ആറുതവണ മന്ത്രി, ഗായകൻ, കർഷകൻ; അതികായൻ ജനനായക സഭയിറങ്ങുമ്പോൾ...
കർഷക രാഷ്ട്രീയത്തിന്റെ ചൂടറിയുന്ന, ഗ്രൂപ്പ് പോരിന്റെ മർമ്മമറിയുന്ന, മുന്നണിഭേദമന്യേ ബന്ധങ്ങൾ സൂക്ഷിക്കുന്ന അതികായൻ അരനൂറ്റാണ്ട് പിന്നിട്ട തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതത്തിന് വിരാമമിടുമ്പോൾ കേരളം മറ്റൊരു തലമുറമാറ്റത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫിന്റെ ജനനായക സഭയിൽ നിന്നുള്ള പടിയിറക്കം കേരള ചരിത്രത്തിൽ വീണ്ടുമൊരു മക്കൾ രാഷ്ട്രീയ ഏടിനാണ് വഴിയൊരുക്കുന്നതും. ഇടത്-വലത് മുന്നണികളുടെ ഭാഗമായി ആറുവട്ടം മന്ത്രി, തൊടുപുഴ മണ്ഡലത്തിൽ 11 തവണ മത്സരിച്ചതിൽ പത്തിലും വിജയം, രണ്ട് വട്ടം മാത്രം തോറ്റ അരനൂറ്റാണ്ട് പിന്നിടുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം.
1968ൽ കേരള കോൺഗ്രസിലൂടെ പൊതുജീവിതം തുടങ്ങി, രാഷ്ട്രീയ കാലാവസ്ഥയ്ക്ക് അനുസരിച്ച് പിളരാനും വളരാനും മുന്നണി മാറാനും അസാമാന്യ മെയ് വഴക്കം കാട്ടിയ പി.ജെ. ജോസഫ് വിശ്രമിക്കാനില്ലെന്ന് പ്രവർത്തകർക്ക് ഉറപ്പ് നൽകുന്നുമുണ്ട്. സുദീർഘ പാർലമെന്ററി രാഷ്ട്രീയത്തിൽനിന്നുള്ള പിന്മാറ്റത്തിന് കാരണമായി അദ്ദേഹം പറയുന്നത് ആരോഗ്യപരമായ കാരണങ്ങളാണ്. എങ്കിലും സജീവമായി പ്രചാരണരംഗത്തുണ്ടാകുമെന്നത് അണികൾക്കുള്ള വാക്ക്.
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ പുറപ്പുഴ ഗ്രാമത്തിൽ വയറ്റാട്ടിൽ പാലത്തിനാൽ പി.ഒ. ജോസഫിന്റെയും അന്നമ്മയുടെയും അഞ്ച് മക്കളിൽ മൂന്നാമനായി 1941 ജൂൺ 28-നാണ് ജോസഫിന്റെ ജനനം. പുറപ്പുഴ ഗവ. എൽ.പി. സ്‌കൂൾ, സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്‌കൂൾ, കോട്ടയം എസ്.എച്ച്. മൗണ്ട് സ്‌കൂൾ, ചങ്ങനാശ്ശേരി എസ്.ബി. കോളേജ്, മദ്രാസ് ലയോള കോളേജ്, തേവര സേക്രഡ് ഹാർട്ട് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.

എഴുപതുകളിൽ സംസ്ഥാനത്തെ ഏറ്റവും പ്രഗല്ഭനായ യുവനേതാവ് എന്ന പേരെടുത്താണ് കേരള കോൺഗ്രസിന്റെ തലപ്പത്തേക്ക് എത്തിയത്. 1973ൽ യൂത്ത്ഫ്രണ്ട് പ്രസിഡന്റ് ആയി. 1979ൽ കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാൻ ആയി. 1980-ൽ യുഡിഎഫിന്റെ സ്ഥാപക കൺവീനർ ആയതും മറ്റാരുമല്ല.
ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം, പൊതുമരാമത്ത്, എക്സൈസ്, ജലവിഭവം വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള ജോസഫ് 1970ലാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1978 ജനുവരിയിൽ കെ.എം. മാണിക്ക് പകരമായി എ.കെ. ആന്റണി മന്ത്രിസഭയിൽ അംഗമായി. തെരഞ്ഞെടുപ്പുകേസിൽ മാണിയുടെ നിയമസഭാംഗത്വം റദ്ദാക്കപ്പെട്ടതിനെ തുടർന്നാണ് ആഭ്യന്തരമന്ത്രിയായത്. എട്ടുമാസത്തിനിപ്പുറം മാണി കുറ്റവിമുക്തനാക്കപ്പെട്ടതോടെ 78 സെപ്റ്റംബറിൽ രാജിവെക്കുകയും ചെയ്തു. പിന്നീട് അഞ്ച് മന്ത്രിസഭകളിൽ കൂടി അംഗമായി. 1981-'82 റവന്യൂ-വിദ്യാഭ്യാസ-എക്‌സൈസ്, 1982-'87ൽ റവന്യൂ-ഭവനനിർമാണം, 1996-ൽ വിദ്യാഭ്യാസം, പൊതുമരാമത്ത്, രജിസ്‌ട്രേഷൻ, 2006-ൽ പൊതുമരാമത്ത്, 2011-ൽ ജലവിഭവം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തത്.
1996-2001 കാലത്ത് ഇടത് മുന്നണിയുടെ ഭാഗമായി വിദ്യാഭ്യസ മന്ത്രി ആയിരിക്കുമ്പോഴാണ് സ്‌കൂൾ വിദ്യാഭ്യാസരംഗത്ത് വലിയമാറ്റത്തിന് വഴിതെളിച്ച ഡിപിഇപി നടപ്പാക്കിയതും കോളേജിൽനിന്ന് വേർപെടുത്തി പ്ലസ് ടു സമ്പ്രദായം കൊണ്ടുവന്നതും. 1991ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും കോൺഗ്രസിന്റെ കെ.എം. മാത്യുവിനോട് തോറ്റു. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പി.ടി. തോമസിനോടും തോറ്റു. അമ്പത് കൊല്ലത്തിലധികം നീണ്ട രാഷ്ട്രീയജീവിതത്തിൽ ഈ രണ്ട് തോൽവി മാത്രം. 2006ൽ പി.ടി. തോമസിനെ തോൽപ്പിക്കുകയും ചെയ്തു.
കേരളാ കോൺഗ്രസിന്റെ 1987ലെ പിളർപ്പിലാണ് ജോസഫ് ഗ്രൂപ്പ് പിറവിയെടുക്കുന്നത്. പിന്നീട് 2010 വരെ ദീർഘകാലം ഇടതുമുന്നണിയുടെ ഭാഗമായി. വി.എസ്. സർക്കാറിൽ മന്ത്രിയായിരുന്ന ജോസഫ് 2010 ഏപ്രിൽ 30ന് മന്ത്രിസ്ഥാനം രാജിവെച്ച് കേരളാ കോൺഗ്രസ് മാണിയിൽ ലയിച്ചു. എന്നാൽ ഒമ്പത് കൊല്ലത്തിനിപ്പുറം കെ.എം. മാണിയുടെ മരണത്തിന് പിന്നാലെ പാർട്ടിയിൽ ജോസഫ് പക്ഷവും ജോസ് കെ. മാണി പക്ഷവും രൂപപ്പെട്ടു പിളർപ്പിൽ കലാശിച്ചു. ജോസഫ് യുഡിഎഫിൽ തുടരുകയും ജോസ് കെ. മാണി വിഭാഗം എൽഡിഎഫിലേക്ക് പോവുകയും ചെയ്തു.
മികച്ച കർഷകൻ, ഗായകൻ തുടങ്ങിയ വിശേഷണങ്ങളും ജോസഫിനുണ്ട്. വർഷങ്ങളോളം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടത്തിയിരുന്ന കാർഷിക മേള മലയോര കർഷകരുടെ ഉത്സവമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവേദികളിൽ വോട്ടർമാരെ പാട്ടിലൂടെ കയ്യിലെടുത്ത് 'പാട്ടുംപാടി' ജോസഫ് വിജയിച്ച് പോകുന്നത് പതിവ് കാഴ്ചയായിരുന്നു.
-
കേരളത്തിലെ രാഷ്ട്രീയ വിഭജനം യഥാര്‍ത്ഥമാണോ? എല്‍ഡിഎഫ്-യുഡിഎഫ് അധികാര സമവാക്യം പറയുന്നത് -
കേരളത്തെ ബിഗ് ബൗസ് ഹൗസിനോടുപമിച്ച് അഖില്‍ മാരാര്‍, 'എല്ലാവരും എനിക്ക് തന്നെ വോട്ട് ചെയ്യും' -
'നിങ്ങളുടെ സ്വന്തം പിണറായി വിജയന്...' വോട്ടര്‍മാരെ പേരെടുത്ത് വിളിച്ച് ധര്‍മടത്ത് മുഖ്യമന്ത്രിയുടെ കത്ത് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ














Click it and Unblock the Notifications