'ആ എസ്എഫ്‌ഐക്കാരെ കണ്ട് പഠിക്ക്'; രാഹുല്‍ മാങ്കൂട്ടത്തിലിനോട് പിജെ കുര്യന്‍, മറുപടി
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനിടെ സാക്ഷിയാക്കി യൂത്ത് കോണ്‍ഗ്രസിനേയും കെ എസ് യുവിനേയും രൂക്ഷമായി വിമര്‍ശിച്ചും എസ് എഫ് ഐ പ്രശംസിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. കോണ്‍ഗ്രസ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സമരസംഗമം പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു പിജെ കുര്യന്റെ പ്രതികരണം.
കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫും വേദിയിലിരിക്കെയായിരുന്നു കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ കുര്യന്റെ വിമര്‍ശനം. ഒരു മണ്ഡലത്തില്‍ 25 പേരെയെങ്കിലും കൂടെ കൂട്ടാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയേണ്ടെ എന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനോട് പിജെ കുര്യന്‍ ചോദിച്ചു. 'യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റിനെ വല്ലപ്പോഴും ടി വിയിലൊക്കെ കാണാം.

എന്തുകൊണ്ട് വല്ലപ്പോഴും ഓരോ മണ്ഡലത്തിലും പോയി ചെറുപ്പക്കാരെ വിളിച്ച് കൂട്ടുന്നില്ല. യൂത്ത് കോണ്‍ഗ്രസിന്റെ ചെറുപ്പക്കാര്‍ ചെന്ന് മണ്ഡലങ്ങളില്‍ ഒരു 25 ചെറുപ്പക്കാരെ ഉണ്ടാക്കാന്‍ കഴിയണം,' അദ്ദേഹം പറഞ്ഞു. എസ് എഫ് ഐയുടെ സര്‍വകലാശാല സമരം ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്ഷുഭിത യൗവ്വനത്തെ എസ്എഫ്‌ഐ കൂടെ നിര്‍ത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.
നമുക്ക് അഗ്രസീവ് ഒന്നും വേണ്ട ഒരു മണ്ഡലത്തില്‍ ഇരുപത്തിയഞ്ച് പേരെ കൊണ്ടുവരണം എന്നും കുര്യന്‍ ആവശ്യപ്പെട്ടു. എന്തൊക്കെ എതിര്‍പ്രചാരണം ഉണ്ടെങ്കിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംഘടന സംവധാനം ശക്തമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കഴിഞ്ഞ തവണ താന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്ന് നിയമസഭാ സീറ്റുകളില്‍ യു ഡി എഫ് ജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'പത്തനംതിട്ടയില്‍ ആരോടും ആലോചിക്കാതെയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചത്. അനില്‍കുമാറും അടൂര്‍ പ്രകാശും ഇരിക്കുന്ന കെപിസിസിയില്‍ ഞാന്‍ പറഞ്ഞ അഭിപ്രായം അംഗീകരിച്ചില്ല. അന്ന് അവര്‍ കേട്ടില്ല. ഞാന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ മൂന്ന് പേര്‍ ഉറപ്പായും ജയിക്കുമായിരുന്നു. സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പിച്ചാല്‍ ഇത്തവണ അപകടം ഉണ്ടാകും,' കുര്യന്‍ പറഞ്ഞു.
അതേസമയം പി ജെ കുര്യന് അതേവേദിയില്‍ വെച്ച് തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി നല്‍കി. പത്തനംതിട്ട ജില്ലയില്‍ അടക്കം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ നടത്തുന്ന സമരങ്ങളും അതിന്റെ പേരില്‍ നേരിടേണ്ടി വരുന്ന കേസുകളും ചൂണ്ടിക്കാണിച്ചായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മറുപടി. കുടുംബസംഗമങ്ങളില്‍ ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞാലും തെരുവിലെ സമരത്തില്‍ അതുണ്ടാകില്ല എന്ന് രാഹുല്‍ പറഞ്ഞു.
ആ ബാധ്യത കൃത്യമായി ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടത്തുന്നുണ്ട്. മന്ത്രി വീണാ ജോര്‍ജിനെതിരായി ഒരാഴ്ചയിലേറെയായി നീണ്ടുനില്‍ക്കുന്ന സമരങ്ങളുടെ പരമ്പരയുണ്ടായിട്ടുണ്ട് എന്നും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ തനിക്കെതിരെ മാത്രം ഈ വിഷയത്തില്‍ നാലിലേറെ കേസുകള്‍ ഉണ്ടെന്നും രാഹുല്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.












Click it and Unblock the Notifications