Get Updates
Get notified of breaking news, exclusive insights, and must-see stories!

തോൽപ്പിച്ചത് സാക്ഷാൽ വി.എസിനെ, ജയിച്ചിട്ടും എതിർ സ്ഥാനാർഥിയുടെ പേരിൽ അറിയപ്പെട്ട ഫ്രാൻസിസ്

തെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്നുള്ള മുന്നണികളുടെയും സ്ഥാനാർഥികളുടെയും കണക്കുകൂട്ടലുകളിൽ, കേരള രാഷ്ട്രീയ ചരിത്രത്തിലെ അതികായരുടെ പതനങ്ങളും അട്ടിമറി വിജയങ്ങളും പരിഗണിക്കപ്പെടുന്നുണ്ട്. ഇത്തരം വീഴ്ചകളും വിജയങ്ങള​ും എല്ലാ തെരഞ്ഞെടുപ്പുകളിലും കാണാം. അത്തരത്തിൽ എന്നും ഓർമിക്കപ്പെടുന്ന വിജയമാണ് കോൺഗ്രസ് ​നേതാവായ പി.ജെ. ഫ്രാൻസിസിന്റേത്. എൽഡിഎഫ് കോട്ടയിൽ ഫ്രാൻസിസ് തകർത്തത് മറ്റാരെയുമല്ല- സാക്ഷാൽ വി.എസ്. അച്യുതാനന്ദനെയാണ്. അതുകൊണ്ട് തന്നെ ജയിച്ചിട്ടും എതിർ സ്ഥാനാർഥിയുടെ പേരിൽ, 'വി.എസിനെ തോൽപിച്ചയാൾ’ എന്നാണ് ഫ്രാൻസിസ് എന്നെന്നും ഓർമിക്കപ്പെടുന്നത്.

1996ൽ മുഖ്യമന്ത്രിയാകാൻ ഉറപ്പിച്ച് മത്സരിക്കാനിറങ്ങിയ വി.എസ്. അച്യുതാനന്ദനെ മാരാരിക്കുളത്ത് മുട്ടുകുത്തിച്ച ഫ്രാൻസിസിന്റെ പോരാട്ടം രാഷ്ട്രീയകേരളം ഒരിക്കലും മറക്കില്ല. ആലപ്പുഴയ്ക്ക് പുറത്ത് താരതമ്യേന അപ്രശസ്തനായിരുന്ന ഫ്രാൻസിസ് അതോടെ ശ്രദ്ധാകേന്ദ്രമായി. പരാജിതനായ പടനായകനും ജയിച്ച പടയും എന്ന അവസ്ഥയിലേക്കാണ് എൽഡിഎഫിനെ ഫ്രാൻസിസ് എത്തിച്ചത്. സിറ്റിങ് സീറ്റിൽ മത്സരിക്കുന്ന ജനപ്രിയ നായകനായ വി.എസിനോട് തോൽവി പ്രതീക്ഷിച്ച് മത്സരിച്ച ഫ്രാൻസിസിനെ സിപിഎമ്മിൽ അന്ന് നിലനിന്നിരുന്ന വിഭാഗീയതയാണ് തുണച്ചത്. പാർട്ടിയിലെ എതിർപക്ഷം നീക്കിയ കരുക്കളിലാണ് വി.എസ് വീണതെന്ന് പിന്നീട് സിപിഎം കണ്ടെത്തി. ഇതി​ന്റെ പേരിൽ ഏരിയ സെക്രട്ടറിയായിരുന്ന സി.കെ. ഭാസ്കരനെയും ജില്ലാ നേതാവായിരുന്ന ടി.കെ. പളനിയെയും ബ്രാഞ്ചിലേക്ക് തരം താഴ്ത്തുകയും ചെയ്തിരുന്നു.

vs-pjfrancis

1987ലും 1991ലും അരൂരിൽ ​കെ.ആർ. ​ഗൗരിയമ്മയോട് പരാജയപ്പെട്ട ഫ്രാൻസിസിനെ 1996ൽ മാരാരിക്കുളത്ത് വി.എസിനെ എതിരിടാൻ നിയോഗിച്ചത് എ.കെ. ആന്റണിയാണ്. സിറ്റിങ് സീറ്റ് എന്ന പ്ലസ് പോയന്റിന് പുറമേ, സർക്കാരിനെതിരെ പാമോയിലും ഇടമലയാറും സൂര്യനെല്ലിയും ഉൾപ്പടെയുള്ള വിഷയങ്ങളിൽ നിയമസഭക്കകത്തും പുറത്തും സമരങ്ങൾ നടത്തി വി.എസ് കത്തിനിൽക്കുന്ന സമയമാണ്. കയർ, കശുവണ്ടി മേഖലയിലും ചാരായനിരോധനവുമായി ബന്ധപ്പെട്ട തൊഴിൽ വിഷയങ്ങളിലും വി.എസ് നടത്തിയ ഇടപെടലുകൾക്ക് ജനപ്രീതി ഏറിനിൽക്കുന്ന സമയം.

കരുണാകരൻ മാറി ആ​ന്റണി മുഖ്യമന്ത്രിയായിട്ടും കോൺഗ്രസും യുഡിഎഫും പലവിധ പ്രശ്നങ്ങളിൽ പെട്ട് ഉഴറുന്ന കാലമായിരുന്നു അത്. ശിവ​ഗിരിയിൽ പൊലീസ് കയറിയത്, സൂര്യനെല്ലി, ചാരക്കേസ്, അഴിമിതിയാരോപണങ്ങൾ എന്നിങ്ങനെ യുഡിഎഫിനെ വേട്ടയാടുന്ന കാര്യങ്ങൾ നിരവധിയായിരുന്നു. 1991ൽ യുഡിഎഫ് അനുകൂല തരം​ഗം ആഞ്ഞടിച്ചപ്പോൾ പോലും വി.എസ് 9,980 വോട്ടുകൾക്ക് ജയിച്ച മണ്ഡലമായതിനാൽ ഫ്രാൻസിസ് തോൽവി ഉറപ്പിച്ചതാണ്. പക്ഷേ, ഫലം വന്നപ്പോൾ 1965 വോട്ടുകൾക്ക് ഫ്രാൻസിസ് ജയിച്ചു. രാഷ്ട്രീയവഴിത്താരയിൽ തുടർപരാജയങ്ങൾ വിജയത്തിന്‍റെ ചവിട്ടുപടികളാണെന്ന് തെളിയിച്ച ഫ്രാൻസിസ് അന്ന് ഹീറോ ആയി.

'തുടർച്ചയായ രണ്ടുതോൽവിക്ക് ​ശേഷം മൂന്നാം തവണയും മത്സരിക്കാൻ തീരുമാനിച്ചപ്പോൾ കുടുംബം പോലും ഇനിയും വേണോ? എന്ന് ചോദിച്ചതാണ്. പക്ഷേ ഉറ്റസുഹൃത്തുക്കളും പാർട്ടിയും കൂടെനിന്നു. എ.കെ. ആന്റണിയാണ് അന്ന് മത്സരിക്കാൻ നിർബന്ധിച്ചത്. കൂടെ ദൈവവിശ്വാസവും ചേർന്നപ്പോൾ എനിക്ക് കൂടുതൽ ശക്തി ലഭിച്ചു’- ആ ചരിത്രനിമിഷത്തെക്കുറിച്ച് ഫ്രാൻസിസ് പിന്നീട് പറഞ്ഞതിങ്ങനെ.

ഫ്രാൻസിസിന്റെ വിജയത്തെ വി.എസ് കോടതിയിൽ ചോദ്യം ചെയ്തിരുന്നു. കർക്കശക്കാരനായ കമ്യൂണിസ്റ്റുകാരനിൽനിന്ന് വി.എസ് എന്ന ജനകീയ നേതാവിലേക്ക് രാഷ്ട്രീയശൈലി മാറിയതും മാരാരിക്കുളത്തെ ഈ വീഴ്ചക്ക് ശേഷമാണ്. 2001ൽ വീണ്ടും പോരിനിറങ്ങിയ ഫ്രാൻസിസ് ഡോ. തോമസ് ഐസക്കിനോട് പരാജയപ്പെട്ടു. പിന്നാലെ രാഷ്ട്രീയത്തിൽനിന്ന് സ്വയംവിരമിച്ചു.

ഇന്റർമീഡിയറ്റ് വിദ്യാർഥിയായിരിക്കെയാണ് പി.ജെ. ഫ്രാൻസിസ് സജീവ കോൺഗ്രസ് പ്രവർത്തകനാകുന്നത്. എറണാകുളം ലോ കോളജിൽ നിന്ന് നിയമബിരുദം നേടി ആലപ്പുഴ കോടതിയിൽ 35 വർഷം അഭിഭാഷകനായിരുന്നു. ആലപ്പുഴ നഗരസഭയിൽ 1979-1982 കാലത്ത് പ്രതിപക്ഷ നേതാവായി. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്, മത്സ്യത്തൊഴിലാളി ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗം, ഐഎൻടിയുസി- കെഎസ്ഇബി യൂണിയൻ പ്രസിഡന്റ്, ആലപ്പുഴ ഡിസിസി വൈസ് പ്രസിഡ​​ന്റ്, കെ പി സി സി അം​ഗം എന്ന നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ജൂൺ 19നായിരുന്നു മരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+