പികെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രി? പാണക്കാട് സാദിഖലി തങ്ങളുടെ വാക്ക് ഫലിക്കുമോ, സിഎച്ചിന് ശേഷം
മലപ്പുറം: ഒരു വര്‍ഷം മുമ്പേ നിയമസഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചിരിക്കുകയാണ് കേരളത്തില്‍. ഈ വര്‍ഷം രണ്ടാം പകുതിയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ നിയമസഭാ തിരഞ്ഞെടുപ്പും സംസ്ഥാനത്ത് നടക്കും. എന്നാല്‍ ആര് ഭരണം പിടിക്കും എന്നതിന് അപ്പുറം, മുഖ്യമന്ത്രി ആരാകും എന്ന ചര്‍ച്ചകളാണ് അന്തരീക്ഷത്തില്‍.
തുടര്‍ച്ചയായ ഭരണം ഇടതുപക്ഷ സര്‍ക്കാരിന്റെ ജനപ്രീതി ഇടിച്ചുവെന്നും ഇനിയും എല്‍ഡിഎഫ് അധികാരത്തില്‍ വരില്ലെന്നുമാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണം തങ്ങള്‍ക്ക് തന്നെ എന്ന് വിശ്വസിക്കുന്ന യുഡിഎഫ് നേതാക്കളുമുണ്ട്. ഈ വിശ്വാസമാണ് മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് വരെ എത്തിക്കുന്നത്...

എന്‍എസ്എസുമായുണ്ടായിരുന്ന അകല്‍ച്ച കുറച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടുത്തിടെ നടത്തുന്ന ചര്‍ച്ചകളും ഇടപെടലുകളും അദ്ദേഹം മുഖ്യമന്ത്രി പദം നോട്ടമിടുന്നു എന്ന പ്രചാരണത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആയിരിക്കും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി എന്നും പറയപ്പെടുന്നു. കെസി വേണുഗോപാലിനെ പിന്തുണച്ച് സംസാരിക്കുന്നവരുമുണ്ട്.
ആര് മുഖ്യമന്ത്രിയാകും എന്നതിന് അപ്പുറത്ത് യുഡിഎഫ് ജയിക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്ന് വിഡി സതീശന്‍ വ്യക്തമാക്കുന്നു. യുഡിഎഫ് കെട്ടുറപ്പോടെ പ്രവര്‍ത്തിച്ച് വിജയം നേടുകയാണ് വേണ്ടതെന്ന് പറഞ്ഞ മറ്റു നേതാക്കളുമുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ചത്.
യൂത്ത് ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ഉയര്‍ന്ന ചോദ്യത്തോട് സരസമായിട്ടായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. കോണ്‍ഗ്രസ് സമ്മതിച്ചാല്‍ മുഖ്യമന്ത്രിയാകുന്ന മുസ്ലിം ലീഗ് നേതാവ് ഇവിടെ തന്നെയുണ്ട് എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയെ അടുത്തിരുത്തി സാദിഖലി തങ്ങളുടെ പ്രതികരണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി തന്നെയാകും ലീഗിന്റെ ക്യാപ്റ്റന്‍ എന്നും തങ്ങള്‍ പറഞ്ഞു.
ഇന്ന് ഇതേ വിഷയത്തില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചപ്പോള്‍ സാദിഖലി തങ്ങള്‍ വാക്കുകള്‍ ആവര്‍ത്തിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി തന്നെയാകും ലീഗിനെ നയിക്കുക എന്നും അത് പ്രഖ്യാപിത നിലപാട് ആണെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. ലീഗിന്റെ മാത്രമല്ല, യുഡിഎഫിന്റെ ക്യാപ്റ്റനും കുഞ്ഞാലിക്കുട്ടി ആകുമെന്ന് തൊട്ടടുത്ത് നിന്ന പിഎംഎ സലാം ഇടയ്ക്ക് കയറി പറഞ്ഞു.
കേരളത്തില്‍ ഇതിന് മുമ്പ് മുസ്ലിം ലീഗില്‍ നിന്ന് മുഖ്യമന്ത്രിയായത് സിഎച്ച് മുഹമ്മദ് കോയ മാത്രമാണ്. കേരളത്തിലെ ഏക മുസ്ലിം മുഖ്യമന്ത്രിയും അദ്ദേഹം തന്നെ. 1979 ഒക്ടോബറിലാണ് സിഎച്ച് മുഖ്യമന്ത്രി പദം ഏറ്റെടുത്തത്. രാഷ്ട്രീയ കാരണങ്ങളാല്‍ വൈകാതെ അദ്ദേഹത്തിന് പദവി ഒഴിയേണ്ടി വന്നു. 50 ദിവസം തികയുന്ന വേളയില്‍ ആ വര്‍ഷം ഡിസംബര്‍ ഒന്നിന് സിഎച്ച് മുഖ്യമന്ത്രി പദം രാജിവയ്ക്കുകയായിരുന്നു.












Click it and Unblock the Notifications