കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതന്മാരില്‍ ശ്രദ്ധേയന്‍ പികെ രാഗേഷ്; എല്ലാ കണ്ണുകളും അഴീക്കോടേക്ക്

  • By Anwar Sadath
Google Oneindia Malayalam News

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. പല സ്ഥലത്തും യുഡിഎഫിന് വിമതന്മാരുടെ ഭീഷണിയുണ്ട്. വിമത സ്ഥാനാര്‍ഥികളെ പിന്തിരിപ്പിക്കാനുള്ള യുഡിഎഫിന്റെ ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല.

കണ്ണൂരിലാണ് യുഡിഎഫിന് കൂടുതല്‍ വിമതന്മാര്‍. നാലു മണ്ഡലങ്ങളില്‍ യുഡിഎഫിന് എതിര്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം വിമതന്മാരെയും നേരിടേണ്ട അവസ്ഥയാണ്. അഴീക്കോട്, കണ്ണൂര്‍, പേരാവൂര്‍, ഇരിക്കൂര്‍ മണ്ഡലങ്ങളിലാണ് വിമത ശല്യം. വാശിയേറിയ പോരാട്ടം നടക്കുന്ന അഴീക്കോട് മണ്ഡലത്തില്‍ കെ എം ഷാജിക്ക് വിമത സ്ഥാനാര്‍ഥി പി കെ രാഗേഷിന്റെ സാന്നിധ്യം വെല്ലുവിളിയായിരിക്കും.

pk-ragesh

പി കെ രാഗേഷ് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ഉറപ്പായതോടെ അഴീക്കോട്ടെ തെരഞ്ഞെടുപ്പ് കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. കെ എം ഷാജിയും എം വി നികേഷ് കുമാറും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കെ പി കെ രാഗേഷ് രംഗത്തെത്തിയത് യുഡിഎഫിന് തിരിച്ചടിയാകും. രാഗേഷിന് ലഭിക്കുന്ന ഓരോ വോട്ടും ഷാജിക്ക് ലഭിക്കേണ്ടതായിരിക്കും. ഇത് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായക സ്വാധീനമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

ഇരിക്കൂറില്‍ മന്ത്രി കെ.സി ജോസഫിനെതിരെ വിമതനായി രംഗത്ത് വന്ന അഡ്വ. ബിനോയ് തോമസ്, പേരാവൂരില്‍ സി.കെ ജോസഫ് തുടങ്ങിയവരൊന്നും പത്രിക പിന്‍വലിച്ചിട്ടില്ല. കൊച്ചിയില്‍ കെ.ജെ ലീനസും, ഏറ്റുമാനൂരില്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലും, കുട്ടനാട്ടില്‍ ജോസ് കോയിപ്പള്ളിയും യുഡിഎഫിന് ഭീഷണിയുമായി രംഗത്തുണ്ട്.

ചെങ്ങന്നൂരില്‍ സിറ്റിംഗ് എം.എല്‍.എ പി.സി വിഷ്ണുനാഥിന് ശോഭന ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വവും തിരിച്ചടിയാണ്. വിമതന്മാര്‍ക്ക് പിന്നാലെ അപര സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണിയാണ്. തൃപ്പൂണിത്തുറയില്‍ മന്ത്രി കെ ബാബുവിനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിനും അപരസ്ഥാനാര്‍ഥികള്‍ ഉണ്ട്. തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി രാജുവിനും വി എസ് ശിവകുമാറിനും അപരന്‍മാരുടെ ഭീഷണി ഉണ്ട്.

അരുവിക്കരയില്‍ കെ എസ് ശബരിനാഥ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദ്, നെടുമങ്ങാട് എല്‍ഡിഎഫ് നേതാവ് സി ദിവാകരന്‍, എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അനില്‍കുമാര്‍, ഉദുമ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞിരാമന്‍, യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ എന്നിവര്‍ക്കെല്ലാം അതേ പേരില്‍ അപരസ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു.

English summary
PK Ragesh stayed as a rebel cadidate in Azhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X