'സമുദായത്തിന് നഷ്ടമായതെല്ലാം ലീഗ് തിരിച്ചുപിടിച്ചു'; കുഞ്ഞാലിക്കുട്ടിയുടെ 3 വാഹനത്തിന് ഒരേ നമ്പര്‍
കെഎം ഷാജിയുടെ സ്വകാര്യ വാഹനത്തിലെ യാത്ര വിവാദമായ പിന്നാലെ, സര്‍ക്കാരിനെ സമീപിച്ച് അഞ്ച് മന്ത്രിമാര്‍. സ്വകാര്യ വാഹനം ഔദ്യോഗിക വാഹനമായി ഉപയോഗിക്കാന്‍ അനുമതി വേണം എന്നാവശ്യപ്പെട്ടാണ് അഞ്ചുപേരുമെത്തിയത്. എല്ലാവര്ക്കും പൊതുഭരണ വകുപ്പ് അനുമതി നല്‍കുകയും ചെയ്തു. ഇതില്‍ നാലു പേരും മുസ്ലിം ലീഗ് മന്ത്രിമാരാണ്.
പികെ കുഞ്ഞാലിക്കുട്ടി, പികെ ബഷീര്‍, കെഎം ഷാജി, വിഇ അബ്ദുല്‍ ഗഫൂര്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കാണ് സ്വകാര്യ വാഹനം ഔദ്യോഗിക വാഹനമാക്കി ഉപയോഗിക്കാന്‍ അനുമതി ലഭിച്ചത്. മന്ത്രിമാര്‍ യാത്ര ചെയ്യുന്ന വേളയില്‍ മാത്രമാണ് ഔദ്യോഗിക വാഹനത്തിന്റെ നമ്പര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

കെഎം ഷാജി ആഡംബര സ്വകാര്യ വാഹനം ഉപയോഗിച്ചത് നേരത്തെ വിവാദമായിരുന്നു. ഔദ്യോഗിക വാഹനം ഇടയ്ക്കിടെ കേടാകുന്ന സാഹചര്യത്തിലാണിത് എന്നായിരുന്നു വിശദീകരണം. സ്വകാര്യ വാഹനത്തില്‍ ഔദ്യോഹിക വാഹനത്തിന്റെ നമ്പര്‍ ഉപയോഗിക്കണമെങ്കില്‍ അനുമതി വാങ്ങേണ്ടതുണ്ട്. ഇത് ഷാജി വാങ്ങാതിരുന്നതാണ് വിവാദമായത്. ഇപ്പോള്‍ ഷാജിയുടെ അപേക്ഷയിലും അനുകൂല തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ട്.
അതേസമയം, പികെ കുഞ്ഞാലിക്കുട്ടിയുടെ മൂന്ന് സ്വകാര്യ വാഹനങ്ങളില്‍ ഔദ്യോഗിക നമ്പര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. റേഞ്ച് റോവര്‍, ഇന്നോവ, ബെന്‍സ് കാറുകളിലാണ് അനുമതി. എല്ലാ വാഹനങ്ങളിലും ഇനി രണ്ട് എന്ന ഔദ്യോഗിക നമ്പര്‍ ആയിരിക്കും കുഞ്ഞാലിക്കുട്ടി യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കുക. ഇതിന്റെ ഇന്ധന ചെലവും അറ്റക്കുറ്റ പണിയുടെ ചെലവും സ്വന്തമായി വഹിക്കേണ്ടി വരും.
അതേസമയം, പുതിയ തീരുമാനത്തെ പരിഹസിച്ചാണ് കെടി ജലീല്‍ രംഗത്തുവന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി മുസ്ലിം സമുദായത്തിന് നഷ്ടമായതെല്ലാം മുസ്ലിം ലീഗ് തിരിച്ചുപിടിച്ചതായി നേതാക്കള്‍ അറിയിച്ചു എന്നായിരുന്നു ജലീലിന്റെ പരിഹാസം. ഇതിലും വലിയൊരു അംഗീകാരം മുസ്ലിം സമുദായത്തിന് കിട്ടാനില്ലെന്ന് നേതാക്കള്‍ പ്രമേയം പാസാക്കിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ജലീലിന്റെ കുറിപ്പ് ഇങ്ങനെ- ''കുഞ്ഞാലിക്കുട്ടി സാഹിബിന്റെ റെയ്ഞ്ചറോവര്‍, ബെന്‍സ്, ഇന്നോവ എന്നീ 3 കാറുകള്‍ക്ക് 'കേരള സ്റ്റേറ്റ് 2' ബോര്‍ഡ് വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കഴിഞ്ഞ പത്തുവര്‍ഷമായി മുസ്ലിംസമുദായത്തിന് നഷ്ടപ്പെട്ടതെല്ലാം ലീഗ് തിരിച്ചുപിടിച്ചതായി നേതാക്കള്‍ അറിയിച്ചു. ഈ സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് ലീഗ് വിളിച്ചു ചേര്‍ത്ത മതസംഘടനാ നേതാക്കളുടെ അടിയന്തിര യോഗം പൂക്കി സര്‍ക്കാരിനെ മുക്തകണ്ഠം പ്രശംസിച്ചു. ഇതിലും വലിയൊരു അംഗീകാരം വര്‍ത്തമാന ഇന്ത്യയില്‍ മുസ്ലിം സമുദായത്തിന് വേറെ കിട്ടാനില്ലെന്ന് ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.''


Click it and Unblock the Notifications
