പിണറായി വിജയന് മൂന്നാമൂഴം നല്‍കാനുള്ള പണിയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്; പികെ നവാസ്
മലപ്പുറം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഇനിയെങ്കിലും കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. വെള്ളാപ്പള്ളി സംസാരിക്കുന്നത് സംഘപരിവാറിന്റെ വര്‍ഗീയ ഭാഷയാണെന്ന് കുറ്റപ്പെടുത്തിയ നവാസ്, ഭരണകൂടം എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നും ചോദിച്ചു.
പേരും ദേശവും നോക്കി തീവ്രവാദികള്‍ എന്ന് വിളിക്കുന്നത് സംഘപരിവാറാണ്. വെള്ളാപ്പള്ളിയും അതേ പണി ചെയ്യുന്നു. ഈ വര്‍ഗീയ പ്രസംഗം ആരാണ് ഇഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ വെള്ളാപ്പള്ളിയെ ആണ് നാരായണഗുരുവിന്റെ ആശയങ്ങള്‍ ജീവിതത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന വ്യക്തി എന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്നും നവാസ് ചൂണ്ടിക്കാട്ടി.

പികെ നവാസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''വെള്ളാപ്പള്ളി സംസാരിക്കുന്നത് ആരുടെ ഭാഷയാണ്? രാജ്യത്ത് ഈ തീവ്രവാദി പട്ടം നല്‍കുന്ന വിഭാഗം ഏതാണ്? എന്ത് കൊണ്ടാണ് നിരന്തര വിഷം തുപ്പല്‍ നിയന്ത്രിക്കേണ്ട ഭരണകൂടം മൗനംപാലിക്കുന്നത്? പേര് നോക്കി തീവ്രവാദിയെന്ന് വിളിക്കുന്ന ദേശം നോക്കി തീവ്രവാദിയാക്കുന്ന രാജ്യത്തെ സംഘപരിവാര്‍ വര്‍ഗ്ഗീയതയല്ലേ വെള്ളാപ്പള്ളി പറഞ്ഞത്.
ദേശം നോക്കിയും അവരുടെ രാഷ്ട്രീയം നോക്കിയും വെള്ളാപള്ളി നടത്തിയ വര്‍ഗ്ഗീയ പ്രസംഗം ആരാണ് ഇഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്? ഈ വര്‍ഗ്ഗീയവിദ്വെഷകനെ സ്റ്റേജിലിരുത്തിയല്ലേ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന് പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.
ഇന്നുവരെ ഓരോ ദിനവും വര്‍ഗ്ഗീയതയുടെ കാളകൂട വിഷം വെള്ളാപ്പള്ളി തുപ്പുമ്പോള്‍ ഒരു വാക്കുകൊണ്ടെങ്കിലും അരുതെന്ന് പറയാന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? കഴിഞ്ഞ ഒമ്പതര വര്‍ഷം പിണറായി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഒരു അപേക്ഷ നല്‍കിയാല്‍ മലപ്പുറത്തെന്നല്ല കേരളത്തിലെവിടെയും വെള്ളാപ്പള്ളിക്ക് കോളേജ് ലഭിക്കില്ലേ?
അങ്ങനെ ലഭിക്കുന്നില്ലെങ്കില്‍ എന്തുകൊണ്ട് പിണറായി വിജയന്‍ കോളേജ് തരുന്നില്ല എന്ന പരാതി വെള്ളാപള്ളിക്ക് ഇല്ല? കാരണം ഒന്നേ ഒള്ളൂ കേരളത്തിലെ മനുഷ്യരെ വര്‍ഗ്ഗീയമായി വിഭജിച്ച് പിണറയി വിജയന് മൂന്നാമൂഴം നല്‍കാനുള്ള ജോലിയാണ് ഇപ്പോള്‍ വെള്ളാപ്പള്ളി ചെയ്യുന്നത്. കേരളം ചര്‍ച്ചചെയ്യുന്ന ആര്‍.എസ്.എസ് - സിപിഎം ഡീലിന്റെ കോര്‍കമ്മിറ്റി നേതാക്കളാണ് ഇവരെല്ലാം. സര്‍ക്കാറിന്റെയും വെള്ളാപ്പള്ളിയുടെയും എല്ലാ മുഖമൂടിയും അഴിഞ്ഞ് വീണിരിക്കുന്നു. ഇനിയും ഒരു കേസെടുക്കാന്‍ പിണറായി വിജയന്‍ തയ്യാറാവുമോ?''












Click it and Unblock the Notifications