മലപ്പുറത്ത് സ്ഥിരം പട്ടാള ക്യാമ്പ് വേണം.. പിണറായി ഭരണത്തിൽ ഹിന്ദുക്കൾ അരക്ഷിതരെന്ന് ബിജെപി നേതാവ്
മലപ്പുറം: മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തിനെതിരെ സംഘപരിവാര്‍ സോഷ്യല്‍ മീഡിയ വഴി വളരെ നാളുകളായി വെറുപ്പിന്റെ രാഷ്ട്രയം പ്രചരിപ്പിക്കുന്നുണ്ട്. കത്വ സംഭവത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ നടത്തപ്പെട്ട വ്യാജ ഹര്‍ത്താലിന്റെ മറവില്‍ ആ പ്രചാരണം ശക്തിപ്പെട്ടിരിക്കുന്നു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പികെ കൃഷ്ണദാസ് മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി രംഗത്ത് വന്നിട്ടുണ്ട്. വ്യാജ ഹര്‍ത്താലിന്റെ മറവിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് സ്ഥിരം പട്ടാളക്ക്യാമ്പ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് പികെ കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഹര്‍ത്താലിന്റെ മറവില്‍ നടന്നത് വര്‍ഗീയ കലാപമാണ്. തിരൂര്‍, താനൂര്‍ മേഖലകളില്‍ ഹിന്ദുക്കളുടെ കടകള്‍ തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയും കൊള്ളയടിക്കുകയുമായിരുന്നു. ഈ ആക്രമണങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ഭാഗമായതിനെക്കുറിച്ച് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും മുസ്ലീം ലീഗിന്റെയും നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.

ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നിലെ അന്തര്‍ദേശീയ ഗൂഢാലോചനയും സംസ്ഥാനത്തും ദേശീയ തലത്തിലും നടന്ന ആസൂത്രണവും എന്‍ഐഎയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പികെ കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് ഭരണത്തില്‍ കേരളത്തിലെ ഹിന്ദു സമൂഹം അരക്ഷിതരാണെന്നും കൃഷ്ണദാസ് ആരോപിച്ചു.
ഹിന്ദുക്കള്‍ക്ക് എതിരായ ആക്രമണങ്ങള്‍ തടയുന്നതിലും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിലും ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയത്വം തുടരുകയാണ് എന്നും പികെ കൃഷ്ണദാസ് കുറ്റപ്പെടുത്തി. മന്ത്രി കെടി ജലീല്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനിയെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി സന്ദര്‍ശിച്ചത് ഗൂഢാലോചനയുടെ ഭാഗമാണോയെന്ന സംശയവും കൃഷ്ണദാസ് ഉന്നയിച്ചു. ആക്രമണം നടന്ന സ്ഥലത്ത് സന്ദര്‍ശനം നടത്തിയ കെടി ജലീല്‍ ആക്രമണത്തെ ലഘൂകരിച്ച് സംസാരിച്ചതും ഗൂഢാലോചയുടെ ഭാഗമാണോ എന്നതും അന്വേഷിക്കണമെന്ന് പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications