കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അഹിന്ദുക്കളെ വിലക്കണമെന്ന് ഹര്‍ജി;മന്‍സിയയുടെ നൃത്തം ഹിന്ദുക്കളോടുള്ള വെല്ലുവിളി
കൊച്ചി: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുളള പരിപാടികളില്‍ നിന്ന് അഹിന്ദുക്കളെ പൂര്‍ണമായും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. സൈജു എസ്. നായര്‍, വിജയകുമാര്‍ എന്നിവരാണ് ദേവസ്വത്തെ എതിര്‍കക്ഷിയാക്കി ഹര്‍ജി നല്‍കിയിരിക്കുന്നത്. അഡ്വക്കേറ്റുമാരായ ബിജു കാനാട്ട്, ബിജു എ എ, കെ എ സുനിത എന്നിവര്‍ മുഖേനയാണ് ഇരിങ്ങാലക്കുട മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
നര്‍ത്തകി വി പി മന്‍സിയയുടെ നൃത്ത പരിപാടി കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വിലക്കിയത് മൂലം ഉയര്‍ന്ന വിവാദങ്ങള്‍ക്കിടെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആചാരങ്ങള്‍ പ്രകാരം ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നും ഇക്കാര്യം ക്ഷേത്രത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് എന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

എന്നാല്‍, ഹൈന്ദവ വിശ്വാസങ്ങള്‍ക്കും ക്ഷേത്രാചാരങ്ങള്‍ക്കും വിപരീതമായി മന്‍സിയ ശ്യാം കല്യാണിന്റെ ഭരതനാട്യം നടത്താന്‍ ആദ്യം അനുമതി നല്‍കിയത് ഹിന്ദു മതവിശ്വാസികളോടുള്ള വെല്ലുവിളിയും ക്ഷേത്രത്തോടുള്ള അനാദരവുമാണ് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അതുകൊണ്ട് മന്‍സിയ അടക്കമുള്ള അഹിന്ദുക്കളുടെ മറ്റ് പരിപാടികളൊന്നും ക്ഷേത്ര മതില്‍ കെട്ടിനകത്ത് നടത്തരുതെന്നും ശാശ്വത നിരോധന ഇഞ്ചക്ഷന്‍ നല്‍കണമെന്നും പരാതിയില്‍ പറയുന്നു.
നേരത്തെ ഭരതനാട്യ നര്‍ത്തകി വി പി മന്‍സിയെ മതത്തിന്റെ പേരില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ചു നടത്തുന്ന പരിപാടിയില്‍ നിന്നും വിലക്കിയിരുന്നു. മുന്‍പേ നിശ്ചയിച്ച ഭരതനാട്യ അവതരണം അഹിന്ദുവാണെന്ന കാരണം പറഞ്ഞാണ് നൃത്തം അവതരിപ്പിക്കുന്നതില്‍ നിന്ന് വിലക്കിയത്. നോട്ടീസ് അടക്കം മന്‍സിയയുടെ പേര് വെച്ച് അച്ചടിച്ചതിന് ശേഷമായിരുന്നു വിലക്കിയത്.
ഏപ്രില്‍ 21 നായിരുന്നു പരിപാടി നിശ്ചയിച്ചത്. ഇതിനെതിരെ ഇതിനെതിരെ മന്‍സിയ തന്നെ രംഗത്തെത്തിയിരുന്നു. ഇതോടെ ക്ഷേത്ര നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ഇതിന് പിന്നാലെ മന്‍സിയയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുന്നതായി പ്രഖ്യാപിച്ച് രണ്ട് നര്‍ത്തകിമാരും രംഗത്തെത്തിയിരുന്നു.
വി പി മന്‍സിയയ്ക്ക് പിന്തുണയുമായി ഡി വൈ എഫ് ഐയും ബി ജെ പിയും രംഗത്തെത്തിയിരുന്നു. മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം സ്വദേശിയാണ് മന്‍സിയ. ക്ഷേത്ര കലകള്‍ അഭ്യസിച്ചതിന്റെ പേരില്‍ മതത്തില്‍ നിന്ന് വിലക്ക് നേരിട്ട മുസ്ലീം പെണ്‍കുട്ടിയാണ് മന്‍സിയ.












Click it and Unblock the Notifications