'വിചിത്രമായ ഒരു വെളിപ്പെടുത്തൽ, ഹരീന്ദ്രനെ കൊണ്ട് പറയിപ്പിച്ചത്', പിന്നിൽ മൂന്നാല് പേരെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ രക്ഷപ്പെടുത്താന്‍ ഇടപെടല്‍ നടത്തിയെന്ന ആരോപണം പികെ കുഞ്ഞാലിക്കുട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കണ്ണൂരിലെ അഭിഭാഷകനായ ടിപി ഹരീന്ദ്രനാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഹരീന്ദ്രന്‍ പറയുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഇതൊന്നും നാട്ടുകാര്‍ വിശ്വസിക്കില്ല. ഹരീന്ദ്രന്റെ ഉദ്ദേശം എന്താണെന്ന് വ്യക്തമാണ്. ഡിവൈഎസ്പി നിഷേധിച്ചതോടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിഞ്ഞു. ഷുക്കൂര്‍ കേസിന്റെ പിന്നില്‍ ഏറ്റവും കൂടുതല്‍ നിന്നത് താനടക്കമുളള ലീഗിന്റെ നേതാക്കളാണ്. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തു. വിചിത്രമായ ഒരു വെളിപ്പെടുത്തലാണിത് എന്ന് തങ്ങള്‍ക്ക് മനസ്സിലായി.

ഈ വെളിപാട് ഇപ്പോള്‍ അവതരിക്കാനുളള കാരണം എന്താണെന്ന് പാര്‍ട്ടി ആലോചിച്ചു. അപ്പോള്‍ മനസ്സിലായത് ഇത് അത്ര നിരുപദ്രവകരമല്ല എന്നാണ്. ഇതിന്റെ പിന്നില്‍ എന്തോ ഉണ്ടെന്ന് തോന്നി. അന്വേഷിച്ചപ്പോള്‍ ചില സൂചനകള്‍ കിട്ടിയിട്ടുണ്ട്. മൂന്നാല് പേരുകള്‍ അന്തരീക്ഷത്തിലുണ്ട്. ഇതൊക്കെ അഭ്യൂഹങ്ങളാണ്. അത് വെച്ച് താനിപ്പോള്‍ ഒരു നിഗമനത്തില്‍ എത്തുന്നില്ല. ഹരീന്ദ്രനെ കൊണ്ട് ഇത് പറയിപ്പിച്ചതാണ് എന്നും അദ്ദേഹത്തിന് പിന്നില്‍ ആളുകള്‍ ഉണ്ടെന്നുമൊക്കെ മനസ്സിലായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എല്‍ഡിഎഫ് നേതാക്കളുടെ ഭാഗത്ത് നിന്നാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇപ്പോഴത് പറയുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മൂന്നാല് പേരുണ്ട്. അത് സത്യസന്ധമായി പുറത്ത് വരട്ടെ. ഇതില്‍ നല്ലത് പോലീസ് അന്വേഷണമാണ് എന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. എന്തും തന്നെക്കുറിച്ച് പറയാമെന്നാണോ. ഭാഷയൊന്നും യോജിക്കാന്‍ പറ്റില്ല. എല്ലാ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകര്‍ ക്രിമിനല്‍ കേസുകള്‍ നല്‍കിയിട്ടുണ്ട്. കേട്ടവര്‍ പ്രകോപിതരായി കേസ് കൊടുത്തു എന്നതാണ് ശരി. ചിലപ്പോള്‍ താന്‍ തന്നെ കേസ് കൊടുക്കേണ്ടി വരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
താന്‍ ഒരുപാട് വേട്ടയാടലുകള്‍ നേരിട്ട ആളാണ്. അതിന്റെ പിറകേയൊന്നും പോവുകയോ തിരിച്ച് കേസ് കൊടുക്കുകയോ ചെയ്തിട്ടില്ല. പക്ഷേ ഇത് താന്‍ വിടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു ഇത് ഷുക്കൂറിന്റെ കേസാണ്. ഇത് വിടുന്ന പ്രശ്‌നമില്ല. ഈ വെളിപ്പെടുത്തലിന് പിറകില്‍ ആരെങ്കിലും ഉണ്ടോ എന്ന് അറിയണം. ഇല്ലെങ്കില്‍ ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് നിയമനടപടി നേരിടേണ്ടി വരും. ഷൂക്കൂര്‍ വധക്കേസ് ഒരു ആയുധമായി ഉപയോഗിച്ചതിനെ വെറുതെ വിടില്ല. നിയമപരമായി ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും വിട്ടുവീഴ്ച ഇല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.












Click it and Unblock the Notifications