'വിദ്യാഭ്യാസ വകുപ്പിൽ അടയിരിക്കുന്ന സവർണ്ണ കമ്മ്യൂണിസ്റ്റുകളെ നിലക്ക് നിർത്തണം'; പികെ നവാസ്
കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തില്‍ സംവരണ സമുദായങ്ങളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് തുറന്ന് കത്തുമായി എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. സംവരണ അവകാശത്തിലൂടെ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളെ രണ്ടാംകിട വിദ്യാർഥികളായി കാണുന്ന സമീപനം കാലങ്ങളായി ഇടത് സംഘടനകളിൽ കാണാവുന്നതാണ്. വിദ്യാഭ്യാസ വകുപ്പിൽ അടയിരിക്കുന്ന ഈ സവർണ്ണ കമ്മ്യൂണിസ്റ്റുകളെ നിലക്ക് നിർത്താൻ വിദ്യാഭ്യാസ മന്ത്രി തയ്യാറാകണമെന്നും നവാസ് കത്തിൽ പറഞ്ഞു. കത്തിന്റെ പൂർണരൂപം വായിക്കാം
'ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻ കുട്ടിക്ക് ഒരു തുറന്ന കത്ത്.
ഈ കത്ത് കേരളത്തിലെ സംവരണത്തിനുള്ള അവകാശം ലഭിക്കേണ്ട വിദ്യാർഥികളോട് താങ്കളുടെ വകുപ്പ് കാണിക്കുന്ന അനീതി ഒരിക്കൽ കൂടി ശ്രദ്ധയിൽ പെടുത്താനാണ്.
സാധാരണ ഗതിയിൽ മെറിറ്റ് അലോട്ട്മെൻറ് പൂർത്തികരിച്ച ശേഷമാണ് +1 വൺ കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ ആരംഭിക്കാറുള്ളത്. കഴിഞ്ഞ വർഷമുൾപ്പെടെ പ്ലസ് വൺ ആദ്യഘട്ട അലോട്ട്മെന്റിന് ശേഷം രണ്ടാം ഘട്ട അലോട്ട്മന്റിന് മുൻപായി കമ്യൂണിറ്റി ക്വാട്ട അഡ്മിഷൻ ആരംഭിച്ചിരുന്നു. ഇത് മൂലം കമ്യൂണിറ്റി ക്വാട്ട എന്ന സംവിധാനത്തിൻറെ അന്തസത്തയെ തന്നെ തകർത്തുകളയുകയാണ്. താങ്കൾ അധികാരത്തിൽ വന്ന ശേഷം ഇത് പരസ്യമായി ലംഘിക്കപ്പെടുന്നു.

സംവരണ അവകാശത്തിലൂടെ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളെ രണ്ടാംകിട വിദ്യാർഥികളായി കാണുന്ന സമീപനം കാലങ്ങളായി ഇടത് സംഘടനകളിൽ കാണാവുന്നതാണ്. വിദ്യാഭ്യാസ വകുപ്പിൽ അടയിരിക്കുന്ന ഈ സവർണ്ണ കമ്മ്യൂണിസ്റ്റുകളെ നിലക്ക് നിർത്താൻ വിദ്യാഭ്യാസ മന്ത്രി തയ്യാറാകണം. കഴിഞ്ഞ തവണകളിലൊക്കെ താങ്കൾക്ക് രേഖാമൂലം എം എസ് എഫ് കത്ത് നൽകിയിരുന്നു. പക്ഷേ താങ്കൾ ഈ അനീതിക്ക് കുടപിടിക്കുകയാണ്. നിശ്ചയമായും താങ്കളുടെ ഈ സവർണ്ണ മേലാള രാഷ്ട്രീയം ഞങ്ങളുടെ മുഷ്ടികളുയർത്തി പ്രതിരോധിക്കും.
കേരളത്തിലെ മുസ്ലിം സമുദായം ഉൾപ്പെടെ പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുന്ന ഈ വർഗ്ഗീയ ഭരണത്തിനെതിരെ ശക്തമായസമരങ്ങൾ രൂപപ്പെടും.
മലബാറിലെ വിദ്യാർത്ഥികൾക്ക് +1 പ്രവേശനം മുസ്ലിം ലീഗ് പാർട്ടി ലീഡർ പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന് മന്ത്രി നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ കേരളത്തിൽ വലിയ വിദ്യാർത്ഥി സമരങ്ങൾ നേരിടേണ്ടി വന്ന മന്ത്രിയായി അങ്ങ് വാഴ്ത്തപ്പെടും', പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications