ഹാര്‍വാര്‍ഡില്‍ നിന്നടക്കം ആദരം; പ്രശസ്ത ഹൃദയ ശസത്രക്രിയാ വിദഗ്ദ്ധന്‍ ഡോ. കെ എം ചെറിയാന്‍ അന്തരിച്ചു
ബംഗളൂരു: രാജ്യത്ത് ആദ്യമായി കൊറോണി ആര്‍ട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ പ്രശസ്ത ഹൃദയ ശസത്രക്രിയാ വിദഗ്ദ്ധന്‍ ഡോക്ടര്‍ കെ എം ചെറിയാന്‍ അന്തരിച്ചു. 82 വയസായിരുന്നു.
ഇന്നലെ രാത്രി 11.50ന് ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ബംഗളൂരുവില്‍ സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. 1991 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

1990 മുതല്‍ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സര്‍ജനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005-ല്‍ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സര്‍ജറി വിഭാഗത്തില്‍ അധ്യാപകനായാണ് ചെറിയാന്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1975 ല്‍ ഇന്ത്യയില്‍ ആദ്യത്തെ കൊറോണറി ആര്‍ട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തി. ഹൃദയം, ശ്വാസകോശം മാറ്റിവയ്ക്കല്‍, ആദ്യത്തെ പീഡിയാട്രിക് ട്രാന്‍സ്പ്ലാന്റ്, ആദ്യത്തെ ലേസര്‍ ഹൃദയ ശസ്ത്രക്രിയ എന്നിവ നടത്തിയിട്ടുണ്ട്. ലക്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി, ഡോ. എംജിആര്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി മെഡിക്കല്‍ യൂണിവേഴ്സിറ്റി എന്നിവയില്‍ നിന്ന് ഓണററി ഡോക്ടര്‍ ഓഫ് സയന്‍സ് പദവിയും ഡോ. ചെറിയാന് ലഭിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും അമേരിക്കയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയില്‍ ലോക പ്രശസ്ത ഡോക്ടര്‍മാരുടെ കീഴില്‍ ജോലി ചെയ്തിട്ടുണ്ട്.
വേള്‍ഡ് കോണ്‍ഗ്രസ് ഒഫ് തൊറാസിക് കാര്‍ഡിയാക് സര്‍ജന്‍ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനും അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് തൊറാസിക് സര്‍ജറിയിലെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ അംഗവുമാണ് ഡോ. ചെറിയാന്‍.
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാര്‍ഡിയാക് തൊറാസിക് സര്‍ജന്റെ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. പീഡിയാട്രിക് കാര്‍ഡിയാക് സൊസൈറ്റി ഒഫ് ഇന്ത്യയുടെ പ്രസിഡന്റുമായിരുന്നു. മദ്രാസ് മെഡിക്കല്‍ മിഷന്റെ (എംഎംഎം) സ്ഥാപക വൈസ് പ്രസിഡന്റും ഡയറക്ടറും പിഐഎംഎസ് പോണ്ടിച്ചേരിയുടെ സ്ഥാപക ചെയര്‍മാനുമാണ്.
ജസ്റ്റ് ആന്‍ ഇന്‍സ്ട്രുമെന്റ് എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. ഭാര്യ: സെലിന്‍ ചെറിയാന്‍.












Click it and Unblock the Notifications