'നിറം മാറാൻ കാരണം വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ്', ലൗ ജിഹാദ് പരാമർശത്തിനെതിരെ പികെ ഫിറോസ്
കോഴിക്കോട്: കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്നുളള സിപിഎം നേതാവ് ജോർജ് എം തോമസിന്റെ പ്രസ്താവനയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. കോഴിക്കോട് ഡിവൈഎഫ്ഐ നേതാവ് മിശ്രവിവാഹം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ജോർജ് എം തോമസിന്റെ പ്രതികരണം.
ജോർജ് എം തോമസിന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് രംഗത്ത് എത്തി. ലൗ ജിഹാദ് പോലെയുള്ള വർഗ്ഗീയ നുണ പരാമർശങ്ങൾ ഏറ്റെടുത്ത് ഇപ്പോൾ ഇങ്ങനെ നിറം മാറാൻ കാരണം വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് മാത്രമാണെന്ന് പികെ ഫിറോസ് കുറ്റപ്പെടുത്തി.
പികെ ഫിറോസിന്റെ പ്രതികരണം: '' ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും വർഗ്ഗീയത പരത്തി വോട്ടു നേടുക എന്നതാണ് സി.പി.എമ്മിന്റെ രാഷ്ട്രീയ നയം. കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി ത്രയങ്ങൾ ഭരിക്കുമെന്ന് ഒരിക്കൽ പറഞ്ഞു. കുഞ്ഞാലിക്കുട്ടി, ഹസ്സൻ, അമീർ എന്നാണ് ഈ കഴിഞ്ഞ ഇലക്ഷനിലെ പ്രയോഗം. ഇതെല്ലാം വർഗ്ഗീയത ലക്ഷ്യം വെച്ചാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാവും. വീട്ടുകാരുടെയോ പെൺകുട്ടിയുടെ സമുദായത്തിന്റെയോ വൈകാരികതകൾക്ക് യാതൊരു മാനുഷിക പരിഗണനയും നൽകാതെ എത്രയെത്ര മിശ്ര വിവാഹങ്ങൾക്കാണ് സിപിഎം പാർട്ടി ഓഫീസുകൾ വേദിയായിട്ടുള്ളത്.

ഏതാനും മാസങ്ങൾക്ക് മുമ്പല്ലേ കണ്ണൂരിൽ ഒരു മുസ്‌ലിം പെൺകുട്ടിയെ ഇതുപോലെ പാർട്ടി കല്യാണത്തിന് വിധേയയാക്കിയത്. എന്തുകൊണ്ടാണ് ഇപ്പോഴൊരു യു-ടേണിന് സിപിഎം ഒരുങ്ങിയത്.?! ഇത്തരം മിശ്ര വിവാഹങ്ങൾ പാർട്ടി പ്രോത്സാഹിപ്പിക്കുന്നില്ല എന്ന സിപിഎം നേതാവിന്റെ പുതിയ നിലപാട് വഴി റദ്ദ് ചെയ്യപ്പെടുന്നത് നിലവിലെ സിപിഎം മന്ത്രിയുടെയും സ്പീക്കറുടേയും, രാജ്യസഭ എം.പിയുടേയുമൊക്കെ വിവാഹങ്ങളല്ലേ? തിരുവമ്പാടിയിലെ നിലവിലെ എം.എൽ.എ ഈയിടെ അന്യമതത്തിൽ പെട്ട പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചപ്പോൾ ആശീർവദിച്ചത് ഇതേ ജോർജ്.എം. തോമസ് തന്നെ ആയിരുന്നില്ലേ?
ഇപ്പോഴത്തെ പാർട്ടി നിലപാടിനെ കുറിച്ച് തിരുവമ്പാടി എം.എൽ.എയുടെ അഭിപ്രായമെന്താണ്? സംഘ് പരിവാർ പോലും പറഞ്ഞു പറഞ്ഞു നാവ് കടഞ്ഞ ലൗ ജിഹാദ് പോലെയുള്ള വർഗ്ഗീയ നുണ പരാമർശങ്ങൾ ഏറ്റെടുത്ത് ഇപ്പോൾ ഇങ്ങനെ നിറം മാറാൻ കാരണം വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് മാത്രമാണ്. വിനയത്തോടെ ആവർത്തിക്കുന്നു, ഇങ്ങനെ ഇടക്കിടെ നിറം മാറി നാണമില്ലാതെയായിട്ടു നിങ്ങൾക്കുപോലും മടുക്കുന്നില്ലേ..!!''












Click it and Unblock the Notifications