ദിലീപിനെ ചെന്ന് കണ്ടത് നടിയുടെ കേസിലെ സാക്ഷികളടക്കം.. നടന് തിരിച്ചടിയായി ഹൈക്കോടതിയിൽ പരാതി!
കൊച്ചി: പ്രമുഖ നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി രണ്ട് മണിക്കൂറോളം ഉപദ്രവിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. പ്രതിസ്ഥാനത്തുള്ളത് സിനിമാ രംഗത്തെ ശക്തനായ നടനാണ് എന്നുള്ളത് കൊണ്ട് കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവുന്നതല്ല. 85 ദിവസം ജയിലില്‍ കിടന്നപ്പോള്‍ പോലും ദിലീപ് സാക്ഷികളെ അടക്കം സ്വാധീനിച്ചതായി പോലീസ് ആരോപിക്കുന്നുണ്ട്. ജാമ്യം നേടി പുറത്ത് കഴിയുന്ന സാഹചര്യത്തില്‍ കേസിന് എന്താകും സംഭവിക്കുക എന്ന ആശങ്ക സ്വാഭാവികം. അതിനിടെ ദിലീപിന്റെ ജയില്‍ ജീവിതകാലത്തെ പ്രമുഖരുടെ സന്ദര്‍ശനം സംബന്ധിച്ച് ഹൈക്കോടതിയില്‍ പരാതിയെത്തിയിരിക്കുന്നു. കേസിലെ അട്ടിമറിക്കുള്ള ശ്രമങ്ങള്‍ സൂചിപ്പിക്കുന്നതാണ് ഹര്‍ജി.
നോട്ട് നിരോധനം ഈ കാലഘട്ടത്തിലെ ആനമണ്ടത്തരം.. മോദി സർക്കാർ ഈ തെറ്റിന് മാപ്പ് പറയണമെന്ന് പ്രകാശ് രാജ്

ജയിലിലേക്ക് പ്രമുഖരുടെ ഒഴുക്ക്
നടിയെ ഉപദ്രവിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയവേ ദിലീപിനെ സന്ദര്‍ശിക്കാന്‍ സിനിമാ രംഗത്തെ പ്രമുഖര്‍ നിരനിരയായി ആലുവ സബ് ജയിലില്‍ എത്തിയിരുന്നു. നടന് ജയറാമില് തുടങ്ങി ചെറുതും വലുതുമായ സിനിമാക്കാര് ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചു. ജനപ്രതിനിധി കൂടിയായ കെബി ഗണേഷ് കുമാര്‍, കേരള സംഗീത നാടക അക്കാദമി അദ്ധ്യക്ഷ കെപിഎസി ലളിത എന്നിവരും ആലുവ ജയിലില്‍ എത്തിയിരുന്നു.

കൂടിക്കാഴ്ചകൾ ചട്ടം ലംഘിച്ച്
ദിലീപിനെ കാണാന്‍ ജയിലിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത് അന്ന് തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. കേസില്‍ അന്വേഷണം നടക്കവെ പ്രമുഖരടക്കം ദിലീപുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ പോലീസ് ആശങ്ക അറിയിച്ചു. ഇതേ തുടര്‍ന്ന് ദിലീപിന്റെ സന്ദര്‍ശകര്‍ക്ക് കോടതി ഇടപെട്ട് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. അതേസമയം ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് കേസിലെ സാക്ഷികള്‍ ഉള്‍പ്പെടെ ഉളളവര്‍ ദിലീപിനെ സന്ദര്‍ശിച്ചത് എന്നാരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.

ഹൈക്കോടതിയിൽ പരാതി
തൃശൂര്‍ പീച്ചി സ്വദേശി മനീഷ എം ചതേലിയാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചതിലെ ക്രമക്കേട് ജയില്‍ സൂപ്രണ്ടിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്ന തന്റെ നിവേദനത്തില്‍ നടപടി വേണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം. നേരത്തെ ആലുവ റൂറല്‍ എസ്പിക്കും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും നല്കിയ നിവേദനത്തില്‍ നടപടിയുണ്ടായിട്ടില്ല എന്ന് ഹർജിക്കാരി ആരോപിക്കുന്നു.

നടപടിയെടുക്കാതെ പോലീസ്
ആഴ്ചയില്‍ രണ്ട് തവണയില്‍ കൂടുതല്‍ സുഹൃത്തുക്കളെ അനുവദിക്കരുത് എന്ന ജയില്‍ ചട്ടം ദിലീപിന് വേണ്ടി മറികടന്നു. ഗണേഷ് കുമാര്‍ എംഎല്‍എ സെപ്റ്റംബര്‍ 5ന് ജയിലിലെത്തി ദിലീപിനെ കണ്ടത് സെല്ലില്‍ വെച്ചാണ്. ആ കൂടിക്കാഴ്ച ഒന്നരമണിക്കൂറോളം നീളുകയും ചെയ്തു. ഈ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിന്റെ പങ്ക് അറിയാന്‍ ജയിലിലെ സിസിടിവി ക്യാമറ പരിശോധിക്കണമെന്ന് ഡിജിപിക്ക് അടക്കം നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല എന്നാണ് ആരോപണം.

നാദിർഷ അടക്കം ചെന്ന് കണ്ടു
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണിനായി പോലീസ് തെരച്ചില്‍ നടത്തുകയും നിരവധി സിനിമാക്കാരുടെ മൊഴിയെടുപ്പ് അടക്കം പുരോഗമിക്കുകയു ചെയ്യുന്നതിനിടെ നടന്ന ജയില്‍ സന്ദര്‍ശനങ്ങള്‍ ഗുരുതരമാണ്. കേസില്‍ സംശയിക്കപ്പെട്ടിരുന്ന സംവിധായകന് നാദിര്‍ഷ അടക്കമുള്ളവര്‍ ദിലീപിനെ ജയിലില്‍ ചെന്ന് കണ്ടതാണ് ഗുരുതരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാദിർഷ കേസിൽ സാക്ഷിയാവാൻ സാധ്യതയുള്ള വ്യക്തിയാണ്.

ഗുരുതര ചട്ടലംഘനം നടന്നിട്ടുണ്ട്
ദിലീപിന് ജയിലില്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നിട്ടുണ്ട് എന്ന വിവരം വിവരാവകാശ രേഖകൾ വഴി നേരത്തെ പുറത്ത് വന്നതാണ്. അപേക്ഷകള്‍ പോലും വാങ്ങാതെയാണ് ചിലര്‍ ദിലീപിനെ ജയിലില്‍ ചെന്ന് കണ്ടിരിക്കുന്നത്. നടന് സിദ്ദിഖില്‍ നിന്നും ജയിലില്‍ കയറാന്‍ അപേക്ഷ വാങ്ങിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.വിവരാവകാശ രേഖകള്‍ പ്രകാരം ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടി പുറത്ത് വന്നിട്ടുണ്ട്. അതായത് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ ജയിലില്‍ ചെന്ന് ദിലീപിനെ കണ്ടത് വ്യക്തിപരമായ സന്ദര്‍ശനമല്ല എന്നതാണ് അത്.

സന്ദർശനം വ്യക്തിപരമെന്ന്
കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിനിമാ പ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയത് എന്ന് സന്ദര്‍ശക രേഖകളില്‍ പറയുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എംഎല്‍എ കൂടിയായ ഗണേഷിന്റെ സന്ദര്‍ശനം ഇത്തരത്തില്‍ നോക്കുകയാണ് എങ്കില്‍ ഗൗരവതരമാണ്.ജയില്‍ ഡിജിപിയുടെ ശുപാര്‍ശ പ്രകാരമായിരുന്നുവത്രേ അപേക്ഷ പോലും നല്കാതെയുള്ള ഇത്തരം സന്ദര്‍ശനങ്ങള്‍. ജയില്‍ സൂപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇവര്‍ക്കെല്ലാം സന്ദര്‍ശന അനുമതി നല്‍കിയതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു

വിവാദത്തിലായ സന്ദർശനങ്ങൾ
അവധി ദിവസങ്ങളില്‍ പോലും ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചിട്ടുണ്ടെന്ന് വിവരാവകാശ രേഖകൾ പറയുന്നു. നടന് ജയറാം ദിലീപിന് ഓണക്കോടി നല്കാന് എത്തിയതും മതിയായ രേഖകള്‍ ഇല്ലാതെയാണ് എന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. മാത്രമല്ല പ്രമുഖരും അല്ലാത്തവരുമായ പതിമൂന്ന് പേര്‍ക്ക് വരെ ഒരു ദിവസം മാത്രം സന്ദര്‍ശനം അനുവദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സന്ദര്‍ശനങ്ങള്‍ വിവാദത്തിലായതോടെ പോലീസ് ഇടപെട്ടിരുന്നു. തുടര്‍ന്ന് കോടതി ദിലീപിന്റെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.