത്ത് നടന്ന ഞെട്ടിപ്പിക്കുന്ന അഴിമതിയുടെ ഉത്തരവാദിത്വം തനിക്കല്ലെന്നും എല്ലാം മുഖ്യമന്ത്രി അറിഞ്ഞു നടത്തിയ ഇടപാടാണെന്നുമാണ് മുൻ ആരോഗ്യ മന്ത്രി പറയുന്നത്. ഉയർന്ന പലിശ നിരക്കിൽ മസാല ബോണ്ടിറക്കി പണം സമാഹരിക്കുന്നതിനെ അന്നത്തെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും എതിർക്കുകയാണുണ്ടായതെന്ന് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ധനകാര്യ മന്ത്രിയും മുഖ്യമന്ത്രിയും ചേർന്ന് നടത്തിയ ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ക്രമക്കേടാണ് മസാല ബോണ്ട് വിവാദം. നയതന്ത്ര ബാഗേജിലൂടെ നടന്ന സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ ഭവന പദ്ധതി തുടങ്ങി സകല അഴിമതികളും ആരെ ചുറ്റിപ്പറ്റിയാണെന്ന് മുഖ്യമന്ത്രി ഓർക്കണം.
കഴിഞ്ഞ ഏഴു വർഷക്കാലം അഴിമതിയെ സാർവ്വത്രികമാക്കിയതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. സത്യസന്ധതയോടെ മാധ്യമങ്ങളാണ് മിക്ക അഴിമതിയും പുറത്ത് കൊണ്ടുവന്നത്. കേട്ടില്ലെന്ന് നടിച്ചു മുന്നോട്ട് പോകുന്ന മുഖ്യമന്ത്രിയും ഭരണകൂടവും കേരളത്തിന് ബാദ്ധ്യതയായിരിക്കുന്നു. അഴിമതി അന്വേഷിച്ച് നടപടി സ്വീകരിക്കേണ്ട കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയുടെ ഏജൻ്റ് മാരെപോലെയാണ് പ്രവർത്തിക്കുന്നത്. സുതാര്യവും സത്യസന്ധവും കാര്യക്ഷമവുമായി ഭരണം നടക്കാതെ പോകുമ്പോൾ നീതി ബോധമുള്ള ജനങ്ങളാണ് അതിൻ്റെ ഇരകളാകേണ്ടി വരുന്നുവെന്നത് തികഞ്ഞ വിരോധാഭാസമാണ്. കേരളം കാത്തിരിക്കുന്നത് സംശുദ്ധവും സുതാര്യവും കാര്യക്ഷമതയുള്ളതുമായ ഭരണകൂടമാണ്.സത്യസന്ധതയും നീതി ബോധവുമുള്ള ഭരണാധികാരികളെയാണ് കേരളത്തിന് വേണ്ടത്. ജനങ്ങൾ ആഗ്രഹിക്കുന്നതും അത് തന്നെ'












Click it and Unblock the Notifications