കെടി ജലീല്‍ മലപ്പുറം ബണ്ടി ചോര്‍ എന്ന് പികെ ഫിറോസ്; പൊതുമുതല്‍ കൈയ്യിട്ട് വാരുന്നു
മലപ്പുറം: അധ്യാപക ജോലി ചെയ്തിരുന്ന കാലത്തെ പെന്‍ഷന്‍ കിട്ടാന്‍ കെടി ജലീല്‍ എംഎല്‍എ വഴിവിട്ട നീക്കം നടത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. എങ്ങനെയാണ് രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടായതെന്നും തന്റെ ആസ്തി വിവരങ്ങളും കെടി ജലീല്‍ വിശദീകരിച്ച പിന്നാലെയാണ് പികെ ഫിറോസ് രംഗത്തുവന്നിരിക്കുന്നത്.
എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കണമെങ്കില്‍ ജോലി രാജിവയ്ക്കണം എന്ന ഹൈക്കോടതി വിധിയാണ് തന്റെ രാജിക്ക് കാരണം എന്നാണ് കെടി ജലീല്‍ വിശദീകരിച്ചത്. 2021ല്‍ രാജി വച്ച പിന്നാലെ ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യുകയുണ്ടായി. അതുകൊണ്ടാണ് ടെക്‌നിക്കല്‍ രാജിയായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടതും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തേടിയതും എന്ന് കെടി ജലീല്‍ വിശദീകരിക്കുന്നു.

എന്നാല്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് പികെ ഫിറോസ് പ്രതികരിച്ചത്. മല്‍സരിക്കാന്‍ രാജിവയ്ക്കുക, രാജിവച്ചപ്പോള്‍ കിട്ടേണ്ട ആനുകൂല്യങ്ങള്‍ നേടുക, മന്ത്രി എംഎല്‍എ എന്നീ വകയിലുള്ള പെന്‍ഷനുകള്‍ക്ക് പുറമെ അധ്യാപകനായ വകയിലുള്ള പെന്‍ഷന്‍ ആനുകൂല്യം കൂടി കിട്ടാന്‍ അപേക്ഷിക്കുക. അതിനായി സര്‍വീസ് ബുക്ക് തിരുത്താന്‍ ശ്രമിക്കുക. പൊതുമുതല്‍ കൈയ്യിട്ട് വാരുന്നത് ഒരാള്‍ ശീലമാക്കിയാല്‍ എന്ത് ചെയ്യണം എന്നാണ് ഫിറോസ് ചോദിക്കുന്നത്.
പികെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: മത്സരിക്കാന്‍ വേണ്ടി ആദ്യം സര്‍ക്കാര്‍ ജോലി രാജി വെക്കുക. രാജി വെച്ചപ്പോള്‍ കിട്ടേണ്ട ആനുകൂല്യങ്ങളെല്ലാം ആ സമയത്ത് കൈപ്പറ്റുക. മന്ത്രി, എം.എല്‍.എ എന്നീ വകയില്‍ കിട്ടാനുള്ള പെന്‍ഷനുകള്‍ക്ക് പുറമെ, അധ്യാപകനായ വകയിലുമുള്ള ഇരട്ട പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കിട്ടാന്‍ രാജി കൊടുത്തത് പിന്നീട് വിടുതലാക്കാന്‍ അപേക്ഷിക്കുക. അതിനായി സര്‍വീസ് ബുക്ക് തിരുത്താനും ശ്രമിക്കുക.
പൊതുമുതല്‍ കയ്യിട്ട് വാരുന്നത് ഒരാള്‍ ശീലമാക്കിയാല്‍ നമ്മളെന്ത് ചെയ്യണം? അത്തരക്കാരെ കയ്യോടെ പിടിക്കണം. അപ്പോഴോ?! ചില പോക്കറ്റടിക്കാര്‍ ചെയ്യുന്നത് പോലെ അവര്‍ വായില്‍ ബ്ലേഡ് കഷ്ണങ്ങള്‍ സൂക്ഷിക്കും. പിടിക്കാന്‍ വരുന്നവരുടെ മുഖത്തേക്ക് തുപ്പും. നമ്മളറിയാതെ മുഖം തുടക്കും. മുറിവും പറ്റും. പക്ഷേ കാര്യമാക്കരുത്.
സത്യസന്ധത ജീവിതത്തില്‍ അടുത്ത് കൂടെ പോകാത്ത ഒരാളുടെ മുഖമാണ് വീണ്ടും വീണ്ടും വ്യക്തമാവുന്നത്. ഉടായിപ്പിന് കയ്യും കാലും വെച്ച ഒരാള്‍. അയാള്‍ സ്വയം വിശേഷിപ്പിക്കുന്നത് മലപ്പുറം സുല്‍ത്താന്‍ എന്നാണ്. നാട്ടുകാര്‍ അയാളെ ഇനി മുതല്‍ മലപ്പുറം ബണ്ടി ചോര്‍ എന്നാണ് വിളിക്കുക. മലപ്പുറം ബണ്ടി ചോര്‍!












Click it and Unblock the Notifications