പാണക്കാട് തങ്ങള്‍ അന്ന് വിളിച്ചില്ലെങ്കില്‍ ലൈഫ് ഇല്ലാതാകുമായിരുന്നു; ചിരി പൊട്ടിച്ച് കുഞ്ഞാലിക്കുട്ടി
കേരള രാഷ്ട്രീയത്തില്‍ തന്ത്രജ്ഞന്‍മാരുടെ പട്ടിക തയ്യാറാക്കിയാല്‍ ഒഴിവാക്കാന്‍ പറ്റാത്ത വ്യക്തിത്വമാണ് പികെ കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗിന്റെ അനിഷേധ്യ നേതാവ് എന്നും യുഡിഎഫിലെ ട്രബിള്‍ ഷൂട്ടര്‍ എന്നുമെല്ലാം വിളിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയത്തിന് മാറ്റ് കൂട്ടിയത് മലപ്പുറം നഗരസഭയും തദ്ദേശ തിരഞ്ഞെടുപ്പുമാണ്.
ഒരേ സമയം നഗരസഭാ ചെയര്‍മാനും എംഎല്‍എയുമായ നേതാവാണ് കുഞ്ഞാലിക്കുട്ടി. കണ്ണൂര്‍ തളിപ്പറമ്പിലെ കോളജ് പഠനം രാഷ്ട്രീയത്തില്‍ ബാലപാഠം ഒരുക്കിയ തട്ടകമാണ്. പഠനം കഴിഞ്ഞ് നാട്ടിലെത്തിയ ശേഷം കുറച്ചുകാലം ബിസിനസിലേക്ക് തിരിഞ്ഞിരുന്നു അദ്ദേഹം. ഈ വേളയിലാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിളിച്ചതും മലപ്പുറം നഗരസഭയിലേക്ക് മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടതും.

രാഷ്ട്രീയത്തിലെ 18 അടവും പഠിച്ചത് മലപ്പുറത്തെ തദ്ദേശ തിരഞ്ഞെടുപ്പ് കാലത്താണ്. കേരളം ഇന്നു കാണുന്ന എല്ലാ രാഷ്ട്രീയ വെല്ലുവിളികളുടെയും ചെറിയ രൂപം അവിടെ കുഞ്ഞാലിക്കുട്ടിക്ക് അനുഭവങ്ങളായുണ്ട്. നാട്ടിലെ പ്രമാണിമാരും തറവാട്ടുകാരും രാഷ്ട്രീയം നിയന്ത്രിക്കുന്ന കാലമാണത്. അവര്‍ക്ക് വേണ്ട എന്ന് തോന്നിയാല്‍ പുറത്താക്കാന്‍ ശ്രമം നടക്കും.
കണ്ണൂരിനേക്കാള്‍ വലുത് മലപ്പുറത്ത്
പാണക്കാട് തങ്ങള്‍ നഗരസഭാ കൗണ്‍സിലര്‍ ആയി മല്‍സരിക്കാന്‍ വിളിച്ചത്, ചെയര്‍മാന്‍ പദവി ഏല്‍പ്പിക്കണം എന്നു കൂടി കണ്ടായിരുന്നു. പാണക്കാട് ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ കൗണ്‍സിലര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട പിന്നാലെ നഗരസഭയുടെ അധ്യക്ഷനുമായി. കണ്ണൂരിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അപ്പുറമായിരുന്നു മലപ്പുറത്തെ കാര്യങ്ങള്‍. ഭാഷാ സമരവും വെടിവയ്പ്പുമെല്ലാം അദ്ദേഹം സൂചിപ്പിച്ചു.
താഴെ ഇറക്കാന്‍ പല കൡകളും അന്ന് ഒരു ഭാഗത്ത് നടന്നു. മൂന്നു പേരെ മറുകണ്ടം ചാടിക്കാന്‍ ചിലര്‍ കളിച്ചു. മറുഭാഗത്ത് നിന്ന് മൂന്നു പേരെ ഇപ്പുറത്തേക്ക് മാറ്റി തിരിച്ചടിച്ചു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പിന്നിട്ട രസകരമായ രാഷ്ട്രീയ ഓര്‍മകള്‍ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. അന്ന് ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തമായ ചില രാഷ്ട്രീയ സാഹചര്യമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.
എംഎല്‍എയും നഗരസഭാ ചെയര്‍മാനും
പിന്നീടാണ് നിയമസഭയിലേക്ക് മല്‍സരിക്കണമെന്ന് പാണക്കാട് തങ്ങള്‍ ആവശ്യപ്പെട്ടത്. മലപ്പുറം നഗരസഭയില്‍ ചെയര്‍മാനും തിരുവനന്തപുരത്ത് നിയമസഭയില്‍ എംഎല്‍എയുമായി കുറച്ചുകാലം മുന്നോട്ടുപോയി. അന്ന് അതൊക്കെ നടക്കുമായിരുന്നു. മലപ്പുറത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതും നടപ്പാക്കിയതും ആ അഞ്ചു വര്‍ഷമാണ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പഠനം കഴിഞ്ഞ ശേഷം ബിസിനസിലേക്ക് കടക്കുകയാണ് ചെയ്തത്. ടെക്‌സ്റ്റൈല്‍സില്‍ മാനേജിങ് പാര്‍ട്ണറായി ജോലി നോക്കി. ഈ വേളയിലാണ് പാണക്കാട്ടു നിന്ന് വിളി വന്നത്. അന്ന് തങ്ങള്‍ വിളിച്ചത് നന്നായി എന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. അല്ലെങ്കില്‍ ബിസിനസില്‍ ഒതുങ്ങുമായിരുന്നു. കച്ചവടം എനിക്ക് പറ്റിയ പണിയല്ലെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ടായിരുന്നു എന്നു കുഞ്ഞാലിക്കുട്ടി ഓര്‍ത്തു.
തങ്ങള്‍ വിളിച്ചത് ഭാഗ്യമായിട്ടേ കണ്ടിട്ടുള്ളൂ. അല്ലെങ്കില്‍ ടെക്‌സ്റ്റൈസിലെ തുണി മുറിച്ച് ലാഭം കണക്കുകൂട്ടി ലൈഫ് തന്നെ പോകുമായിരുന്നു എന്ന് ചിരിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി പറയുന്നു. കുറച്ചു പൈസക്ക് വേണ്ടിയല്ലേ ഇതൊക്കെ ചെയ്യുന്നത് എന്നും ചിന്തിച്ചിരുന്നു. രാഷ്ട്രീയത്തില്‍ സജീവമായതോടെ നാട്ടുകാരുടെ മുന്നില്‍ പ്രസംഗിച്ച് നടക്കാന്‍ പറ്റുന്നത് വലിയ സന്തോഷമാണ്. ടെക്‌സ്‌റ്റൈല്‍സില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ശ്വാസം നേരെ വീണു എന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications