ശബരിമല ദ്രാവിഡം തന്നെ; കൂടുതല്‍ തെളിവുകളുമായി മല അരയ മഹാസഭ, ചെമ്പോലയിൽ പറഞ്ഞത് വസ്തുതകള്‍
കോട്ടയം: മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തില്‍ ഉണ്ടായിരുന്ന ചെമ്പോല തിട്ടൂരത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ശബരിമലയിലെ മകരവിളക്ക് ആഘോഷം നടത്താനുള്ള അധികാരം മല അരയന്‍മാര്‍ക്കും പൂജയും വെടിവഴിപാടും നടത്താനുള്ള അധികാരം ചീരപ്പഞ്ചിറ കുടുംബത്തിനും ആണ് പന്തളം രാജാവ് നല്‍കിയിരുന്നത് എന്നാണ് ആ ചെമ്പോലയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുള്ള മറ്റ് 'പുരാവസ്തുക്കള്‍' പോലെ, ഈ ചെമ്പോലയും വ്യാജമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.
ഈ വിവാദം കത്തി നില്‍ക്കുമ്പോള്‍ ആണ്, ശബരിമല ദ്രാവിഡ സംസ്‌കാരത്തിന്റെ ജീവിക്കുന്ന തെളിവുകളാണെന്ന വാദവുമായി മല അരയ മഹാസഭ രംഗത്ത് വരുന്നത്. ഐക്യ മല അരയ മഹാസഭയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചരിത്രാന്വേഷകനും ആയ പികെ സജീവ് ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് എഴുതുകയും ചില ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ശബരിമല ദ്രാവിഡം ആണെന്നതിനുള്ള കൂടുതല്‍ തെളിവുകള്‍ ഐക്യ മല അരയ മഹാസഭയുടെ ആര്‍ക്കിയോളജി വിഭാഗം പൊതുജനങ്ങള്‍ക്കായി വെളിപ്പെടുത്തുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില ചിത്രങ്ങളും പികെ സജീവ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ അത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവില്ല എന്നാണ് അദ്ദേഹം വണ്‍ഇന്ത്യയോട് പ്രതികരിച്ചത്. ഇപ്പോള്‍ അവയെ കുറിച്ച് പറഞ്ഞാല്‍, അടുത്ത ദിവസം തന്നെ അവ അപ്രത്യക്ഷമായേക്കാം എന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

ശബരിമല ഉള്‍പ്പെടുന്ന 18 മലകളും ദ്രാവിഡ സംസ്‌കാരത്തിന്റെ ജീവിക്കുന്ന തെളിവുകള്‍ ആണ് എന്നാണ് പികെ സജീവിന്റെ പക്ഷം. വിവാദമായ ചെമ്പോലയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വസ്തുതയാണ് എന്നും അദ്ദേഹം പറഞ്ഞു. ചെമ്പോല യഥാര്‍ത്ഥത്തിലുള്ളതാണോ വ്യാജമാണോ എന്നതല്ല, അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണോ എന്നതാണ് ചോദ്യം. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശബരിമലയുടെ യഥാര്‍ത്ഥ ചരിത്രവുമായി ചേര്‍ന്നു നില്‍ക്കുന്നതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും പികെ സജീവ് വ്യക്തമാക്കുന്നു.

ശബരിമലയും അനുബന്ധ മലകളും ക്ഷേത്രങ്ങളും മല അരയരുടെ കീഴില്‍ ആയിരുന്നു എന്നതിന് കൂടുതല്‍ വിശദീകരണങ്ങളും അദ്ദേഹം നല്‍കുന്നുണ്ട്. വികസിത നാഗരികതയ്ക്ക് നേതൃത്വം നല്‍കിയ അല അരയരുടെ അധീനതയില്‍ ആയിരുന്നു ഈ 18 മലകളും എന്നാണ് അദ്ദേഹം പറയുന്നത്. ആയ് രാജവംശത്തിന്റെ പിന്‍മുറക്കാരാണ് ഇന്നത്തെ അല അരയര്‍ എന്നും അദ്ദേഹം പറയുന്നുണ്ട്. പമ്പ മുതല്‍ കന്യാകുമാരി വരെ ആയ് രാജവംശത്തിന്റെ അധീനതയില്‍ ആയിരുന്നു എന്നും ചിറ്റരചരുടെ ഗോത്രത്തില്‍ നിന്നാണ് ആയ് രാജവംശം രൂപപ്പെട്ടത് എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ശബരിമല ക്ഷേത്രത്തെ കൂടാതെ നിലയ്ക്കല്‍, പശ്ചിമ, വള്ളിയങ്കാവ് ക്ഷേത്രങ്ങളും മല അരയരുടേതായിരുന്നു എന്നാണ് പികെ സജീവിന്റെ അവകാശവാദം. കാട്ടിനുള്ളില്‍ ഉള്ള എണ്ണക്കാവള്ളി, കരിമല, പൊന്നമ്പലമേട് തുടങ്ങിയ സ്ഥലങ്ങളിലും ക്ഷേത്രങ്ങളും മല അരയരുടേതാണെന്ന് അദ്ദേഹം പറയുന്നു. ഈ പ്രദേശങ്ങള്‍ ഒരുകാലത്ത് ജനവാസ കേന്ദ്രങ്ങള്‍ ആയിരുന്നു എന്നും പിന്നീട് ഇവയെ വനനിയമത്തിന് കീഴില്‍ കൊണ്ടുവന്ന് അവിടേയ്ക്കുള്ള പ്രവേശനം നിഷേധിക്കുകയാണ് ചരിത്രത്തില്‍ സംഭവിച്ചത് എന്ന ആക്ഷേപവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചത് ഈ മേഖലയിലെ ചിത്രങ്ങളാകാം എന്നാണ് കരുതപ്പെടുന്നത്.

വനനിയമത്തിന് കീഴില്‍ കൊണ്ടുവന്ന് പ്രവേശനം നിഷേധിച്ചതോടെ, ഈ ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ ആകാത്ത സ്ഥിതിയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട ചരിത്ര സത്യങ്ങളെ മൂടിവയ്ക്കുന്നതിനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായിട്ടാണ് പരമ്പരാഗത കാനനപാതയിലൂടെയുള്ള യാത്ര നിരോധിച്ചത് എന്നും അദ്ദേഹം പറയുന്നു.

ശബരിമലയ്ക്കും മറ്റ് 17 മലകള്‍ക്കും വേണ്ടിയുള്ള മല അരയ സമുദായത്തിന്റെ അവകാശവാദത്തെ അമേരിക്കയിലെ ലക്കോട്ടഹോളി ഹില്‍സിന് വേണ്ടി തദ്ദേശീയര്‍ ഉയര്‍ത്തുന്ന അവകാശവാദത്തോടാണ് പികെ സജീവ് ചേര്‍ത്തുവയ്ക്കുന്നത്. ഈ അവകാശ പോരാട്ടത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്. പൊതു ജനം ഇന്ന് ഈ സത്യങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞുവെന്നും സര്‍ക്കാര്‍ കുടി ഇത് അംഗീകരിക്കാന്‍ തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തില്‍ ഉണ്ടായിരുന്ന ചെമ്പോല തിട്ടൂരം കേരളത്തില്‍ മാധ്യമങ്ങള്‍ തമ്മിലുള്ള പോരിലേക്ക് വരെ എത്തിച്ചിരുന്നു. ട്വന്റിഫോര്‍ ന്യൂസിലെ സഹിന്‍ ആന്റണി ആയിരുന്നു ആ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് മോന്‍സണ്‍ വിവാദത്തില്‍ സഹിന്‍ ആന്റണിയുടെ പേരും ഉയര്‍ന്നതോടെ ഏഷ്യാനെറ്റ് ന്യൂസ് അതും ചെമ്പോല തിട്ടൂരവും ചര്‍ച്ചയാക്കുകയും ചെയ്തു. ശബരിമല വിഷയം ആളിക്കത്തിക്കാനുള്ള ബിജെപി നീക്കത്തിന് ഇന്ധനം പകര്‍ന്നതും ഇത് തന്നെ ആയിരുന്നു. ഒടുവില്‍ ട്വന്റിഫോര്‍ ന്യൂസിനെതിരെ വാര്‍ത്താ പ്രക്ഷേപണ മന്ത്രായലത്തിന് മാസ് പെറ്റീഷന്‍ അയക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങള്‍ എത്തി. ചെമ്പോല തിട്ടൂരം സംബന്ധിച്ച ചര്‍ച്ചയില്‍ ഒരിക്കല്‍ പികെ സജീവ് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രകാരനായ എംജി ശശിഭൂഷണ്‍ ആണ് ചെമ്പോല തിട്ടൂരം വ്യാജമാണെന്ന് ശക്തമായി വാദിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍.
Recommended Video

പികെ സജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...
ശബരിമല ദ്രാവിഡം കൂടുതൽ തെളിവുകൾ ഐക്യ മല അരയ മഹാസഭയുടെ ആർക്കിയോളജി വിഭാഗം പൊതുജനങ്ങൾക്കായി വെളിപ്പെടുത്തുന്നു'.
ആരൊക്കെ എന്തൊക്കെ വിവാദങ്ങൾ ഉയർത്തിയാലും ശബരിമല ഉൾപ്പെടുന്ന18 മലകളും പൂർണ്ണമായും ദ്രാവിഡ സംസ്കാരത്തിൻ്റെ ജീവിക്കുന്ന തെളിവുകളാണ്.
ചെമ്പോലയുടെ പേരിൽ വൻ വിവാദങ്ങൾ ഉയരുമ്പോഴും ചെമ്പോല യിൽ പറഞ്ഞിരിക്കുന്ന വസ്തുതകൾ ശബരിമലയുടെ യഥാർത്ഥ ചരിത്രവുമായി ചേർന്നുനിൽക്കുന്നതാണെന്ന കാര്യത്തിൽ തർക്കമില്ല.
ശബരിമല, പൊന്നമ്പലമേട്, ഗൗണ്ടർമല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഗൗളിമല, മതംഗമല, മയിലാടുംമേട്, ശ്രീപാദ മല, ദേവർമല, നിലക്കൽ മല, തലപ്പാറ മല, നീലിമല, കരിമല, പുതുശ്ശേരിമല, കാളകെട്ടി മല, ഇഞ്ചിപ്പാറമല,തുടങ്ങിയ 18 മലകളുംവികസിത നാഗരികതക്കു നേതൃത്വം നൽകിയ മല അരയരുടെ അധീനതയിലായിരുന്നു. പമ്പ മുതൽ കന്യാകുമാരി വരെയുള്ള പ്രദേശങ്ങൾ ഭരിച്ചിരുന്നത് ആയ് രാജവംശത്തിൽ പെട്ടവരാണ്. ചിറ്റരചരുടെ ഗോത്രത്തിൽ നിന്ന് രൂപപ്പെട്ട ആയ് രാജവംശത്തിലെ പിന്മുറക്കാരാണ് ഇന്നത്തെ മല അരയർ എന്നത് ചരിത്ര യാഥാർത്ഥ്യം .
ശബരിമല മലഅരയരിൽ നിന്ന് പിടിച്ചെടുത്ത് രാജാവിൻ്റെ ഉടമസ്ഥതയിലും, പിന്നീട് സർക്കാരിൻ്റെ ഉടമസ്ഥതയിലും ആക്കപ്പെടുകയായിരുന്നു. ശബരിമല അമ്പലം മാത്രമല്ല നിലക്കൽ, പശ്ചിമ , വള്ളിയങ്കാവ് , തുടങ്ങിയ അമ്പലങ്ങളും മല അരയരുടെതായിരുന്നു. ഇന്ന് വനാന്തരങ്ങളിൽ ഉള്ള എണ്ണക്കാവള്ളി , കരിമല , പൊന്നമ്പലമേട് തുടങ്ങിയ അമ്പലങ്ങളും മറ്റാരുടെതുമായിരുന്നില്ല. ഒരുകാലത്ത് ജനവാസകേന്ദ്രങ്ങൾ ആയിരുന്ന പ്രദേശങ്ങൾ വനനിയമത്തിനകത്ത് ഉൾപ്പെടുത്തി പ്രവേശം നിഷേധിക്കുകയായിരുന്നു. ഈഅമ്പലങ്ങളിൽ ആരാധന നടത്തുവാനോ അവസംരക്ഷിക്കുന്നതിനോ കഴിയാത്ത അവസ്ഥയാണിന്നുള്ളത്. ചരിത്ര സത്യങ്ങളെ മൂടിവെക്കാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമായിട്ടാണ്
പരമ്പരാഗത കാനനപാതയിലൂടെയുള്ള ശബരിമലയാത്ര പോലും നിരോധിക്കപ്പെട്ടത് എന്ന വസ്തുത വിസ്മരിക്കാനാവില്ല .
സമുദായത്തിൻ്റെ പൈതൃകങ്ങൾ ഉറങ്ങുന്ന 18 മലകളും സമുദായത്തെ സംബന്ധിച്ചിടത്തോളം പുണ്യ മലകളാണ് .അമേരിക്കയിലെ ലക്കോട്ടഹോളി ഹിൽസിനുവേണ്ടി അവിടുത്തെ തദ്ദേശീയ ജനത അവകാശം ഉന്നയിക്കുന്നതു പോലെയാണ് കേരളത്തിൽ 18 മലകളുടെയും അവകാശം സമുദായം ഉയർത്തുന്നത്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നൂറ്റാണ്ടുകളായി ഈ ആവശ്യങ്ങൾ സമുദായം നിരന്തരമായി, രാജഭരണകാലത്തും ജനാധിപത്യഭരണം വന്നപ്പോഴുംഉന്നയിച്ചുകൊണ്ടിരിക്കുകയാണ് . അവകാശം ലഭ്യമാകും വരെ തുടർന്നുകൊണ്ടിരിക്കും'. അത് ബഹുജനങ്ങളും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ആർജ്ജവത്തോടെ സർക്കാർ കൂടി അത് അംഗീകരിക്കാൻ തയ്യാറാകണം.
സ്വാമി ശരണം.












Click it and Unblock the Notifications