അറസ്റ്റിന് പിറകേ വെല്ലുവിളിയുമായി പികെ നവാസ്; പാർട്ടി പറഞ്ഞാൽ എല്ലാം തുറന്നുപറയും- പുതിയ പോർമുഖം
മലപ്പുറം/ കോഴിക്കോട്: മുസ്ലീം ലീഗിൽ ഹരിത നേതാക്കൾ തുറന്നിട്ട വിവാദം അതിന്റെ പാരമ്യത്തിലേക്ക് എത്തുകയാണ്. ഹരിത നേതാക്കൾ വനിത കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം ജാമ്യത്തിലിറങ്ങിയ നവാസ് പുതിയ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
ജാമ്യത്തിലിറങ്ങിയതിന് ശേഷം ഒരു പൊതു പരിപാടിയിൽ സംസാരിക്കവേയാണ് നവാസിന്റെ വെല്ലുവിളി. പാർട്ടി പറഞ്ഞാൽ എല്ലാം തുറന്നുപറയും എന്നാണ് നവാസ് പറയുന്നത്. എന്തായാരിക്കും നവാസിന് പറയാനുള്ളത് എന്നതാണ് പൊതു സമൂഹത്തിന് മുന്നിലുള്ള ചോദ്യം.

മുൻ വാദത്തിൽ തന്നെ നവാസ് ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തിട്ടില്ല എന്നാണ് നവാസ് പറയുന്നത്. അങ്ങനെയൊക്കെ ആയിരുന്നിട്ടും പാർട്ടി ആവശ്യപ്പെട്ടതിൻ പ്രകാരം താൻ ഖേദം പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് വാദം. നവാസിന്റെ ഖേദ പ്രകടനം ഇത്തരത്തിൽ ഉള്ള ഒന്ന് തന്നെ ആയിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഹരിത നേതാക്കളെ കൂടുതൽ പ്രകോപിതരാക്കാൻ കാരണവും അത് തന്നെ ആയിരുന്നു.

തനിക്കെതിരെയുള്ള വിവാദത്തിൽ പാർട്ടിയെ കൂടി ചേർത്തുപിടിക്കാനുള്ള ശ്രമവും അദ്ദേഹം നടത്തുന്നുണ്ട്. പാർട്ടിയെ ഗൺപോയന്റിൽ നിർത്താമെന്ന വ്യാമോഹമുള്ളവർക്ക് മുന്നിൽ തലകുനിക്കില്ല എന്നാണ് പറയുന്നത്. അതിന് തന്നെ പാകപ്പെടുത്തിയത് മുസ്ലീം ലീഗ് ആണെന്നും നവാസ് പറയുന്നുണ്ട്. തെറ്റ് ചെയ്തു എന്ന് തെളിയിക്കപ്പെട്ടാൽ താൻ രാജിവയ്ക്കാൻ സന്നദ്ധനാണെന്നും നവാസ് പറയുന്നുണ്ട്.

പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പാർട്ടിയിൽ നിന്ന് പുറത്ത് പോകാൻ ആരും ആഗ്രഹിക്കുന്നില്ല. എന്നാൽ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് പിന്നിൽ പാർട്ടിയെ വിലമതിക്കാത്ത ചിലരാണെന്നാണ് ഹരിത നേതാക്കളെ പരോക്ഷമായി വിമർശിച്ചുകൊണ്ട് നവാസ് പറഞ്ഞത്. പാർട്ടിയെ വിലമതിക്കാതെ അവർ വിലപേശുകയാണെന്നും നവാസ് ആരോപിക്കുന്നുണ്ട്. തനിക്കെതിരെ ഇപ്പോൾ നടക്കുന്നത് മാധ്യമ വേട്ടയാണെന്നും നവാസ് പറയുന്നു.

ഹരിത വിഷയം കൂടുതൽ സങ്കീർണമാക്കാനേ നവാസിന്റെ ഇപ്പോഴത്തെ പ്രതികരണം വഴിവയ്ക്കൂ എന്നാണ് വിലയിരുത്തപ്പെടുന്നത്. പരാതി ഉന്നയിച്ച വനിത നേതാക്കൾക്കെതിരെ പറയാൻ തന്റെ കൈയ്യിൽ എന്തൊക്കെയോ ഉണ്ട് എന്ന രീതിയിൽ ആണ് നവാസിന്റെ പ്രതികരണം. അക്കാര്യം മുസ്ലീം ലീഗ് നേതൃത്വത്തിനും അറിയാമെന്നും അവരുടെ അനുമതി കിട്ടിയാൽ അത് വെളിപ്പെടുത്തുമെന്നും ആണ് നവാസിന്റെ ഭീഷണി. പരാതിക്കാരെ കൂടുതൽ അവമതിക്കാനുള്ള നീക്കമായിട്ടേ ഇതിനെ പൊതുസമൂഹം വിലയിരുത്തൂ എന്നതാണ് വസ്തുത. അത് കോട്ടം സൃഷ്ടിക്കുക മുസ്ലീം ലീഗിന്റെ പ്രതിച്ഛായയ്ക്ക് തന്നെ ആയിരിക്കും.

എന്തായാലും ഒരു കാര്യത്തിൽ നവാസിനും മുസ്ലീം ലീഗിനും ഒരേ അഭിപ്രായമാണ്. പരാതിക്കാർ പറയുന്നത് പോലെ ഉള്ള ലൈംഗികാധിക്ഷേപമൊന്നും നവാസും കൂട്ടരും ചെയ്തിട്ടില്ല എന്നതാണത്. നവാസും സംഘവും നടത്തിയ പരാമർശങ്ങൾ ദുരുദ്ദേശപരമായിരുന്നില്ല എന്നാണ് മുസ്ലീം ലീഗും കണ്ടെത്തിയിട്ടുള്ളത്. പക്ഷേ, ആ പരാമർശങ്ങൾ അത്ര നല്ലവയല്ലെന്ന വിലയിരുത്തലും ലീഗിനുണ്ട്. അതുകൊണ്ടാണല്ലോ നവാസിനോട് പരസ്യമായി മാപ്പ് പറയാൻ ആവശ്യപ്പെട്ടത്.

ഹരിത നേതാക്കളുടെ പരാതി പ്രകാരം പുറത്ത് വന്ന വിവരം, ആ പരാമർശങ്ങൾ കടുത്ത ലൈംഗിക അധിക്ഷേപം തന്നെ ആണെന്നാണ്. സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ, ഹരിത നേതാക്കളുടെ അഭിപ്രായം തേടി 'വേശ്യകൾക്കും വേശ്യകളുടേതായ അഭിപ്രായമുണ്ടാകുമല്ലോ' എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് കടുത്ത ലൈംഗികാധിക്ഷേപവും സ്ത്രീത്വത്തെ അപമാനിക്കുന്നതും ആണെന്നതിൽ ഒരു തർക്കവും ഇല്ല. അത്തരത്തിൽ ഒരു പരാമർശം നടത്തിയിട്ടില്ലെങ്കിൽ നവാസ് അത് വെളിപ്പെടുത്തേണ്ടതും ആണ്.

നവാസ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഹരിത നേതാക്കളുടെ എംഎസ്എഫിലേക്കുള്ള തിരിച്ചുവരവിന്റെ സാധ്യതകൾ ഏറെക്കുറേ പൂർണമായും അടഞ്ഞിരിക്കുകയാണ്. അറസ്റ്റ് എന്തായാലും ഹരിതയുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് വിലയിരുത്തുകയും ചെയ്യാം. ഇതുവരെയുള്ള നിലപാടുകൾ വച്ചാണ് മുന്നോട്ട് പോകുന്നത് എങ്കിൽ, മുസ്ലീം ലീഗ് ഈ വിഷയം കൂടുതൽ സങ്കീർണമാക്കുകയേ ഉള്ളു എന്ന് വിലയിരുത്തേണ്ടി വരും.

തെറ്റ് ചെയ്തതായി തെളിഞ്ഞാൽ രാജിവയ്ക്കാൻ സന്നദ്ധനാണ് എന്നാണ് നവാസ് പറയുന്ന ഒരു കാര്യം. അത്തരം ഒരു കാര്യത്തിൽ സ്വയം ബോധ്യം വരേണ്ടത് നവാസിന് തന്നെയാണ് എന്നാണ് വിലയിരുത്തൽ. അഥവാ, നവാസ് തെറ്റ് ചെയ്തതായി തെളിഞ്ഞാൽ, രാജിവച്ച് പുറത്ത് പോവുക എന്നതല്ല, സംഘടനയിൽ നിന്ന് പുറത്താക്കപ്പെടുകയാണ് ചെയ്യേണ്ടത്. ഒരു ത്യാഗം എന്ന പോലെ, രാജിവച്ചോളാം എന്ന നിലപാട് തന്നെ അപഹാസ്യമാണെന്നും ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്.

എംഎസ്എഫിനുള്ളിൽ തന്നെ നവാസിന് പിന്തുണയില്ല എന്നാണ് പുറത്ത് വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. 14 ൽ 12 ജില്ലാ കമ്മിറ്റികളും ഹരിതയുടെ പരാതിക്കൊപ്പമാണ്. ഏറ്റവും ഒടുവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും സീനിയർ വൈസ് പ്രസിഡന്റും ഉൾപ്പെടെയുള്ള എട്ട് സംസ്ഥാന നേതാക്കളാണ് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് പരാതി നൽകിയിരിക്കുന്നത്. പികെ നവാസ് മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ട് എന്ന് ആ പരാതിയിലും ചൂണ്ടിക്കാണിക്കുന്നുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ആണ് ഈ വിഷയം ഇത്രയും മോശമാക്കിയത് എന്ന ആക്ഷേപവും ആ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
Recommended Video

ഹരിത നേതാക്കളുടെ പരാതി മുസ്ലീം ലീഗ് പരിഗണിച്ച രീതിയിൽ തന്നെ പോരായ്മകൾ സംഭവിച്ചിട്ടുണ്ട്. പാർട്ടിയ്ക്കുള്ളിലെ ഒരു വിഭാഗത്തിന് തന്നെ ഇത്തരത്തിൽ അഭിപ്രായവും ഉണ്ട്. പരാതി നൽകിയവർക്കെതിരെ തുടക്കം മുതൽ അച്ചടക്ക ലംഘനം എന്ന ആരോപണം പാർട്ടി ഉയർത്തിയിരുന്നത്. അതേസമയം കുറ്റാരോപിതരെ കുറിച്ച് ആ ഘട്ടത്തിൽ ഒരു പരസ്യ വിമർശനവും നടത്തിയിരുന്നും ഇല്ല. വനിത കമ്മീഷന് നൽകിയ പരാതി പിൻവലിക്കാൻ ഹരിത നേതാക്കൾക്ക് പലതവണ അന്ത്യശാസനം നൽകിയ നടപടിയും ഹരിത പ്രവർത്തനം ആദ്യം മരവിപ്പിച്ചതും പിന്നീട് കമ്മിറ്റി പിരിച്ചുവിട്ടതും എല്ലാം വലിയ തോതിൽ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. പക്ഷേ, ഔദ്യോഗിക നേതൃത്വം ഇപ്പോഴും അവരുടെ കടുംപിടിത്തം തുടരുകയാണ്. നവാസിന്റെ അറസ്റ്റ് സൃഷ്ടിച്ച പ്രതിച്ഛായാ നഷ്ടം പോലും അവർ അംഗീകരിക്കുന്നില്ല എന്നാണ് മറുവിഭാഗത്തിന്റെ പരാതി.












Click it and Unblock the Notifications