മുത്തലാഖ്; ബിജെപിയുടെ നീക്കങ്ങളിൽ കുഞ്ഞാലിക്കുട്ടിക്ക് ആശങ്ക! അതിനു കാരണമുണ്ട്, സമഗ്രമായ ചർച്ച വേണം
സുപ്രീംകോടതിയിൽ മുത്തലാഖിന് അനുകൂലമായി വാദിച്ച മുസ്ലീം പേഴ്സണൽ ലോ ബോർഡിനൊപ്പമാണ് മുസ്ലീം ലീഗ് ഇതുവരെ നിന്നത്.
മലപ്പുറം: മുത്തലാഖ് വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി കേന്ദ്രസർക്കാരും ബിജെപിയും രാഷ്ട്രീയമായി ഉപയോഗിക്കുമോ എന്ന് ആശങ്കയുണ്ടെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. മുത്തലാഖുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്തുമ്പോൾ പാർലമെന്റിൽ സമഗ്രമായ ചർച്ച വേണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധി കേന്ദ്രസർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുമോ എന്ന ആശങ്കയുണ്ടാകാൻ നിലവിലെ സാഹചര്യത്തിൽ അനവധി കാരണങ്ങളുണ്ട്. പാർലമെന്റിൽ എല്ലാവർക്കും അവരവരുടെ വാദങ്ങൾ സമഗ്രമായി അവതരിപ്പിക്കാൻ അവസരമുണ്ടാകണം.

ഏകപക്ഷീയമായി മുന്നോട്ട് പോകാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെങ്കിൽ മറ്റു മുസ്ലീം സംഘടനകളുമായി യോജിച്ച് ഇക്കാര്യത്തിൽ കടുത്ത നിലപാടിലേക്ക് മുസ്ലീം ലീഗിന് നീങ്ങേണ്ടി വരുമെന്നും പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
സുപ്രീംകോടതിയിൽ മുത്തലാഖിന് അനുകൂലമായി വാദിച്ച മുസ്ലീം പേഴ്സണൽ ലോ ബോർഡിനൊപ്പമാണ് മുസ്ലീം ലീഗ് ഇതുവരെ നിന്നത്. സുപ്രീംകോടതി വിധി വിശദമായി പഠിച്ച ശേഷം അവരുടെ നിലപാടുകൾ മനസിലാക്കി
അവരോടൊപ്പം നില്‍ക്കാനാണ് ലീഗ് തീരുമാനിച്ചിരിക്കുന്നത്. ധൃതി പിടിച്ച് നിയമനിര്‍മ്മാണം നടത്തേണ്ട സാഹചര്യമില്ല. ആറു മാസത്തെ സമയം സുപ്രീം കോടതി അനുവദിച്ചിട്ടുണ്ട്. അതിനാൽ വളരെ പക്വതയോട് കൂടിയാണ് ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications