ജോസിന്റെ ചിരി മായുമോ? അടിയന്തര നടപടിക്കായി പിജെ ജോസഫ് വിഭാഗം ഹൈക്കൊടതിയെ സമീപിക്കുന്നു
കൊച്ചി: തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയും കേരള കോണ്‍ഗ്രസ് എന്ന പേരും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് എടുത്ത നിലപാട് ഹൈക്കോടതിയും ശരിവെച്ചതോടെ വലിയ ആത്മവിശ്വാസമാണ് ജോസ് കെ മാണി പക്ഷത്തുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്നെ കേരള കോണ്‍ഗ്രസ് എമ്മിന് രണ്ടില ചിഹ്നം അനുവദിച്ച് കിട്ടുകയും ചെയ്തു. ഇതോടെ വലിയ പ്രതിസന്ധിയിലായത് പിജെ ജോസഫും യുഡിഎഫും ആയിരുന്നു. എന്നാല്‍ ജോസിനെ പൂട്ടാന്‍ അതിവേഗ നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് പിജെ ജോസഫ്.

കേരള കോണ്‍ഗ്രസ് എം
കേരള കോണ്‍ഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ പിജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് കമ്മീഷന് തീരുമാനം ഹൈക്കൊടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ജോസഫിന്റെ ഹര്‍ജിയില്‍ ആദ്യം ഹൈക്കോടതി രണ്ടില ചിഹ്നം മരവിപ്പിക്കുകയും ചെയ്തിരുന്നു.


ജോസഫ് വിഭാഗം
ഇതേ തുടര്‍ന്ന് തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഇരുവിഭാഗങ്ങള്‍ക്കും സ്വതന്ത്ര ചിഹ്നങ്ങളും അനുവദിക്കുകയും ചെയ്തിരുന്നു. കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ മാണി വിഭാഗത്തിന് ടേബിള്‍ ഫാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചിരുന്നു. തീരുമാനം ഹൈക്കോടതി വിധിക്ക് വിധേയമായിരിക്കുമെന്നും കമ്മീഷന് വ്യക്തമാക്കിയിരുന്നു.

സ്വതന്ത്രര്‍
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി ശരിവെച്ചതോടെ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ രണ്ടില ചിഹ്നം തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം ഉത്തരവിറക്കുകയും ചെയ്തു. ജോസ് കെ മാണി വിഭാഗത്തിന് നേരത്തേ അനുവദിച്ച ‘ടേബിൾ ഫാൻ' ചിഹ്നം സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിക്കുകയും ചെയ്തു.

രണ്ടില ചിഹ്നം
പാര്‍ട്ടിയുടെ അഭിമാനമായ രണ്ടില ചിഹ്നം തദ്ദേശ തിരഞ്ഞെടുപ്പില്‍ തന്നെ അനുവദിച്ച് കിട്ടിയതില്‍ ജോസ് ക്യാമ്പില്‍ വലിയ ആഹ്ളാദമാണ് ഉള്ളത്. കേരള കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകള്‍ നിലനിര്‍ത്താന്‍ രണ്ടില ചിഹ്നം അനുകൂല ഘടകമാവുമെന്നും യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എം തങ്ങളാണെന്ന് വ്യക്തമായെന്നും ജോസ് വിഭാഗം അവകാശപ്പെട്ടു.

കോടതി തീരുമാനം
അതേസമയം, മറുപക്ഷത്ത് കോടതി തീരുമാനം പിജെ ജോസഫിനും യുഡിഎഫിനും കടുത്ത തിരിച്ചടിയാണ് നല്‍കിയത്. ചിഹ്നം നഷ്ടമായതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ജോസഫ് വിഭാഗം പാര്‍ട്ടിയെ അല്ലാതായും മാറും. വിധിക്ക് സ്റ്റേ വാങ്ങിയില്ലങ്കില്‍ തദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ എന്ന നിലയില്‍ വേണം ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാന്‍.

ഇടക്കാല സ്റ്റേ
ഇതേ തുടര്‍ന്ന് രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിനനുവദിച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയാണ് പിജെ ജോസഫ്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണെമെന്നും ചിഹ്നവും പാര്‍ട്ടിയുടെ പേരും ജോസ് കെ മാണിക്കനുവദിച്ച ഉത്തരവില്‍ ഇടക്കാല സ്റ്റേ അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങളുമാണ് പിജെ ജോസഫ് ഉന്നയിക്കുന്നത്.

പ്രചാരണം തുടങ്ങി
അപ്പീല്‍ ഹര്‍ജിയില്‍ ഡിവിഷന് ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിക്കുമെന്നാണ് ജോസഫ് പക്ഷത്തിന്റെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ ജോസ് വിഭാഗത്തിന് അത് കനത്ത തിരിച്ചടിയാവും. രണ്ടില ചിഹ്നം ഉപയോഗിച്ച് പ്രചാരണം തുടങ്ങിയ കേരള കോണ്‍ഗ്രസ് എമ്മിന് മറ്റ് ചിഹ്നം ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരും.

ക്ഷീണമുണ്ടാക്കി
തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ജോസ് വിഭാഗത്തിന് ചിഹ്നം ലഭിച്ചത് ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലില്‍ പിജെ ജോസഫ് വിഭാഗത്തിനും യുഡിഎഫിനുമുണ്ട്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഡിവിഷന് ബെഞ്ചിനെ സമീപിക്കാന്‍ ജോസഫ് വിഭാഗം തീരുമാനിച്ചത്. ജോസഫ് വിഭാഗം കോടതിയെ സമീവിച്ചാല് ജോസും കോടതിയെ സമീപിക്കും.

ജോസ് പക്ഷം
ജോസഫ് വിഭാഗം ചെണ്ട ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ഇന്നു വൈകുന്നേരം മൂന്നിനു മുമ്പാണ് ഔദ്യോഗിക രാഷ്ട്രീയപാര്‍ട്ടികള്‍ ചിഹ്നത്തിനായി കത്ത് നല്‍കേണ്ട അവസാന സമയം. സിംഗിള്‍ ബെഞ്ച് മാസങ്ങള്‍ നീണ്ട വാദത്തിനൊടുവിലാണ് വിധി പുറപ്പെടുവിച്ചതെന്നും തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല വിധി പുറപ്പെടുവിക്കരുതെന്നുമായിരിക്കും ജോസ് പക്ഷം കോടതിയെ അറിയിക്കുക.