അച്ഛനും മകൾക്കും എതിരായ പിങ്ക് പോലീസ് അതിക്രമം; ഉദ്യോഗസ്ഥയെ യൂനിഫോം ജോലിയിൽ നിന്ന് നീക്കണമെന്ന് കമ്മീഷൻ
തിരുവനന്തപുരം; അച്ഛനേയും മകളേയും പരസ്യമായി അപമാനിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ പട്ടികജാതി-പട്ടിക വർഗ കമ്മീഷൻ. ഉദ്യോഗസ്ഥയെ യൂണിഫോം അണിഞ്ഞുള്ള ജോലിയിൽ നിന്ന് മാറ്റി നിർത്തണം എന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പിങ്ക് പോലീസ് ഉദ്യോഗസ്ഥ സിപി രജിതയ്ക്കെതിരെയാണ് കമ്മീഷന്റെ നടപടി. തോന്നക്കൽ സ്വദേശികളായ ജയചന്ദ്രനേയും മകളേയും അപമാനിക്കാൻ ശ്രമിച്ച സംഭവത്തിലാണ് നടപടി. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജയചന്ദ്രനും എട്ട് വയസായ മകളും പോലീസ് വാഹനത്തിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു രജിത ഇരുവർക്കുമെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവം. ഇരുവരേയും രജിത പരസ്യ വിചാരണ ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ രജിതയെ റൂറല്‍ എസ്.പി. ഓഫീസിലേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടി വേണമെന്ന് ജയചന്ദ്രനും കുടുംബവും ആവശ്യപ്പെടുകയായിരുന്നു.
ഐഎസ്ആർഒയിലേക്ക് റോക്കറ്റുകളുടെ എയറോഡൈനാമിക് ടെസ്റ്റിംഗ് നടത്തുന്നതിനുള്ള ഉപകരണങ്ങളുമായി വരുന്ന വാഹനം കാണണമെന്ന് മകളുടെ ആഗ്രഹ പ്രകാരം ആയിരുന്നു ഓഗസ്റ്റിൽ ഇരുവരും ആറ്റിങ്ങലിലെ മൂന്നുമുക്കിലെത്തിയത്. പിങ്ക് പോലീസിന്റെ കാർ നിർത്തിയതിന് അരികിലായി സ്കൂട്ടർ നിർത്തി മകൾക്ക് വെള്ളം വാങ്ങി നൽകുന്നതിനിടയിലായിരുന്നു രജിത ഫോൺ മോഷണം ആരോപിച്ച് ഇരുവർക്കടുത്തേക്ക് എത്തിയത്. ജയചന്ദ്രൻ ജീപ്പിൽ നിന്നും ഫോൺ എടുക്കുന്നത് കണ്ടെന്നും മകളെ ഏൽപ്പിക്കുകയാണ് ചെയ്തതെന്നുമായിരുന്നു രജിതയുടെ ആരോപണം.
എന്നാൽ ഫോൺ എടുത്തില്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും കേൾക്കാൻ രജിത തയ്യാറായില്ല. മാത്രമല്ല ജയചന്ദ്രനേയും മകളേയും പരസ്യമായി ചോദ്യം ചെയ്യാനും തുടങ്ങി. ഇത് കേട്ട് ഭയന്ന കുട്ടി കരഞ്ഞു തുടങ്ങിയതോടെ നാടട്ുകാർ ചുറ്റും കൂടി നിൽക്കുകയായിരുന്നു. ജയചന്ദ്രനെ ദേഹപരിശോധന ഉൾപ്പെടെ രജിത നടത്തി. ഇതിനിടയിൽ മറ്റൊരു പോലീസുകാരി മൊബൈൽ ഫോണിലേക്ക് വിളിപ്പോൾ ബെല്ലടിക്കുന്നത് കേട്ട് നടത്തിയ തിരച്ചിലിൽ ഫോൺ കാറിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. അതേസമയം ഫോൺ കിട്ടിയിട്ടും രജിത അച്ഛനേയും മകളേയും അധിക്ഷേപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളെല്ലാം പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
Recommended Video
അതേസമയം സംഭവത്തിൽ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജയചന്ദ്രൻ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയിരുന്നു.സംഭവത്തിൽ പോലീസുകാരിക്കെതിരെ നിരവധി പരാതി നൽകിയിരുന്നുവെങ്കിലും അവരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് നിവേദനത്തിൽ ഇരകൾ പറഞ്ഞിരുന്നു. അതേസമയം നിവേദനം വായിച്ച മുഖ്യമന്ത്രി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായി ജയചന്ദ്രൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications