കുഞ്ഞാലിക്കുട്ടിയെ മൂലക്കിരുത്തി; ഇടി ബഷീറിനെ പുറത്തും!! ഡല്‍ഹിയില്‍ മുസ്ലിം ലീഗിന് 'പണി കിട്ടാന്‍' കാരണം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഡല്‍ഹിയില്‍ നടന്ന സമരത്തില്‍ അവഗണന നേരിട്ട് മുസ്ലിം ലീഗ്. രാംലീല മൈതാനത്ത് നടന്ന പരിപാടിയില്‍ മുസ്ലിം ലീഗിന്റെ പ്രതിനിധിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ല. ഗ്യാനേഷ് കുമാറിനെതിരെ രാഷ്ട്രപതിയെ കണ്ട സംഘത്തില്‍ നിന്ന് മുസ്ലിം ലീഗ് പ്രതിനിധിയെ അവസാന നിമിഷം വെട്ടി. ബോധപൂര്‍വമായ നീക്കങ്ങള്‍ നടന്നു എന്നാണ് മുസ്ലിം ലീഗ് സംശയിക്കുന്നത്.
ഡല്‍ഹി ചലോ റാലിയില്‍ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയാണ്. കേരളത്തില്‍ സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കൂടിയായ ഇദ്ദേഹം പാണക്കാട് സാദിഖലി തങ്ങളുടെ നിര്‍ദേശ പ്രകാരമാണ് ഡല്‍ഹി സമരത്തിന് പോയത്. പാണക്കാട് തങ്ങള്‍ വിദേശത്തായതിനാലാണ് പ്രതിനിധിയായി കുഞ്ഞാലിക്കുട്ടിയെ അയച്ചത്.

മിക്ക പാര്‍ട്ടി പ്രതിനിധികള്‍ക്കും റാലിയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചു. റാലിയിലെ വാഹനത്തില്‍ കുഞ്ഞാലിക്കുട്ടിയും ഉണ്ടായിരുന്നു. പ്രസംഗിക്കാന്‍ കുഞ്ഞാലിക്കുട്ടിയെ സംഘാടകര്‍ ക്ഷണിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ സമരത്തില്‍ തുടക്കം മുതല്‍ മുന്നിലുണ്ട് മുസ്ലിം ലീഗ് എംപിമാരും പ്രവര്‍ത്തകരും പോഷക സംഘടനകളും.
ഗ്യാനേഷ് കുമാറിനെ നീക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കാന്‍ പോകുന്ന സംഘത്തില്‍ പതിനൊന്നാമന്‍ ആയിട്ടാണ് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ പേര് ചേര്‍ത്തത്. ആദ്യം പേരില്ലായിരുന്നു എന്നും പ്രതിഷേധം അറിയിച്ചപ്പോഴാണ് അവസാനത്തെ അംഗമായി പേര് ചേര്‍ത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ട സംഘത്തില്‍ ഇടി മുഹമ്മദ് ബഷീറുമുണ്ടായിരുന്നു. പത്ത് പേര്‍ക്കാണ് രാഷ്ട്രപതി ഭവന്‍ അനുമതി നല്‍കിയത്. ഇതോടെ ഇടി ബഷീര്‍ പുറത്തായി. ഇതിന് പിന്നില്‍ ബോധപൂര്‍വമായ നീക്കങ്ങള്‍ നടന്നു എന്നാണ് മുസ്ലിം ലീഗ് കരുതുന്നത്. കേരളത്തില്‍ വിഡി സതീശന് ലീഗ് നല്‍കുന്ന പിന്തുണയില്‍ അതൃപ്തിയുള്ളവരാണ് ഡല്‍ഹിയിലെ അവഗണനയ്ക്ക് പിന്നില്‍ എന്നാണ് മുസ്ലിം ലീഗിലെ ഒരു വിഭാഗം പറയുന്നത്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഗ്യാനേഷ് കുമാറിനെ കുറ്റവിചാരണ ചെയ്യുന്ന യോഗം സംഘടിപ്പിച്ചിരുന്നു. ഇതിലേക്ക് എംഎസ്എഫിനെ ക്ഷണിക്കാത്തത് ബോധപൂര്‍വമാണ് എന്നും മുസ്ലിം ലീഗ് സംശയിക്കുന്നുണ്ട്. ജാമിഅ മില്ലിയ്യയില്‍ സമരം ചെയ്ത വിദ്യാര്‍ഥി സംഘടനകളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. സമരത്തില്‍ എംഎസ്എഫ് ഉണ്ടായിരുന്നു എന്ന് മുസ്ലിം ലീഗ് പറയുന്നു. എന്നിട്ടും ക്ഷണിക്കാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം എംഎസ്എഫിലും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ജമാഅത്തെ ഇസ്ലാമിയുടെ ഫ്രറ്റേണിറ്റി മൂവ്‌മെന്റിനെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.


Click it and Unblock the Notifications
